Times Kerala

മദ്യപാനം പൂര്‍ണമായി നിര്‍ത്താന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍!

 
മദ്യപാനം പൂര്‍ണമായി നിര്‍ത്താന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍!

ഒരു തമാശയ്‌ക്കാണ്‌ പലരും അത്‌ തുടങ്ങുന്നത്‌. ആദ്യം ഒരു രസത്തിനൊന്ന്‌ രുചിച്ചു നോക്കും. ചിലപ്പോള്‍ അടുത്ത സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയൊരു ചിയേഴ്‌സായിരിക്കുമത്‌. അല്ലെങ്കില്‍ പാര്‍ട്ടിയിലോ സൂഹൃത്തിന്റെ വിവാഹ രാത്രിയിലോ തന്റെ ആണത്തത്തിനൊരു കുറച്ചിലാവണ്ട എന്നുകരുതിയാവും. കയ്‌ച്ച്‌, ചവര്‍പ്പ്‌ നിറച്ച്‌ എരിഞ്ഞ്‌ കത്തിയൊരു പിടുത്തം. ജീവിതത്തിലൊരിക്കലും താനിത്‌ കൈ കൊണ്ട്‌ തൊടില്ലെന്ന്‌ അപ്പോള്‍ കരുതും. പിന്നെ പതിയെ ഒരു ലാഘവം തോന്നിത്തുടങ്ങും. ഭാരമില്ലാതെ അപ്പൂപ്പന്‍ താടിപോലെ ഒഴുകി നടക്കുന്ന ഫീലിങ്‌. എപ്പോള്‍ ഉറങ്ങിയെന്ന്‌ പോലും അറിയില്ല. എഴുന്നേല്‍ക്കുമ്പോള്‍ ചെറിയൊരു ഹാങ്‌ഓവര്‍. വേണ്ടായിരുന്നെന്ന്‌ തോന്നും. പിന്നെ എേപ്പാഴെങ്കിലും ആരെങ്കിലും വൈകിട്ടെന്താ പരിപാടിയെന്ന്‌ ചോദിക്കുമ്പോള്‍ ആ പഴയ അപ്പൂപ്പന്‍ താടി ഓര്‍മ്മ വരും. പിന്നെപ്പിന്നെക്കരുതും കുടിച്ചാലെന്താ തനിക്കിതെപ്പോഴും നിറുത്താനാവുമല്ലോ എന്ന്‌. നിറുത്താനാവില്ലെങ്കിലും ആ കരുതലൊരു ധൈര്യം തരും, എന്നും അപ്പൂപ്പന്‍ താടിയാകാന്‍. പക്ഷേ പാമ്പായിത്തുടങ്ങിയാലും ആത്മവിശ്വാസത്തിന്‌ തൊണ്ണൂറ്‌ കാരറ്റ്‌ മാറ്റായിരിക്കും. പക്ഷേ അപ്പോഴേക്കും രസം രോഗമായി മാറിയിരിക്കും.മദ്യാസക്തി വെറും ദുശ്ശീലമല്ല. രോഗമാണ്‌. ചികില്‍സിച്ചു മാറ്റേണ്ട രോഗം. വ്യക്തിയുടെ ശാരീരിക, മാനസിക ആരോഗ്യത്തെയും കുടുംബ, സാമുഹിക ബന്ധങ്ങളെയും ജോലിയുടെ ഉത്തരവാദിത്തങ്ങളെയും ബാധിച്ചു തുടങ്ങുമ്പേഴാണ്‌ കുടി വെറും കുടിയല്ലാതായി മാറുന്നത്‌. അത്‌ മദ്യാസക്തിയെന്ന രോഗമാണ്‌.മദ്യാസക്തിയുടെ

