Times Kerala

കോളജുകള്‍ തുറക്കുന്നതില്‍ മാര്‍ഗ നിര്‍ദേശവുമായി യുജിസി

 
കോളജുകള്‍ തുറക്കുന്നതില്‍ മാര്‍ഗ നിര്‍ദേശവുമായി യുജിസി

ഡൽഹി: രാജ്യത്ത് കോളജുകള്‍ തുറക്കുന്നതില്‍ മാര്‍ഗ നിര്‍ദേശവുമായി യുജിസി. സംസ്ഥാന സര്‍വകലാശാലകളുടെയും കോളേജുകളുടെയും കാര്യം അതതു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്നാണ് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്. കേന്ദ്ര സര്‍വകലാശാലകളും , കേന്ദ്ര സര്‍ക്കാര്‍ ധനഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും തുറക്കുന്നതിന് വൈസ് ചാൻസലര്‍മാര്‍ക്കും സ്ഥാപന മേധാവികള്‍ക്കും തീരുമാനമെടുക്കാം.

ആഴ്ചയില്‍ ആറ് ദിവസം ക്ലാസ്. അധ്യാപകന സമയവും ക്ലാസുകളുടെ എണ്ണവും വര്‍ധിപ്പിക്കണം. അതേസമയം, ഹോസ്റ്റലുകള്‍ അത്യാവശ്യമെങ്കില്‍ മാത്രമേ തുറക്കാവൂ എന്നും നിർദ്ദേശത്തിൽ പറയുന്നു. ഹോസ്റ്റല്‍ തുറക്കുകയാണെങ്കിൽ ഒരു മുറിയില്‍ ഒരാള്‍ക്ക് മാത്രമേ താമസം നല്‍കാവൂ. സുരക്ഷ മുൻകരുതല്‍ എടുത്ത് ഘട്ടം ഘട്ടമായി വേണം സ്ഥാപനങ്ങള്‍ തുറക്കാൻ. ഒരു സമയം പകുതി വിദ്യാര്‍ത്ഥികളെ മാത്രമേ അനുവദിക്കാവൂ എന്നും നിർദ്ദേശങ്ങളിൽ പറയുന്നു.

ശാസ്ത്ര- സാങ്കേതിക വിഷയങ്ങളിലെ ഗവേഷണ, പിജി വിദ്യാര്‍ത്ഥികള്‍ക്കും, അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും മാത്രമായി ആദ്യ ഘട്ടത്തില്‍ സ്ഥാപനങ്ങള്‍ക്ത് തുറക്കുന്നതാണ് ഉചിതം എന്നും യുജിസി നിര്‍ദേശിക്കുന്നു. ആര്‍ട്സ് വിഷയങ്ങളില്‍ ഓണ്‍ലൈൻ- വിദുര പഠന രീതി തുടരുന്നതാവും നല്ലത്. ആവശ്യമെങ്കില്‍ കോളേജുകളില്‍ എത്തി സംശയ നിവാരണത്തിനും മറ്റും സമയം അനുവദിക്കാം. കോളേജുകളില്‍ എത്താൻ താത്പര്യം ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈൻ പഠനം തുടരാൻ അവസരം നല്‍കണം.

കണ്ടെയ്ൻമെന്റ് സോണിലുളള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുത്. വീട്ടില്‍ നിന്ന് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് എല്ലാ ദിവസവും തെര്‍മല്‍ സ്കാനിങ് നടത്തണം. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാകാൻ സാധ്യതയുളള ആശങ്ക, മാനസിക സമ്മര്‍ദം, എന്നിവ പരിഹരിക്കാൻ കൗണ്‍സിലറുടെ സേവനം ഒരുക്കണം. പുറത്ത് നിന്നുളള വിദഗ്ധരുടെ സന്ദര്‍ശനം, പഠന യാത്രകള്‍, ഫീല്‍ഡ് ജോലികള്‍, യോഗങ്ങള്‍ എന്നിവ ഒഴിവാക്കണം.

Related Topics

Share this story