Nature

സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ ആഗോള ചരക്കു നീക്കത്തിന് ഐബിഎസ്സിന്‍റെ ‘ഐകാര്‍ഗോ’

തിരുവനന്തപുരം: ആഗോള ചരക്കു നീക്കത്തെ ഏകീകൃതവും സമഗ്രവുമായ ഡിജിറ്റല്‍ കാര്‍ഗോ പ്ലാറ്റ്ഫോമിലാക്കുന്നതിന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് (എസ്ഐഎ), ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ സേവനം ഉപയോഗപ്പെടുത്തും. ഐബിഎസ്സിന്‍റെ ‘ഐകാര്‍ഗോ’ എന്ന സാസ് അധിഷ്ഠിത മാനേജ്മെന്‍റ് സംവിധാനം വിന്യസിച്ചാണിത്.

ഇതിന്‍റെ ഭാഗമായി വിമാനക്കമ്പനി അതിന്‍റെ വില്‍പ്പന, ഇറക്കുമതി, കയറ്റുമതി ഇടപാടുകളും വരുമാനക്കണക്കുകള്‍ രേഖപ്പെടുത്തല്‍, എയര്‍മെയില്‍ കൈകാര്യം ചെയ്യല്‍ എന്നിവയെല്ലാം ഇപ്പോഴത്തെ സംവിധാനത്തില്‍ നിന്ന് ഐകാര്‍ഗോയിലേക്കു മാറ്റും. അതുവഴി അവര്‍ക്ക് കാര്‍ഗോ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി ഉയര്‍ത്താനും കയറ്റിറക്കുമതി വഴിയുള്ള നേട്ടങ്ങളും വരുമാനവും വര്‍ദ്ധിപ്പിക്കാനും മൊത്തത്തിലുള്ള പ്രവര്‍ത്തനം മെച്ചമാക്കാനും പങ്കാളികളുമായുള്ള അപരിമിതമായ സഹകരണം ഉറപ്പാക്കാനും കഴിയും.

കൊവിഡ്19 മഹാമാരി വ്യോമചരക്കു ഗതാഗത മേഖലയില്‍ ഡിജിറ്റല്‍വത്ക്കരണം ഉള്‍പ്പെടെയുള്ള മാറ്റത്തിന് പ്രേരകമാകുന്ന വെല്ലുവിളി ഉയര്‍ത്തി. ഈ മേഖലയില്‍ എസ്ഐഎയുടെ ഡിജിറ്റല്‍ ശേഷികള്‍ മെച്ചമാക്കാനും ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള സേവന നിലവാരം ഉയര്‍ത്താനും ഐകാര്‍ഗോയ്ക്കുള്ള മികവ് ഉപയോഗപ്പെടുത്തും. അതിനൊപ്പം ആഗോളതലത്തിലെ വ്യാപാര നിലവാരവും പുതുസംരംഭങ്ങളുമനുസരിച്ച് സേവനങ്ങള്‍ ക്രമപ്പെടുത്താനും കഴിയുമെന്നും സിംഗപ്പൂര്‍ എയര്‍ലൈന്‍സ് കാര്‍ഗോ വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്‍റ് ശ്രീ ചിന്‍ യൂ സെംഗ് പറഞ്ഞു.

വ്യോമയാന രംഗത്ത് നൂതനത്വവുമായി ചേര്‍ന്നുനില്‍ക്കുന്ന വിഖ്യാതമായ ബ്രാന്‍ഡാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ സീനിയര്‍ വൈസ് പ്രസിഡന്‍റും ഏഷ്യാ പസഫിക് മേധാവിയുമായ ശ്രീ ഗൗതം ശേഖര്‍ പറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധിഘട്ടത്തില്‍ ഐകാര്‍ഗോ ഉപയോഗപ്പെടുത്തുന്ന മറ്റ് ഉപഭോക്താക്കള്‍ക്കൊപ്പം സിംഗപ്പൂര്‍ എയര്‍ലൈന്‍സിനെ സസന്തോഷം സ്വാഗതം ചെയ്യുകയാണ്. അവരുടെ ഉപഭോക്താക്കള്‍ക്കും പങ്കാളികള്‍ക്കും പ്രയോജനകരമാകുന്ന വിധത്തില്‍ ഇരുടീമുകളും യോജിച്ച് അടുത്തതലമുറ വ്യോമചരക്കുഗതാഗത സംവിധാനം വികസിപ്പിക്കുന്നതിനു അവര്‍ ഐബിഎസ്സിലര്‍പ്പിച്ച വിശ്വാസം ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഗോ റിസര്‍വേഷന്‍, മതിപ്പ് കണക്കാക്കല്‍, കയറ്റിറക്കുമതി ഇടപാടുകള്‍, ചരക്കുകള്‍ സൂക്ഷിക്കല്‍, വരുമാനം രേഖപ്പെടുത്തല്‍, ചരക്കു കൈകാര്യം ചെയ്യുന്ന വിമാനക്കമ്പനികളുടെ എയര്‍മെയിലും വരുമാനവും കൈകാര്യം ചെയ്യല്‍, ഗ്രൗണ്ട് ഹാന്‍ഡ് ലിംഗ് സേവനദാതാക്കള്‍ തുടങ്ങി വ്യോമചരക്കു ഗതാഗതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് ഐകാര്‍ഗോ. ഈ മേഖലയിലെ മികച്ച മാതൃകകള്‍ പിന്തുടര്‍ന്നു പ്രവര്‍ത്തിക്കുന്ന ഐകാര്‍ഗോ ആഗോളതലത്തിലുള്ള സംരംഭങ്ങളായ കാര്‍ഗോ ഐക്യു, സി-എക്സ്എംഎല്‍, വണ്‍റെക്കോഡ്, ഇ-എഡബ്ള്യുബി, ഇ-ഫ്രെയിറ്റ് തുടങ്ങിയ എല്ലാ സംവിധാനങ്ങള്‍ക്കും അനുയോജ്യമാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഐകാര്‍ഗോയ്ക്ക് വന്‍തോതിലുള്ള ആവശ്യകതയാണ് ഉയര്‍ന്നിട്ടുള്ളത്. ഈ കാലയളവില്‍ എട്ടു പുതിയ ഉപഭോക്താക്കളുമുണ്ടായി.

ബോയിംഗ് 747-400 ചരക്കു വിമാനങ്ങളുടെയും യാത്രാ വിമാനങ്ങളുടെയും ശ്രേണിയാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അവരുടെ കീഴിലുള്ള സ്കൂട്ട്, സില്‍ക്ക് എയര്‍ തുടങ്ങിയ വിവിധ വിമാനക്കമ്പനികളുടെ ചരക്കു നീക്കത്തിനും യാത്രാ സേവനത്തിനും ഉപയോഗിക്കുന്നത്. വ്യോമയാന രംഗത്ത് ചരക്കുഗതാഗതത്തില്‍ ആഗോളതലത്തില്‍ ഏറ്റവും മികച്ച പത്ത് കമ്പനികളിലൊന്നാണിത്. അയാട്ട കാര്‍ഗോ ഐക്യു നിലവാരമനുസരിച്ച് തുടര്‍ച്ചയായി വിശ്വാസ്യതയില്‍ ഉയര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന കാര്‍ഗോ വിമാനക്കമ്പനികളിലൊന്നാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.