ലക്ഷണങ്ങള്‍

1.മദ്യപാനം കേന്ദ്രനാഡീ വ്യവസ്ഥയെ തളര്‍ത്തുന്നു.ഇത്‌ പ്രവര്‍ത്തനോല്‍സുകത, ഉത്‌കണ്‌ഠ, വൈകാരിക പ്രതികരണം, മാനസിക പിരിമുറുക്കം എന്നിവ കുറയാന്‍ കാരണമാകുന്നു.
2.വളരെ കുറച്ച്‌ കുടിച്ചാല്‍ പോലും അത്‌ സ്വഭാവ മാറ്റത്തിനും ചലന കഴിവുകളും ചിന്താശേഷിയും കുറയാനും കാരണമാകുന്നു.
3.ഏകാഗ്രതയെയും തീരുമാനമെടുക്കാനുള്ള കഴിവിനെയും തകരാറിലാക്കുന്നു.
4. കുടിയുടെ അളവ്‌ കൂടുമ്പോള്‍ മത്ത്‌ പിടിച്ച അവസ്ഥ (പാമ്പാകല്‍)

മറ്റു ലക്ഷണങ്ങള്‍

വയറു വേദന
ആശയക്കുഴപ്പം
ഒറ്റക്കിരുന്നുള്ള കുടി
കുടിച്ച ശേഷം അക്രമാസക്തനാകല്‍
കുടിയെ ഏതിര്‍ത്താല്‍ പകയോടെ പെരുമാറല്‍
കുടിയിലെ നിയന്ത്രണമില്ലായ്‌മ(കുറയ്‌ക്കാനോ നിറുത്താനോ കഴിയാതാവുക)
കുടിക്കാനായി ഒഴിവു കഴിവുകള്‍ പറയുക
ഓക്കാനം, ചര്‍ദ്ദി
കുടിക്കാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥ
ഭക്ഷണത്തോട്‌ വിരക്തി
വേഷത്തില്‍ തീരെ ശ്രദ്ധയില്ലാതിരിക്കുക
മരവിപ്പും വിറയലും
കുടി മറച്ചുവെക്കാനുള്ള ശ്രമം
പ്രഭാതത്തില്‍ വിറയല്
‍ഇത്തരക്കാര്‍ കുടി നിര്‍ത്താന്‍ ശ്രമിച്ചാല്‍ പിന്മാറ്റ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും.മദ്യാസക്തിയുമായി തലച്ചോര്‍ പൊരുത്തപ്പെട്ടുകയും കുടിക്കാതെ ഒന്നും ചെയ്യാനാവാത്ത അവസ്ഥ സംജാതമാവുകയും ചെയ്‌തതിനാലാണ്‌ ഇങ്ങിനെ സംഭവിക്കുന്നത്‌. പ്രധാന പിന്മാറ്റ ലക്ഷണങ്ങള്‍ ഇവയാണ്‌.

ഉത്‌കണ്‌ഠ
മതിഭ്രമം
ചിലപ്പോള്‍ മരണം തന്നെ സംഭവിക്കാം
ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം
വിശപ്പില്ലായ്‌മ, ഓക്കാനം, ചര്‍ദ്ദി.
മാനസിക രോഗം(സൈക്കോസിസ്‌)
ഉയര്‍ന്ന ശരീര താപനില
ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ്‌
അസ്വസ്ഥത
വിറ
ബോധക്ഷയം
ചികില്‍സതാന്‍ നിയന്ത്രണമില്ലാതെ കുടിക്കുന്നയാളാണെന്ന്‌ ഒരു മദ്യപാനിയും ഒരിക്കലും സമ്മതിക്കില്ല. തനിക്ക്‌ എപ്പോള്‍ വേണമെങ്കിലും കുടി നിറുത്താനാവുമെന്ന്‌ വീമ്പിളക്കുകയും ചെയ്യും. കുടിയുടെ എണ്ണവും അളവും കുറച്ചുകൊണ്ടുവന്ന്‌ ഒരു വിഭാഗം കുഴപ്പക്കാരായ കുടിയന്മാരെ രക്ഷപ്പെടുത്താന്‍ കഴിയും. എന്നാല്‍ മദ്യാസക്തരുടെ കാര്യത്തില്‍ പൂര്‍ണ്ണ മദ്യ വിമുക്തി തന്നെയാണ്‌ വേണ്ടത്‌. മദ്യവിമുക്തി ചികില്‍സയ്‌ക്ക്‌ മൂന്നു ഘട്ടങ്ങളാണുള്ളത്‌.

