Nature

‘അരിയും പണവും അച്ഛൻ തട്ടിയെടുക്കുന്നു’; 10 കിലോമീറ്റർ നടന്ന് 11 കാരി പരാതിയുമായി കളക്ടർക്ക് മുന്നിൽ

ഒഡീഷ: അച്ഛനെതിരെ പരാതിയുമായി 11 വയസ്സുകാരി കളക്ടർക്ക് മുന്നിൽ. സ്കൂളിൽ നിന്ന് തനിക്ക് ലഭിച്ച പണവും അരിയും അച്ഛനെടുത്തുവെന്ന് ആരോപിച്ചാണ് ആറാം ക്ലാസുകാരി കളക്ടർക്ക് പരാതി നൽകിയത്. വീട്ടിൽ നിന്ന് 10 കിലോമീറ്റർ ദൂരം നടന്നാണ് പെൺകുട്ടി കളക്ടറുടെ ഓഫീസിൽ എത്തിയത്. സംഭവത്തിൽ ജില്ലാ ഭരണകൂടം ഇടപെടുകയും വേണ്ട നടപടികൾ സ്വീകരിക്കാൻ കളക്ടർ നിർദ്ദേശം നൽകുകയും ചെയ്തു.

ഒഡീഷയിലെ ഡുകുക ഗ്രാമത്തിലാണ് സംഭവം. സുശ്രീ സംഗീത സേഥി എന്ന പെൺകുട്ടിയാണ് പിതാവിനെതിരെ കളക്ടർക്ക് പരാതി നൽകിയത്. ഉച്ചഭക്ഷണ പദ്ധതിയനുസരിച്ച് സർക്കാർ നൽകിയ പണവും അരിയും പിതാവ് രമേശ് ചന്ദ്ര സേഥി തട്ടിയെടുത്തു എന്നായിരുന്നു കുട്ടിയുടെ പരാതി. ഉച്ചഭക്ഷണ പദ്ധതിയനുസരിച്ച് നൽകുന്ന പണം വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലാണ് സർക്കാർ നിക്ഷേപിക്കുന്നത്. എന്നാൽ, തൻ്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്കു പകരം പിതാവ് സ്വന്തം അക്കൗണ്ട് വിവരങ്ങളാണ് നൽകിയതെന്നും ആ അക്കൗണ്ടിലാണ് സർക്കാർ പണം നിക്ഷേപിക്കുന്നതെന്നും കുട്ടി പരാതിയിൽ ആരോപിക്കുന്നു.

തനിക്ക് പിതാവ് പണം നൽകാറില്ലെന്നും തനിക്ക് ലഭിക്കുന്ന അരി പിതാവ് വാങ്ങുന്നുവെന്നും കുട്ടി പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് അനുവദിച്ച പണം ഉടൻ തന്നെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കളക്ടർ നിർദ്ദേശം നൽകി. പണവും അരിയും വീണ്ടെടുക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാനും കളക്ടർ ഉത്തരവിട്ടു.

കുട്ടിയുടെ അമ്മ രണ്ട് വർഷം മുൻപ് മരിച്ചു. തുടർന്ന് പിതാവ് രണ്ടാമത് വിവാഹം കഴിച്ചിരുന്നു. എന്നാൽ, പിതാവോ രണ്ടാനമ്മയോ കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തിരുന്നില്ല. അമ്മാവന്റെ സംരക്ഷണയിലാണ് കുട്ടി ഇപ്പോൾ കഴിയുന്നത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.