Times Kerala

രാജീവ് ഗാന്ധി രക്തസാക്ഷിത്വം; നിങ്ങള്‍ എല്ലായിപ്പോഴും എന്റെ ഹീറോ: പ്രിയങ്ക

 
രാജീവ് ഗാന്ധി രക്തസാക്ഷിത്വം; നിങ്ങള്‍ എല്ലായിപ്പോഴും എന്റെ ഹീറോ: പ്രിയങ്ക

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി എല്ലാപ്പോഴും തന്റെ ഹീറോയായിരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജീവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുകയായിരുന്നു പ്രിയങ്ക. താന്‍ ചെറുപ്പമായിരുക്കുമ്പോള്‍ പിതാവിനൊപ്പമുള്ള ഒരു ചിത്രവും പ്രിയങ്ക ട്വിറ്ററില്‍ പങ്കുവച്ചു.

എല്ലാത്തിനെയും സ്‌നേഹിക്കാനും ബഹുമാനിക്കാനുമാണ് തന്റെ പിതാവ് തന്നെ പഠിപ്പിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. അദ്ദേഹം മാന്യനും കരുണയുള്ളവനും വാത്സല്യനിധിയുമായിരുന്നെന്നും ഒന്നിനെയും വെറുക്കാന്‍ അദ്ദേഹം തന്നെ പഠിപ്പിച്ചിട്ടില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ഡല്‍ഹിയില്‍ രാജീവിനെ സംസ്‌കരിച്ചിരിക്കുന്ന വീര്‍ ഭൂമിയില്‍ രാഹുലും പ്രിയങ്കയും അമ്മ സോണിയ ഗാന്ധിയും മറ്റു കോണ്‍ഗ്രസ് നേതാക്കളും എത്തി ആദരവ് അര്‍പ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാജീവിനെ അനുസ്മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ ശ്രദ്ധാഞ്ജലി.

നേരത്തെ, തെരഞ്ഞെടുപ്പ് റാലികളില്‍ രാജീവ് ഗാന്ധിക്കെതിരേ മോദി അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. രാജീവ് ഗാന്ധി രാജ്യം കണ്ട ഒന്നാം നമ്പര്‍ അഴിമതിക്കാരനാണെന്നു പറഞ്ഞ മോദി ബൊഫോഴ്‌സ് കേസ് ഉയര്‍ത്തിക്കാട്ടി വോട്ട് തേടാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

മോദിയുടെ വാക്കുകള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നാകെ അതിരൂക്ഷ വിമര്‍ശനമുയര്‍ത്തി. എന്നാല്‍ വീണ്ടും ഈ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് മോദി ചെയ്തത്. ഇതിനുപിന്നാലെയാണ് രാജീവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ മോദി അദ്ദേഹത്തെ അനുസ്മരിക്കുന്നത്.

Related Topics

Share this story