ഇടപെടല്‍
ഡീടോക്‌സ്‌ഫിക്കേഷന്‍(വിഷമിറക്കല്‍)
പുനരധിവസിപ്പിക്കല്
‍ഇടപെടല്‍
കുടി കൈവിട്ടു പോകുന്നത്‌ പലപ്പോഴും കുടിയന്മാര്‍ അറിയാറില്ല. മദ്യപാനത്തിന്റെ പ്രത്യഘാതങ്ങള്‍ ബോധ്യപ്പെടുത്തുകൊണ്ടാണ്‌ മദ്യാസക്തരെ നേരിടേണ്ടതെന്നാണ്‌ മുന്‍കാലത്ത്‌ ചികില്‍സകര്‍ ധരിച്ചിരുന്നത്‌. എന്നാല്‍ അനുകമ്പയും അനുതാപവും കൊണ്ടാണ്‌ ചികില്‍സതുടങ്ങേണ്ടതെന്നാണ്‌ പുതിയ ഗവേഷണങ്ങള്‍ പറയുന്നത്‌. അതായിരിക്കും കൂടുതല്‍ പ്രയോജനം ചെയ്യുന്നത്‌.മദ്യാസക്തിയില്‍ നിന്ന്‌ വിമുക്തരാക്കാന്‍ കുടുംബാംഗങ്ങളും തൊഴിലുടമയുമൊക്കെ കൂടുതല്‍ ആത്മാര്‍ഥതയും സഹായ മനസ്സുമൊക്കെ കാണിക്കുന്ന സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ മദ്യപാനികള്‍ ചികില്‍സക്കെത്തുന്നതായി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്‌.

ഡീടോക്‌സിഫിക്കേഷന്‍

കൃത്യമായ മേല്‍നോട്ടത്തിനും നിയന്ത്രണത്തിനും കീഴിലായിരിക്കണം മദ്യവിമുക്തിക്കുള്ള ശ്രമങ്ങള്‍ നടത്തേണ്ടത്‌. മരുന്നുകള്‍ ഉപയോഗിച്ച്‌ പിന്മാറ്റ ലക്ഷണങ്ങള്‍ ഒരു പരിധി വരെ കുറയ്‌ക്കാന്‍ കഴിയും. ഡീടോക്‌സിഫിക്കേഷന്‍ പ്രക്രിയ നാല്‌ മുതല്‍ ഏഴ്‌ ദിവസം വരെ നീളും.സാധാരണ കാണപ്പെടുന്ന മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള പരിശോധനകളും ഇതോടൊപ്പം നടത്തണം. ഉദാഹരണത്തിന്‌ കരള്‍ പരിശോധന, രക്തം കട്ടപിടിക്കുന്നതില്‍ പ്രശ്‌നങ്ങളുണ്ടോ എന്ന്‌ കണ്ടെത്തുന്നതിനുള്ള പരിശോധന പോലുള്ളവ.കൂടാതെ സമീകൃതാഹാരവും വൈറ്റമിന്‍ സപ്‌ളിമെന്റുകളും നല്‍കണം.മദ്യപാനം നിറുത്തുമ്പോള്‍ ശ്രദ്ധയും ബോധവുമൊക്ക നഷ്ടപ്പെടുന്ന കടുത്ത മയക്കം പോലുള്ള സങ്കീര്‍ണ്ണമായ മറ്റു പ്രശ്‌നങ്ങളും ഉണ്ടാകാം.വിഷാദം, മാനസിക ഭാവങ്ങള്‍ക്കുണ്ടാവുന്ന മറ്റു തകരാറുകള്‍ തുടങ്ങിയവയുണ്ടെങ്കില്‍ കൃത്യമായി കണ്ടെത്തുകയും ചികില്‍സിക്കുകയും വേണം.

