Times Kerala

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാം; സ്വപ്നയുടേതെന്ന പേരിൽ പ്രചരിക്കുന്ന ശബ്ദരേഖയിൽ അന്വേഷണം

 
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാം; സ്വപ്നയുടേതെന്ന പേരിൽ പ്രചരിക്കുന്ന ശബ്ദരേഖയിൽ അന്വേഷണം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ പേരില്‍ പ്രചരിക്കുന്ന ശബ്ദരേഖയെ കുറിച്ച് ജയില്‍ വകുപ്പ് അന്വേഷണം ആരംഭിച്ചു. ജയിലിൽ നിന്നെന്ന രീതിയിലാണ് ശബ്ദരേഖ പ്രചരിക്കുന്നത്. ദക്ഷിണ മേഖല ഡിഐജി അജയകുമാറിനാണ് അന്വേഷണ ചുമതല. സ്വപ്‌നയ്‌ക്കെതിരെ യുഎപിഎ ചുമത്തിയതു മുതല്‍ അവർ അട്ടക്കുളങ്ങര വനിത ജയിലിലാണ്. ഈ കാലയളവില്‍ സ്വപ്‌ന ഒരിക്കല്‍ മാത്രമാണ് ഫോണ്‍ വിളിച്ചത്, അത് അമ്മയെയാണ്. അമ്മ, സഹോദരന്‍, ഭര്‍ത്താവ് രണ്ട് മക്കള്‍ തുടങ്ങി അഞ്ച് പേര്‍ മാത്രമാണ് സന്ദര്‍ശനം നടത്തിയത്. അതും സന്ദര്‍ശകരുടെ ഫോണുകള്‍ പിടിച്ചുവച്ചശേഷം കസ്റ്റംസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. സ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന് വാക്ക് നല്‍കി മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ അന്വേഷണ ഏജന്‍സികള്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. ശബ്ദരേഖ സ്വപ്‌നയുടേതാണോ അതോ ആരെങ്കിലും കൃത്രിമമായി സൃഷ്ടിച്ചതാണോ എന്നതിൽ ഇപ്പോൾ അന്വേഷണം നടക്കുകയാണ്. സ്വപ്‌നയുടേതെന്ന് കണ്ടെത്തിയാല്‍ അന്വേഷണ ഏജന്‍സികള്‍ക്കെതിരായ സര്‍ക്കാരിന്റെ ആരോപണം സാധൂകരിക്കുന്നതാകും. കൂടാതെ, ആ ശബ്ദരേഖ എങ്ങനെ പുറത്തുപോയി എന്നതും, കൃത്യമമായി ഉണ്ടാക്കിയതാണെങ്കിൽ അതിനു പിന്നിൽ പ്രവർത്തിച്ചതാരാണെന്നും കണ്ടെത്തേണ്ടിയിരിക്കുന്നു. മുൻപ്, സ്വപ്ന ഒളിവിലായിരുന്ന സമയത്തും സർക്കാരിനെ അനുകൂലിച്ചു സ്വപ്നയുടേതെന്ന പേരിൽ ശബ്ദരേഖ പ്രചരിച്ചിരുന്നു.

Related Topics

Share this story