Times Kerala

കോവിഡ്; ആന്റിബോഡികളുടെ സാന്നിധ്യം ഇനി ഉമിനീർ ഉപയോഗിച്ച് കണ്ടെത്താം

 

രക്തത്തിനു പകരം ഉമിനീർ ഉപയോഗിച്ച് ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്താമെന്ന് അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് ബ്ലൂംബെർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്. കോവിഡ് കണക്കുകൾ ഉയരുന്ന ഈ അവസ്ഥയിൽ ഉമിനീർ ഉപയോഗിച്ച് ആന്റിബോഡികളുടെ സാന്നിധ്യം സാംപിളെടുത്ത് മണിക്കൂറുകൾക്കുള്ളിൽ തിരിച്ചറിയാനാകുമെന്ന് ഗവേഷകർ പറയുന്നു. സാർസ് കോവ്-2 ബാധിക്കപ്പെട്ടെന്ന് തെളിഞ്ഞ 24 രോഗികളുടെയും ഉമിനീരിൽ ലക്ഷണങ്ങൾ വന്ന് രണ്ടാഴ്ചയ്ക്ക് ശേഷം ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയതായി ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. കോവിഡ് മഹാമാരിക്ക് മുൻപ് ശേഖരിച്ച് വച്ചിരുന്ന സാംപിളുകൾ 100 ശതമാനവും പരിശോധനയിൽ നെഗറ്റീവ് ഫലവും കാണിച്ചു. ഇത്തരത്തിലുള്ള 134 സാംപിളുകളാണ് നെഗറ്റീവായത്. ഇത് പരിശോധനയുടെ കൃത്യത ഉറപ്പ് നൽകുന്നതായി ഗവേഷകർ പറയുന്നു. കോവിഡ് ബാധിതരുടെ രക്തത്തിൽ ആന്റിബോഡികൾ കണ്ട് തുടങ്ങുന്ന കാലയളവിൽ തന്നെ ഉമിനീരിലും അവയുടെ സാന്നിധ്യമുണ്ടാകുമെന്നും പരീക്ഷണങ്ങൾ വെളിപ്പെടുത്തുന്നു. IgM ആന്റിബോഡികൾ അണുബാധയുടെ ആദ്യ ഘട്ടത്തിലും IgG ആന്റിബോഡികൾ പിന്നീടുമാണ് ശരീരത്തിലുണ്ടാകുന്നത്. കോവിഡ് രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങി 10 ദിവസങ്ങൾക്ക് ശേഷം ശരീരത്തിൽ കണ്ട് തുടങ്ങുന്ന IgG ആന്റിബോഡികൾ മാസങ്ങളോളം രക്തത്തിലും ഉമിനീരിലും തുടരാം. ക്ലിനിക്കൽ മൈക്രോ ബയോളജി ജേണലിലാണ് ഇത് സംബന്ധിച്ച പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

Related Topics

Share this story