പുനരധിവസിപ്പിക്കല്
‍ഡീടോക്‌സിഫിക്കേഷനു ശേഷമുള്ള സൗഖ്യമാക്കല്‍ പുനരധിവസിപ്പിക്കല്‍ പദ്ധതികള്‍ മദ്യത്തില്‍ നിന്ന്‌ അകന്നു നില്‍ക്കാന്‍ സഹായിക്കും.കൗണ്‍സലിംഗ്‌, മാനസിക പിന്തുണ നല്‍കല്‍, പരിചരണം, ആരോഗ്യ പരിപാലനം തുടങ്ങിയവടങ്ങിയതാണിത്‌. മദ്യാസക്തിയുടെ പ്രത്യഘാതങ്ങളെക്കുറിച്ച്‌ ബോധവത്‌കരണവും നല്‍കണം. അധിക മദ്യ വിമുക്തി കേന്ദ്രങ്ങളിലും ജീവനക്കാരും റോള്‍ മോഡലുകളായും പ്രവര്‍ത്തിക്കുന്നത്‌ മദ്യാസക്തിയില്‍ നിന്നും വിമുക്തി നേടിക്കെണ്ടിരിക്കുന്നവരാണ്‌. പുനരധിവാസ പദ്ധതികള്‍ രോഗികളെ ഒരു കേന്ദ്രത്തില്‍ താമസിപ്പിച്ചുകൊണ്ടും അല്ലാതെയും നടത്താം.മദ്യവിമുക്തി പ്രക്രിയക്കിടെ വീണ്ടും പഴയ മദ്യപാനശീലത്തിലേക്ക്‌ മടങ്ങിപ്പോകാനുള്ള സാധ്യത കൂടുതലാണ്‌. ഇതിനെ റിലാപ്‌സ്‌ എന്നാണ്‌ വിളിക്കുന്നത്‌. റിലാപ്‌സിനെ പ്രതിരോധിക്കാനായി നല്‍കുന്ന മരുന്നുകള്‍ ഇവയാണ്‌.
അക്കാംപ്രോസേറ്റ്‌: മദ്യാസക്തിയില്‍ നിന്ന്‌ വിമുക്തി നേടുന്നവരില്‍ റിലാപ്‌സ്‌ ലക്ഷണങ്ങള്‍ കുറയ്‌ക്കാനായി നല്‍കുന്ന പുതിയ മരുന്നാണിത്‌.
ഡൈസള്‍ഫിറാം: ഈ മരുന്ന്‌ കഴിച്ച ശേഷം രണ്ടാഴ്‌ചക്കുള്ളില്‍ വളരെ കുറഞ്ഞ അളവില്‍ മദ്യപിച്ചാല്‍ പോലും അസുഖകരമായ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാവും.
നാള്‍ട്‌റെക്‌സോണ്‍(വിവിട്രോള്‍): ഈ മരുന്ന്‌ മദ്യത്തിനുള്ള കൊതികുറയ്‌ക്കും. ഇന്‍ജക്ഷന്‍ രൂപത്തിലും ലഭ്യമാണ്‌. ഗര്‍ഭിണികളും പ്രത്യേക രോഗങ്ങളും ഉള്ളവര്‍ ഈ മരുന്നുകള്‍ കഴിക്കരുത്‌. പൂര്‍ണ്ണ മദ്യാസക്തി വിമുക്തിക്ക്‌ കൗണ്‍സലിംങ്‌ അടക്കമുള്ള ദീര്‍ഘ കാല ചികില്‍സ ആവശ്യമാണ്‌.മരുന്നുകളുടെയും കൗണ്‍സലിംങ്ങിന്റെയും പ്രയോജനക്ഷമത ഓരോരുത്തരിലും വ്യത്യസ്‌തമായിരിക്കും.കാരണങ്ങള്‍മദ്യാസക്തി എന്നാല്‍ മദ്യത്തിന്‌ അടിപ്പെടുന്ന അവസ്ഥയാണ്‌. മദ്യത്തോട്‌ ശാരീരികവും മാനസികവുമായി ആശ്രിതത്വം പുലര്‍ത്തുന്ന അസ്ഥയിലായിരിക്കും ഇക്കൂട്ടര്‍. മദ്യാസക്തി രണ്ട്‌ തരമുണ്ട്‌. ആശ്രിതത്വവും ദുരുപയോഗവും. മദ്യം ലഭ്യമാക്കാനം മദ്യപാനത്തിനുമായി ധാരാളം സമയവും ചെലവഴിക്കുന്നവരായിരിക്കും മദ്യത്തോട്‌ ആശ്രിതത്വം പുലര്‍ത്തുന്നവര്‍.

