Times Kerala

ഐബിഎസിന്‍റെ ഐകാര്‍ഗോയിലൂടെ അമേരിക്കന്‍ എയര്‍ലൈന്‍സ് കാര്‍ഗോയുടെ ഡിജിറ്റല്‍വല്‍ക്കരണം പൂര്‍ണം

 
ഐബിഎസിന്‍റെ ഐകാര്‍ഗോയിലൂടെ അമേരിക്കന്‍ എയര്‍ലൈന്‍സ്  കാര്‍ഗോയുടെ ഡിജിറ്റല്‍വല്‍ക്കരണം പൂര്‍ണം

തിരുവനന്തപുരം: ഏവിയേഷന്‍ മേഖലയിലെ പ്രമുഖ ഐടി കമ്പനിയായ ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ പങ്കാളിത്തത്തോടെ ലോകത്തിലെ ഏറ്റവും വലിയ എയര്‍ലൈനുകളിലൊന്നായ അമേരിക്കന്‍ എയര്‍ലൈന്‍സ് തങ്ങളുടെ കാര്‍ഗോ ബിസിനസ് പൂര്‍ണമായും ഡിജിറ്റല്‍വല്‍ക്കരിച്ചു. ഐബിഎസിന്‍റെ ഐകാര്‍ഗോ എന്ന ലോകോത്തര കാര്‍ഗോ മാനേജ്മെന്‍റ് സോഫ്റ്റ് വെയറിന്‍റെ എയര്‍മെയ്ല്‍ മൊഡ്യൂളുകള്‍ കൂടെ പ്രവര്‍ത്തന സജ്ജമായതോടെയാണിത്. അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ എല്ലാ ആഭ്യന്തര – രാജ്യാന്തര ഹബ്ബുകളിലും ഐകാര്‍ഗോയുടെ സമ്പൂര്‍ണ സംവിധാനങ്ങളും ഇതോടെ നിലവില്‍ വന്നു.

എയര്‍ലൈന്‍ കാര്‍ഗോ മാനേജ്മെന്‍റിന്‍റെ സമസ്ത മേഖലകളും ഏകോപിപ്പിക്കുവാനായി ഒരു കേന്ദ്രീകൃത സംവിധാനം ഉപയോഗിക്കുന്ന ആദ്യ യുഎസ് വിമാനക്കമ്പനിയാണ് അമേരിക്കന്‍ എയര്‍ലൈന്‍സ്. 90 വ്യത്യസ്ത അതിസങ്കീര്‍ണ സംവിധാനങ്ങളില്‍ നിന്ന് പത്ത് അതിലളിതമായ സംവിധാനങ്ങളിലേക്കുള്ള മാറ്റം എന്നതിലുപരി അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിലനിന്നിരുന്ന നിരവധി പരിമിതികളും പോരായ്മകളും നികത്തുവാനും 8000 ലേറെ വരുന്ന ജീവനക്കാര്‍ക്കും 30000 ത്തോളം ഉപഭോക്താക്കള്‍ക്കും കൂടുതല്‍ കാര്യക്ഷമമായ അന്തരീക്ഷം ഉറപ്പാക്കുവാനും ഐകാര്‍ഗോ സഹായകമാകും.

ഐകാര്‍ഗോയിലേക്കുള്ള മാറ്റം തങ്ങളുടെ ആഗോള കാര്‍ഗോ ബിസിനസിന് ഏറെ നിര്‍ണായകമാണെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് ട്രാന്‍സ്ഫര്‍മേഷന്‍ മേധാവി ഏയ്ഞ്ചലാ ഹഡ്സണ്‍ പറഞ്ഞു. കൊവിഡ് – 19 ന്‍റെ പശ്ചാത്തലത്തില്‍ ഏറ്റവും ഫലപ്രദമായ രീതിയില്‍ ബിസിനസ് നവീകരണം തുടര്‍ന്ന് കൊണ്ടുപോകുക എന്നത് പ്രാധാന്യമര്‍ഹിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കുവാന്‍ ഐകാര്‍ഗോ സഹായകമാകുമെന്നും ഏയ്ഞ്ചലാ ഹഡ്സണ്‍ വ്യക്തമാക്കി.

തങ്ങളുടെ സുപ്രധാന പ്രവര്‍ത്തന മേഖല പൂര്‍ണമായും പുതിയ ടെക്നോളജിയിലേക്ക് മാറിയതോടെ കൂടുതല്‍ സാങ്കേതികതയിലൂന്നിയ ഡിജിറ്റല്‍ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് അമേരിക്കന്‍ എയര്‍ലൈന്‍സ്.

ആഗോള എയര്‍കാര്‍ഗോ മേഖലയുടെ നവീകരണത്തില്‍ ഐബിഎസും ഐകാര്‍ഗോയും എത്രത്തോളം പ്രതിജ്ഞാബദ്ധമാണെന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ സമ്പൂര്‍ണ ഡിജിറ്റല്‍ പരിണാമം എന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ സീനിയര്‍ വൈസ് പ്രസിഡന്‍റും കാര്‍ഗോ വിഭാഗം മേധാവിയുമായ അശോക് രാജന്‍ പറഞ്ഞു. അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ വളര്‍ച്ചയില്‍ ഐകാര്‍ഗോ വഹിക്കുന്ന നിര്‍ണായകപങ്കില്‍ അഭിമാനമുണ്ടെന്നും അശോക് അഭിപ്രായപ്പെട്ടു.

തങ്ങളുടെ വളര്‍ച്ചയില്‍ അതിപ്രധാനമായ പങ്കാണ് ഐകാര്‍ഗോയ്ക്ക് നിര്‍വഹിക്കാനുള്ളതെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് കാര്‍ഗോ വിഭാഗം പ്രസിഡന്‍റായ ജെസിക്കാ ടൈലര്‍ പറഞ്ഞു. കാര്‍ഗോ മാനേജ്മെന്‍റിന്‍റെ സമസ്ത മേഖലകളും സംയോജിപ്പിച്ച് കൂടുതല്‍ ഉയരങ്ങളിലേക്കെത്താന്‍ ഈ ഡിജിറ്റൈസേഷന്‍ തങ്ങളെ പ്രാപ്തരാക്കുമെന്നും ജെസിക്കാ ടൈലര്‍ വ്യക്തമാക്കി.

Related Topics

Share this story