Nature

Nature

അതിജീവനത്തിന്‍റെ പാതയില്‍ ഐബിഎസുമായി കൈകോര്‍ത്ത് സീസേര്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റ്

തിരുവനന്തപുരം: അമേരിക്കയിലെ ഏറ്റവും വലിയ കസീനോ-വിനോദ കമ്പനിയായ സീസേര്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റ് ഇന്‍കോര്‍പ്പറേറ്റഡ് തങ്ങളുടെ വിപണന വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനായി ഐബിഎസ് സോഫ്റ്റ് വെയറുമായുള്ള പങ്കാളിത്തം വിപുലീകരിക്കുന്നു. കൊവിഡ് – 19 സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്നും കരകയറുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം.

ഐബിഎസിന്‍റെ ഐ-ഹോസ്പിറ്റാലിറ്റി എന്ന ഡിസ്ട്രിബ്യൂഷന്‍ പ്ലാറ്റ്ഫോം ഉപയോഗിച്ച് വിനോദ മേഖലയില്‍ ഡിജിറ്റല്‍ വിപണനത്തിലൂടെ സ്വന്തം ഉപയോക്താക്കളിലെത്താനാണ് സീസേര്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റ് ലക്ഷ്യമിടുന്നത്.

കേന്ദ്രീകൃതവും അതേസമയം ചെലവു കുറഞ്ഞതുമായ പ്രവര്‍ത്തനത്തിലൂടെ കൂടുതല്‍ ഉപയോക്താക്കളെ സൃഷ്ടിക്കാനും വരുമാനം വര്‍ധിപ്പിക്കാനും ഐ-ഹോസ്പിറ്റാലിറ്റി സഹായകമാകും. ചെലവ് വന്‍തോതില്‍ കുറയ്ക്കാനും അതേസമയം തന്നെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും സീസേര്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റിന് ഈ പ്ലാറ്റ്ഫോം ഉപകരിക്കും.

ദീര്‍ഘകാലമായി ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ പങ്കാളിയായ സീസേര്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റിനെ ഈയിടെ എല്‍ഡൊറാഡോ റിസോര്‍ട്സ് ഏറ്റെടുത്തിരുന്നു. അമേരിക്കയിലെ പ്രമുഖ കസീനോ കേന്ദ്രമായ ലാസ് വെഗാസിലെ എട്ട് കസീനോ ഹോട്ടലുകളടക്കം സീസേര്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റിന് ലോകത്താകമാനം അന്‍പത്തിയഞ്ചിലേറെ കസീനോകളുണ്ട്. ഇവയെയെല്ലാം ഐ-ഹോസ്പിറ്റാലിറ്റി വഴി ബന്ധിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ സെയില്‍സ് ചാനല്‍ സൃഷ്ടിച്ച് വളരെ പെട്ടെന്ന് പ്രൊമോഷന്‍ പരിപാടികള്‍ നടത്താന്‍ കഴിയും.

കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് വളരെ കുറച്ച് ജീവനക്കാരെ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതിനപ്പുറം പൂര്‍ണമായി ഓട്ടോമേറ്റഡ് സംവിധാനത്തിലേയ്ക്ക് മാറാനും വിതരണം വ്യാപിപ്പിക്കാനുമായി ഹോട്ടലുകള്‍ നൂതന സാങ്കേതികവിദ്യയെ ആശ്രയിക്കുന്നതിന്‍റെ ഉദാഹരണമാണ് ഐബിഎസ്-സീസേര്‍സ് എന്‍റര്‍ടെയിന്‍മെന്‍റ് പങ്കാളിത്തം.

വിതരണം വ്യാപിക്കുന്നതിന് ഡിജിറ്റൈസേഷന്‍ നിര്‍ണായകമാണെന്ന് സീസേര്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റ് ഇന്‍കോര്‍പ്പറേറ്റഡ് കൊമെര്‍സ്യല്‍ ഓപ്പറേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്‍റ് പവന്‍ കപൂര്‍ പറഞ്ഞു. വര്‍ഷങ്ങളായി ഐബിഎസുമായുള്ള പങ്കാളിത്തത്തില്‍ സുസ്ഥിരമായ പ്രകടനമാണ് ഐബിഎസ് കാഴ്ചവയ്ക്കുന്നത്. മികച്ച വിപണന പ്ലാറ്റ്ഫോമിലൂടെ സമ്പൂര്‍ണ ഡിജിറ്റല്‍ വിതരണ അന്തരീക്ഷമാണ് ഐബിഎസ് സോഫ്റ്റ് വെയര്‍ മുന്നോട്ടുവയ്ക്കുന്നത്. നിരന്തര വളര്‍ച്ച കൈവരിക്കുന്നതിന് ഇത് സഹായകമായി. മറ്റു പ്രവര്‍ത്തന മേഖലകളെയും ഈ സംവിധാനത്തിലൂടെ വിപുലപ്പെടുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സീസേര്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റ് പോലെ ആഗോള പ്രശസ്തമായ ബ്രാന്‍ഡിന്‍റെ വിശ്വാസം ആര്‍ജ്ജിച്ചെടുക്കാനായതില്‍ അഭിമാനമുണ്ടെന്ന് ഐബിഎസ് ഹോസ്പിറ്റാലിറ്റി സൊലൂഷന്‍സിന്‍റെ വൈസ് പ്രസിഡന്‍റ് ലിസ ബാര്‍ക്കര്‍ പറഞ്ഞു. ഹോസ്പിറ്റാലിറ്റി മേഖലയുടെ തിരിച്ചുവരവിന് കരുത്തേകാന്‍ സാങ്കേതികവിദ്യ സഹായകമാകും. സീസേര്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ മുന്നോട്ടുള്ള പാതയില്‍ നൂതനത്വം കൊണ്ടുവരുന്നതിന് ഐബിഎസ് പ്രതിബദ്ധമാണെന്ന് അവര്‍ വ്യക്തമാക്കി.

ആതിഥേയ മേലയെ പിന്തുണയ്ക്കുന്നതില്‍ സാങ്കേതികവിദ്യയുടെ പങ്കിനെക്കുറിച്ച് ഉള്‍ക്കാഴ്ചയേകുന്ന ഐബിഎസിന്‍റെ റിപ്പോര്‍ട്ട് Hospitality Roadmap to Recovery എന്ന ലിങ്കില്‍ ലഭിക്കും. ഉപയോക്താക്കളുടെ പ്രതികരണവും ഇരുപതില്‍പരം വര്‍ഷത്തെ സാങ്കേതിക വൈദഗ്ധ്യവും സംയോജിപ്പിച്ചു തയാറാക്കിയ റിപ്പോര്‍ട്ടില്‍ കൊവിഡ് 19 പ്രതിസന്ധി സൃഷ്ടിച്ചിട്ടുള്ള പ്രശ്നങ്ങള്‍ക്കുള്ള പരിഹാര മാര്‍ഗങ്ങളുമുണ്ട്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.