ശാരീരിക ആശ്രിതത്വത്തിന്റെ ലക്ഷണങ്ങള്‍

മദ്യപാനത്തിലൂടെ ഉദ്ദേശിച്ച ഫലം കിട്ടുന്നതിന്‌ കൂടുതല്‍ അളവ്‌ മദ്യപിക്കേണ്ടി വരുന്നു( ആല്‍ക്കഹോള്‍ ടോളറന്‍സ്‌ കൂടുന്നു)
മദ്യപാനം മൂലമുള്ള അസൂഖങ്ങള്‍
മദ്യപിച്ച ശേഷം പറഞ്ഞതോ ചെയ്‌തതോ ഓര്‍മ്മയില്ലാത്ത അവസ്ഥ(ബ്‌ളാക്കൗട്ട്‌ എന്നാണിതിന്‌ പറയുക).
കുടിക്കാതിരിക്കുമ്പോള്‍ പിന്മാറ്റ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക.
ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന തരത്തിലുള്ള ദീര്‍ഘവും അമിതവുമായ കുടി തീക്ഷ്‌ണമായ മദ്യാസക്തിയുടെ സ്വഭാവമാണ്‌. കുടിച്ചുതുടങ്ങുന്നകാലത്ത്‌ പലര്‍ക്കും കുടി നിയന്ത്രിക്കാനാവുമെങ്കിലും പിന്നീട്‌ നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടപ്പെടുകയാണ്‌ പതിവ്‌. മദ്യാസക്തിയിലേക്ക്‌ നയിക്കുന്ന അറിയപ്പെടുന്ന പൊതുവായ കാരണങ്ങളൊന്നുമില്ല. എന്നാല്‍ മദ്യാസക്തി ശക്തി പ്രാപിക്കുന്നതിനെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്‌. മാതാപിതാക്കളോ അടുത്ത ബന്ധുക്കളോ മദ്യപാനികളായ കുടുംബങ്ങളിലുള്ളവര്‍ മദ്യപാനികളാകാനുള്ള സാധ്യത അല്ലാത്തവരേക്കാള്‍ കൂടുതലാണ്‌. ചില ജീനുകള്‍ മദ്യാസക്തിക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ഗവേഷണങ്ങളില്‍ വ്യക്തമായിട്ടുണ്ട്‌. എന്നാല്‍ ആ ജീനുകളേതെന്നും അവ എങ്ങനെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്താനായിട്ടില്ല.
മദ്യാസക്തിയിലേക്ക്‌ നയിക്കുന്ന മാനസിക ഘടകങ്ങള്‍

