Times Kerala

വനിതാ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയ്ക്ക് ഇനി മൂന്നു നാള്‍ വനിത ടെക്നോളജി വാരത്തിന് തുടക്കമായി

 
വനിതാ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയ്ക്ക് ഇനി മൂന്നു നാള്‍ വനിത ടെക്നോളജി വാരത്തിന് തുടക്കമായി

കൊച്ചി: സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ വനിതകളുടെ പ്രാതിനിധ്യവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തി വരുന്ന വനിത സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയ്ക്ക് ഇനി മൂന്നു നാള്‍ മാത്രം.

ഒക്ടോബര്‍ 31 ന് വെര്‍ച്വലായി നടക്കുന്ന ഈ ഉച്ചകോടിയ്ക്കുള്ള രജിസ്ട്രേഷന്‍ പുരോഗമിക്കുകയാണ്. ഉച്ചകോടിയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍

https://startupmission.in/womensummit എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം ഇതിന് മുന്നോടിയായുള്ള ഹാക്കത്തോണ്‍, പിച്ചിംഗ്, മുതലായ വിവിധ സെഷനുകള്‍ക്ക് തുടക്കമായി.

സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, ടൈ കേരള, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്‍റെ(സിഐഐ)യുടെ വനിതാ വിഭാഗമായ ഇന്ത്യന്‍ വുമണ്‍ നെറ്റ്വര്‍ക്ക് എന്നിവ ഈ ഉച്ചകോടിയില്‍ പങ്കാളികളായിരിക്കും. സ്ത്രീകളും സാങ്കേതികവിദ്യയും(വുമണ്‍ ആന്‍ഡ് ടെക്നോളജി) എന്നതാണ് ഉച്ചകോടിയുടെ പ്രമേയം.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് രംഗത്തും സാങ്കേതികവിദ്യ രംഗത്തും വനിതകളുടെ സാന്നിദ്ധ്യം തുലോം കുറവാണ്. ഈ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരം പ്രോത്സാഹന പരിപാടികള്‍ മുന്നോട്ടു വയ്ക്കുന്നത്. വ്യവസായ ലോകത്തെ അതികായډാരുമായി നേരിട്ട് സംവദിക്കാനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും മറ്റും വനിതകള്‍ക്കു ലഭിക്കുന്ന അവസരമാണിത്.

വനിതാസംരംഭകര്‍ക്ക് നിക്ഷേപകരുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്താന്‍ സാധിക്കുന്ന ഇന്‍വെസ്റ്റര്‍ കഫെയാണ് ടെക്നോളജി വാരത്തിലെ പ്രധാന ഹൈലൈറ്റ്. നിക്ഷേപം ആകര്‍ഷിക്കാനും വിപണിയിലെ പുതിയ ശീലങ്ങളെക്കുറിച്ച് സംരംഭകര്‍ക്ക് അവഗാഹം ഉണ്ടാക്കാനും ഇതിലൂടെ സാധിക്കും. ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ചുള്ള പ്രത്യേക സെഷനും വനിത ടെക്നോളജി വാരത്തിലെ പ്രത്യേകതയാണ്. ടിസിഎസ് സംഘടിപ്പിക്കുന്ന വുമണ്‍ ആന്‍ഡ് ടെക്നോളജി എന്ന വിഷയത്തിലെ പാനല്‍ ചര്‍ച്ചയും വനിത സംരംഭകര്‍ക്ക് മുതല്‍ക്കൂട്ടാകും.

സ്ത്രീകളുടെ ജീവിതത്തെ സാര്‍ത്ഥകമായി സ്വാധീനിച്ച സംരംഭങ്ങളെയും ഉത്പന്നങ്ങളെയും ഷീ ലവ്സ് ടെക് ഇന്ത്യ 2020 യിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിന്‍റെ ദേശീയ ഗ്രാന്‍റ് ചലഞ്ച് ഈ ഉച്ചകോടിയോട് അനുബന്ധമായി നടക്കും.

ഷീ ലവ്സ് ടെക് ഇന്ത്യ 2020 വിജയി, മികച്ച ഇന്‍ക്ലുസീവ് ഇന്‍കുബേറ്റര്‍, മികച്ച ഇന്‍ക്ലുസീവ് സ്റ്റാര്‍ട്ടപ്പ്, മികച്ച ഇന്‍ക്ലൂസീവ് ഐഇഡിസി എന്നീ പുരസ്കാരങ്ങളും ഉച്ചകോടിയില്‍ നല്‍കും.

കൊവിഡ് കാലത്ത് പല പ്രൊഫഷണലുകളും ഫ്രീലാന്‍സ് ജോലികളും കരാര്‍ ജോലികളും വിജയകരമായി ചെയ്തു വരുന്നുണ്ട്. സ്വകാര്യ ജീവിതവും പഠനവും മറ്റും ബാധിക്കാത്ത രീതിയില്‍ ജോലി ചെയ്യാവുന്ന ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇത്തരം വിഷയങ്ങളും പരാമര്‍ശിക്കപ്പെടും.

Related Topics

Share this story