Times Kerala

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് രണ്ടാംപാദത്തില്‍ 9% വര്‍ധനവോടെ 2,268 കോടി രൂപയുടെ മൊത്ത വരുമാനം

 
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് രണ്ടാംപാദത്തില്‍ 9% വര്‍ധനവോടെ 2,268 കോടി രൂപയുടെ മൊത്ത വരുമാനം

കൊച്ചി: ആതുരസേവന രംഗത്തെ പ്രമുഖ ശ്യംഖലയായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന് സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാംപാദത്തില്‍ 2,268 കോടി രൂപയുടെ മൊത്ത വരുമാനമുണ്ടായി. മുന്‍ വര്‍ഷത്തെ 2087 കോടി രൂപയില്‍ നിന്ന് 9% വര്‍ധനവാണ് ഉണ്ടായത്. ഇതേകാലയളവില്‍ കമ്പനിയുടെ അറ്റാദായം 42 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ അറ്റാദായമായ 7 കോടി രൂപയില്‍ നിന്നും 6 മടങ്ങ് വര്‍ധനവാണുണ്ടായത്. ഈ കാലയളവില്‍ പലിശ, നികുതി എന്നിവയ്ക്ക് മുമ്പുള്ള കമ്പനിയുടെ ലാഭം (ഇബിഐടിഡിഎ) മുന്‍ വര്‍ഷത്തെ 245 കോടി രൂപയെ അപേക്ഷിച്ച് 11 ശതമാനം വര്‍ദ്ധിച്ച് 271 കോടി രൂപയായി.

കമ്പനിയുടെ വൈവിധ്യമാര്‍ന്ന ബിസിനസ് മോഡലുകളുടെ കരുത്ത് കോവിഡ് മഹാമാരിയുടെ കാലത്തും ബിസിനസ് നിലനിര്‍ത്താന്‍ സഹായിച്ചതായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു. കോവിഡിന്റെ രണ്ടാം തരംഗം ഇന്ന് പല രാജ്യങ്ങളിലും കണ്ടുതുടങ്ങിയെങ്കിലും ഭൂരിഭാഗം രാജ്യങ്ങളും ലോക്ഡൗണ്‍ നീക്കി കോവിഡിനൊപ്പം ജീവിക്കാന്‍ തയാറെടുക്കുകയാണ്. ജിസിസി രാജ്യങ്ങളില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ ബിസിനസ് സാധാരണ നിലയിലായി. ഇന്ത്യയില്‍ കഴിഞ്ഞ മാസം കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെങ്കിലും ബിസിനസ് രംഗം പഴയ രീതിയില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വരുമാനമാര്‍ഗങ്ങളിലെ സുസ്ഥിരത, ചെലവ് ചുരുക്കല്‍ തുടങ്ങിയ നടപടികള്‍ ഈ കാലഘട്ടത്തില്‍ കമ്പനിക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ടെന്നും ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ ഇന്ത്യയിലെ പുതിയ സംരംഭങ്ങളായ ആസ്റ്റര്‍ ലാബ്‌സ്, ടെലിഹെല്‍ത്ത്, ആസ്റ്റര്‍ @ ഹോം എന്നിവയുടെ ബിസിനസിലും ഓരോ മാസവും വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ സാമ്പിളുകള്‍ ഉള്‍പ്പെടെ 26,500 ലധികം കോവിഡ് ടെസ്റ്റുകള്‍ ആസ്റ്റര്‍ ലാബ്‌സ് ഇതുവരെ നടത്തിയിട്ടുണ്ട്. ടെലി, ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ആരോഗ്യ സംബന്ധമായ സേവനങ്ങള്‍ ലഭ്യമാക്കാനും സുഗമമാക്കാനും കഴിഞ്ഞു. ആരോഗ്യ സേവനം ലഭ്യമാക്കുന്നതോടൊപ്പം അധിക വരുമാനം ഉറപ്പാക്കാനും കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന മറ്റൊരു പ്രധാന മേഖലയാണ് ആസ്റ്റര്‍ @ ഹോം പദ്ധതി. ഇത് കേരളത്തിലും ബാംഗ്ലൂരിലും ഇതിനകം വളരെ സജീവമാണെന്നും ഡോ. ആസാദ് മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.

Related Topics

Share this story