ഉത്‌കണഠയില്‍ നിന്ന്‌ മോചനം നേടാനുള്ള താല്‍പര്യം
ബന്ധങ്ങളിലെ താളപ്പിഴകള്‍
വിഷാദം
ആത്മാഭിമാനക്കുറവ്‌സാമൂഹിക ഘടകങ്ങള്‍
എളുപ്പത്തിലുള്ള മദ്യ ലഭ്യത
അടുത്ത സുഹൃത്തുക്കളുടെ സമ്മര്‍ദ്ധം(നിര്‍ബന്ധം)
മ്‌ദ്യപാനത്തിന്‌ സമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യത
മാനസികപിരിമുറുക്കം നിറഞ്ഞ ജീവിതശൈലി
മദ്യപിക്കുന്നവരുടെ എണ്ണവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌.മലയാളി പതിമൂന്നാം വയസ്സില്‍ മദ്യം രുചിച്ചു തുടങ്ങുന്നതായി അടുത്തിടെ ഒരു പഠനത്തില്‍ വെളിപ്പെടുകയുണ്ടായി. 2500 കോടി രൂപയുടെ മദ്യമാണ്‌ പ്രതിവര്‍ഷം നാം കുടിച്ചു തീര്‍ത്തുകൊണ്ടിരിക്കുന്നത്‌.റോഡപകടങ്ങളും കുറ്റകൃത്യങ്ങളും ഗാര്‍ഹിക പീഡനങ്ങളും കേരളത്തില്‍ പെരുകുന്നതിനു പിന്നിലെ കാരണവും മറ്റൊന്നല്ല.

രോഗനിര്‍ണയം
ആഴ്‌ചയില്‍ 15 ഡ്രിങ്‌സ്‌ കഴിക്കുന്ന പുരുഷന്മാരും 12 ഡ്രിങ്‌സ്‌ കഴിക്കുന്ന സ്‌ത്രീകളും മദ്യാസക്തരാകാനുള്ള സാധ്യത കൂടുതലാണ്‌. ആഴ്‌ചയിലൊരിക്കലാണെങ്കിലും ഒറ്റത്തവണ അഞ്ചോ അതിലധികമോ ഡ്രിങ്‌സ്‌ കഴിക്കുന്നവരും ഈ ഗ്രൂപ്പില്‍ പെടും.( ഒരു ഡ്രിങ്‌സ്‌ എന്നാല്‍ 12 ഔണ്‍സ്‌ ബിയര്‍ അല്ലെങ്കില്‍ അഞ്ച്‌ ഔണ്‍സ്‌ വൈന്‍ അല്ലെങ്കില്‍ ഒന്നര ഔണ്‍സ്‌ മദ്യം ആണ്‌.). ഡോക്ടര്‍ രോഗിയോട്‌ മദ്യപാന ശീലത്തെക്കുറിച്ച്‌ ചോദിച്ചറിയണം. രോഗി പറയാന്‍ വിസമ്മതിക്കുകയോ അയാള്‍ക്ക്‌ അതിന്‌ കഴിയാതാവുകയോ ചെയ്‌താല്‍ ബന്ധുക്കളോട്‌ ചോദിച്ചറിയണം. മദ്യപാനവുമായി ബന്ധപ്പെട്ട ശാരീരിക പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ ശരീര പരിശോധന നടത്തണം.മദ്യത്തോടുള്ള ആശ്രയത്വം മനസ്സിലാക്കാന്‍ താഴെപ്പറയുന്ന ചോദ്യങ്ങളിലൂടെ സാധിക്കും:

മദ്യപിച്ച്‌ എപ്പോഴെങ്കിലും വാഹനമോടിച്ചിട്ടുണ്ടോ?
മുന്‍പ്‌ കുടിച്ചപ്പോള്‍ കിട്ടിയ അനുഭവം ലഭിക്കാനായി എപ്പോഴെങ്കിലും കൂടുതല്‍ കുടിക്കേണ്ടതായി വന്നിട്ടുണ്ടോ?
കുടിയുടെ അളവ്‌ കുറക്കണമെന്ന്‌ തോന്നിയിട്ടുണ്ടോ?
കുടി മൂലം ജോലി നഷ്ടപ്പെട്ടിട്ടുണ്ടോ?
നിങ്ങളുടെ മദ്യപാനത്തെക്കറിച്ച്‌ കുടുംബത്തിലുള്ളവര്‍ക്ക്‌ ആശങ്കയുണ്ടോ?
മദ്യാസക്തി കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍:

