Times Kerala

പ്രൊഫ. പി ബാലറാം ആര്‍ജിസിബി സ്ഥാപകദിന പ്രഭാഷണം നടത്തും

 
പ്രൊഫ. പി ബാലറാം ആര്‍ജിസിബി സ്ഥാപകദിന പ്രഭാഷണം നടത്തും

തിരുവനന്തപുരം: ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് മുന്‍ ഡയറക്ടര്‍  പ്രൊഫ.പി ബാലറാം  രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയുടെ  (ആര്‍ജിസിബി) സ്ഥാപകദിന പ്രഭാഷണം നടത്തും.”രസതന്ത്രവും ജീവശാസ്ത്രവും പ്രകൃതിയുടെ ഐക്യവും” എന്നതാണ് നവംബര്‍ 25 ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന പ്രഭാഷണത്തിന്‍റെ മുഖ്യവിഷയം.

ദശാബ്ദങ്ങള്‍ നീണ്ട ഔദ്യോഗിക ജീവിതത്തിനിടയില്‍  മോളിക്കുലാര്‍ ബയോഫിസിക്സിലും കെമിക്കല്‍ ബയോളജിലും സമഗ്ര സംഭാവനകള്‍ നല്‍കിയ പ്രൊഫ. പത്മനാഭന്‍ ബാലറാം പത്മശ്രീ, പത്മഭൂഷണ്‍ ബഹുമതികള്‍ സ്വന്തമാക്കിയിട്ടുണ്ട്. ശാസ്ത്ര പ്രസിദ്ധീകരണമായ കറന്‍റ് ജേണലിന്‍റെ എഡിറ്ററായി സേവനമനുഷ്ഠിച്ച  1995 – 2013  കാലയളവില്‍  ശാസ്ത്രത്തേയും ശാസ്ത്രജ്ഞന്‍മാരേയും പരാമര്‍ശിക്കുന്ന 300 ല്‍ അധികം എഡിറ്റോറിയലുകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്.

പൂനെ യൂണിവേഴ്സിറ്റിയില്‍ നിന്നും  ബിരുദവും  ഐഐടി കാണ്‍പൂരില്‍ നിന്നും  ബിരുദാനന്തര ബിരുദവും അമേരിക്കയിലെ കാര്‍നെഗീ മെലോണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും പിഎച്ച്ഡിയും നേടിയ അദ്ദേഹം ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ റിസര്‍ച്ച് അസോസിയേറ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ ബെംഗളൂരു നാഷണല്‍ സെന്‍റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസില്‍ ഡിഎസ്ടി-വൈഒഎസ് ചെയര്‍ പ്രൊഫസറായി പ്രവര്‍ത്തിക്കുന്നു. അമേരിക്കന്‍ പെപ്റ്റൈഡ് സൊസൈറ്റിയുടെ ആര്‍ ബ്രൂസ് മെറിഫീല്‍ഡ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

https://global.gototmeeting.com/join/791621653 എന്ന ലിങ്കില്‍ പ്രഭാഷണം കാണാനാകും.

കേന്ദ്ര സര്‍ക്കാരിന്‍റെ സയന്‍സ് ആന്‍ഡ് ടെക്നോളജി മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ ശാസ്ത്ര ഗവേഷണ സ്ഥാപനമാണ് ആര്‍ജിസിബി.

Related Topics

Share this story