Times Kerala

ശബരിമലയിലേക്കുള്ള പരമ്പരാഗത പാത

 
ശബരിമലയിലേക്കുള്ള പരമ്പരാഗത പാത

എരുമേലിയിൽ നിന്ന്‌ പമ്പയിലേക്കുള്ള ഉദ്ദേശം 51 കിലോമീറ്റർ ദൈർഘ്യം വരുന്ന പരമ്പരാഗതമായ കാനനപാത വളരെ പ്രാധാന്യമർഹിക്കുന്നതാണ്‌. ഒട്ടേറെ പുണ്യസ്ഥലങ്ങൾ താണ്ടി കാനനത്തിലൂടെ കാൽനടയായുള്ള ഈ യാത്ര ഭക്തർക്ക്‌ ആത്മനിർവൃതിയേകുന്ന ഒന്നാണ്‌. പേരൂർ തോട്‌, ഇരുമ്പൂന്നിക്കര, അരശുമുടിക്കോട്ട, കാളകെട്ടി, അഴുതാനദി, കല്ലിടാംകുന്ന്‌, ഇഞ്ചിപ്പാറക്കോട്ട, മുക്കുഴി, കരിയിലാം തോട്‌, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം എന്നിവയാണ്‌ എരുമേലിയ്‌ക്കും പമ്പയ്‌ക്കും ഇടയ്‌ക്കുള്ള പുണ്യസങ്കേതങ്ങൾ. എരുമേലിയിൽ നിന്ന്‌ കാളകെട്ടി വരെ 11 കിലോമീറ്ററും കാളകെട്ടിയിൽ നിന്ന്‌ അഴുതയിലേയ്‌ക്ക്‌ രണ്ടര കിലോമീറ്ററും അഴുതയിൽ നിന്ന്‌ പമ്പവരെ 37 കിലോമീറ്ററുമാണ്‌ ദൂരം. പേരൂർ തോടിൽ നിന്ന്‌ ഇരുമ്പൂന്നിക്കരയിലേയ്‌ക്ക്‌ മൂന്നു കിലോമീറ്ററുണ്ട്‌. ഇരുമ്പൂന്നിക്കരയിൽ നിന്ന്‌ കാനനം ആരംഭിക്കുന്നു. ഇരുമ്പൂന്നിക്കരയിൽ നിന്ന്‌ അരശുമുടിക്കോട്ടയിലേക്കും മൂന്ന്‌ കിലോമീറ്ററാണ്‌ ദൂരം. അവിടെ നിന്ന്‌ കാളകെട്ടിയ്‌ക്ക്‌ 5 കിലോമീറ്ററും. അയ്യപ്പഭക്തന്മാർ ആദ്യമെത്തുന്ന പുണ്യസങ്കേതമാണ്‌ എരുമേലി. പന്തളരാജാവായിരുന്ന രാജശേഖരപാണ്ഡ്യൻ നിർമ്മിച്ച ഒരു ശാസ്‌താക്ഷേത്രം ഇവിടെയുണ്ട്‌. ശാസ്‌താക്ഷേത്രത്തിൽ നിന്നും അധികം അകലെയല്ലാതെ അയ്യപ്പന്റെ വിശ്വസ്‌ത അനുയായിയും മുസ്ലീം യോദ്ധാവുമായിരുന്ന വാവരുടെ പള്ളി കാണാം. എരുമേലിയിൽ നിന്നും കാൽനടയായി പുറപ്പെട്ട്‌ പുണ്യസങ്കേതമായ പേരൂർ തോട്ടിലെത്തുന്ന തീർത്ഥാടകർ അവിടെ വിശ്രമിച്ചശേഷം യാത്ര തുടരുന്നു. തുടർന്ന്‌ ഇരുമ്പൂന്നിക്കരയും അരശുമുടിയും താണ്ടി ഭക്തർ കാളകെട്ടിയിലെത്തുന്നു. മണികണ്‌ഠന്റെ മഹിഷീനിഗ്രഹത്തിന്‌ സാക്ഷ്യം വഹിക്കാനെത്തിയ ശ്രീപരമേശ്വരൻ തന്റെ കാളയെ കെട്ടിയിട്ട സ്ഥലമാണത്രേ കാളകെട്ടി. കാളകെട്ടിയിലെ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം ഭക്തർ പ്രകൃതിസുന്ദരമായ അഴുതാനദിക്കരയിലെത്തി വിശ്രമിക്കുന്നു. അടുത്തദിനം രാവിലെ അഴുതാനദിയിൽ മുങ്ങിക്കുളിച്ച്‌ ഒരു ചെറിയ കല്ലുമെടുത്ത്‌ യാത്ര തുടരുന്ന അയ്യപ്പഭക്തർ കാനനപാത താണ്ടി കല്ലിടാംകുന്നിലെത്തുന്നു. മണികണ്‌ഠൻ മഹിഷിയുടെ ഭൗതികദേഹം കല്ലും മണ്ണും വാരിയിട്ട്‌ സംസ്‌ക്കരിച്ചതിന്റെ ഓർമ്മയ്‌ക്ക്‌ അഴുതയിൽ നിന്നെടുത്ത കല്ല്‌ ഭക്തർ ഇവിടെ ഇടുന്നു. തുടർന്ന്‌ കാട്ടുവഴിയിലൂടെ നടന്ന്‌ മുക്കുഴിയിലെത്തി വിശ്രമിക്കുന്നു. പിറ്റേദിവസം രാവിലെ കരിയിലാംതോടും കടന്ന്‌ കരിമലയുടെ അടിവാരത്തെത്തുന്നു. മണ്ണിന്‌ കറുപ്പുനിറമായതുകൊണ്ടാണ്‌ ഈ മലയ്‌ക്ക്‌ കരിമല എന്ന്‌ പേരുവന്നതത്രേ. തുടർന്ന്‌ ഭക്തർ ശരണംവിളിച്ചുകൊണ്ട്‌ കഠിനമായ കരിമല കയറ്റം ആരംഭിക്കുന്നു. കരിമലമുകളിൽ കരിമലനാഥനെ വണങ്ങി യാത്രതുടരുന്ന അയ്യപ്പന്മാർ ചെറിയാനവട്ടം, പെരിയാനവട്ടം എന്നീ സ്ഥലങ്ങൾ പിന്നിട്ട്‌ പുണ്യനദിയായ പമ്പയുടെ തീരത്ത്‌ എത്തിച്ചേരുന്നു.

Related Topics

Share this story