രക്തത്തിലെ ആല്‍ക്കഹോള്‍ നില പരിശോധിക്കല്‍( അടുത്തിടെ കുടിച്ചിട്ടുണ്ടോ എന്ന്‌ മനസ്സിലാക്കാന്‍ ഈ പരിശോധന സഹായിക്കും. എന്നാല്‍ മദ്യാസക്തി ഉറപ്പിക്കാനാവില്ല.)
സമ്പൂര്‍ണ്ണ ബ്‌ളഡ്‌ കൗണ്ട്‌ പരിശോധന(CBC)
ഫോളേറ്റ്‌ ടെസ്റ്റ്‌
കരളിന്റെ പ്രവര്‍ത്തനം പരിശോധിക്കല്‍
സെറം മഗ്നീഷ്യം ടെസ്റ്റ്‌
ടോട്ടല്‍ പ്രാട്ടീന്‍ ടെസ്റ്റ്‌
യൂറിക്‌ ആസിഡ്‌ പരിശോധന
രോഗപൂര്‍വനിരൂപണം(PROGNOSIS)

മദ്യാസക്തിയുള്ളവരില്‍ 15 ശതമാനം മാത്രമേ ചികില്‍സ തേടിയെത്തുന്നുള്ളൂ.ചികില്‍സക്ക്‌ ശേഷം വീണ്ടും മദ്യപാനം തുടങ്ങുന്നതും സാധാരണമാണ്‌. അതുകൊണ്ടു തന്നെ മദ്യവിമുക്തി നേടിയവര്‍ വീണ്ടും മദ്യാസക്‌തിയിലേക്ക്‌ വഴുതി വീഴാതിരിക്കാനായി നടത്തുന്ന തുടര്‍പരിശ്രമങ്ങല്‍ക്കും വൈകാരിക പിന്തുണയ്‌ക്കും ഏറെ പ്രാധാന്യമുണ്ട്‌. ചികില്‍സാ പദ്ധതികളുടെ വിജയം പലപ്പോഴും വ്യത്യസ്‌തമായിരിക്കും. എങ്കിലും ധാരാളം പേര്‍ക്ക്‌ ചികില്‍സയിലൂടെ പൂര്‍ണ്ണ മദ്യവിമുക്തി നേടാന്‍ കഴിയുന്നുണ്ട്‌. പ്രതിരോധംമദ്യപാനത്തെക്കുറിച്ചും അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചുമുള്ള ബോധവത്‌കരണ പരിപാടികള്‍ക്കും വൈദ്യോപദേശങ്ങള്‍ക്കും ഒരു പരിധിവരെ മദ്യപാനം തടയാന്‍ കഴിയും. മദ്യാസക്തിയെ കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യേണ്ടതുണ്ട്‌. പുരുഷന്മാര്‍ രണ്ട്‌ ഡ്രിങ്കില്‍ കൂടുതലും സ്‌ത്രീകള്‍ ഒരു ഡ്രിങ്കില്‍ കൂടുതലും ഒരു ദിവസം കുടിക്കാന്‍ പാടില്ലെന്നാണ്‌ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ആല്‍ക്കഹോള്‍ അബ്യൂസ്‌ ആന്റ്‌ ആല്‍ക്കഹോളിസം നിര്‍ദ്ദേശിക്കുന്നത്‌.

സങ്കീര്‍ണ്ണതകള്‍

മസ്‌തിഷ്‌ക ക്ഷയം
ശ്വാസ നാളം, അന്നനാളം, കരള്‍, വന്‍കുടല്‍ എന്നിവക്കുണ്ടാകുന്ന കാന്‍സര്‍
കരള്‍ വീക്കം(സീറോസിസ്‌)
ഡെലീറിയം ട്രെമെന്‍സ്‌(അപസ്‌മാരത്തിന്‌ സമാനമായ ലക്ഷണങ്ങള്‍ കണിക്കുന്ന ഒരു രോഗാവസ്ഥയാണിത്‌).
വിഷാദം
അന്നനാളത്തിലുണ്ടാകുന്ന ബ്‌ളീഡിംഗ്‌
ഹൃദയ പേശികള്‍ക്കുണ്ടാകുന്ന തകരാറ്‌
ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം
ഉറക്കമില്ലായ്‌മ
കരള്‍ രോഗങ്ങള്‍(മദ്യം മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ്‌)
ഓക്കാനം, ഛര്‍ദ്ദി
നാഡികള്‍ക്കുണ്ടാകുന്ന തകരാറുകള്‍
പാന്‍ക്രിയാറ്റൈറ്റിസ്‌
ജീവകങ്ങള്‍ ആഗിരണം ചെയ്യാന്‍ ശരീരത്തിന്‌ കഴിയാത്തത്‌ മൂലമുണ്ടാകുന്ന പോഷകക്കുറവ്‌
പുരുഷന്മാര്‍ക്കുണ്ടാകുന്ന ഉദ്ദാരണപ്രശ്‌നങ്ങള്‍
ഓര്‍മ്മ നശിക്കല്‍
സ്‌ത്രീകളില്‍ ആര്‍ത്തവ വിരാമം
ആത്മഹത്യ
വെര്‍ണിക്ക്‌-കേര്‍സാക്കോഫ്‌ സിന്‍ഡ്രോം
ഗര്‍ഭകാലത്തെ മദ്യപാനം ഗര്‍ഭസ്ഥ ശിശുവിന്‌ വൈകല്യങ്ങളുണ്ടാകാന്‍ കാരണമാകും. ഇതിലേറ്റവും ഗുരുതരമായത്‌ പെരുമാറ്റ പ്രശ്‌നങ്ങള്‍ക്കും ബുദ്ധി മാന്ദ്യത്തിനും കാരണമാകുന്ന ഫീറ്റല്‍ ആല്‍ക്കഹോള്‍ സിന്‍ഡ്രോമാണ്‌. ജീവിത കാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വൈകല്യങ്ങള്‍ക്ക്‌ കാരണമാകുന്ന ഫീറ്റല്‍ ആല്‍ക്കഹോള്‍ അഫക്‌ട്‌സ എന്ന അവസ്ഥ ഇതിന്റെ മറ്റൊരു രൂപമാണ്‌.എന്നാല്‍ മദ്യാസക്തിക്ക്‌ അടിപ്പെട്ടവര്‍ അതിന്റെ ശാരീരിക, മാനസിക പ്രത്യാഘാതങ്ങള്‍ പരിഗണിക്കാറില്ല എന്നതാണ്‌ ദുഖകരം. ആരോഗ്യ പ്രശ്‌നങ്ങള്‍ അധികരിച്ചു വരുന്നതിനൊപ്പം ഇത്തരക്കാരില്‍ കൂടുതല്‍ കുടിക്കാനുള്ള ആഗ്രഹവും വര്‍ദ്ധിച്ചുവരും.മദ്യാസക്തി ഇന്ന്‌ ഏറ്റവും വലിയ സാമൂഹിക, സാമ്പത്തിക, പൊതുജനാരോഗ്യ പ്രശിനമായി മാറിയിരിക്കുകയാണ്‌. വാഹനാപകട മരണങ്ങളിലും മറ്റു അപകട മരണങ്ങളിലും പകുതിയിലധികവും മദ്യം മൂലമുണ്ടാകുന്നതാണ്‌. ആത്മഹത്യാ നിരക്കിലെ വര്‍ദ്ധനയുടെ കാരണവും മറ്റൊന്നല്ല. ഗാര്‍ഹിക അതിക്രമങ്ങളിലേക്കും ജോലി നഷ്‌ടപ്പെടുന്നതിലേക്കും മറ്റനവധി നിയമ ലംഘനങ്ങളിലേക്കും ജനങ്ങളെ നയിക്കുന്നതും ഈ മദ്യപാന ശീലമാണ്‌.

Related Topics

Share this story