Nature

നെടുമങ്ങാട്, അഴിക്കോട് ഭാഗങ്ങളിൽ മോഷണം; ഹെൽമറ്റ് വച്ച്, പുതപ്പു മൂടി കള്ളൻ കടയ്ക്കുള്ളില്‍

തിരുവനന്തപുരം: നെടുമങ്ങാട്, അഴിക്കോട് ഭാഗങ്ങളിൽ മോഷണം. രണ്ട് കടകളും രണ്ട് സാമ്പത്തിക ഇടപാട് സ്ഥാപനങ്ങളും കുത്തിത്തുറന്ന് പണം കവർന്നു. പത്താംകല്ലിനു സമീപത്തെ പച്ചക്കറിക്കടയുടെ പിന്നിലെ പൂട്ടുപൊളിച്ച് അകത്തുകയറിയ മോഷ്ടാവ് കടയിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു. കടയുടെ സൂക്ഷിപ്പുകാരൻ മുന്നിൽ കിടന്നുറങ്ങുമ്പോഴാണ് അകത്ത് മോഷണം നടന്നത്. സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഹെൽമറ്റുവച്ചു പുതപ്പ് മൂടിയാണ് മോഷ്ടാവ് കടകൾക്കുള്ളിൽ പ്രവേശിച്ചത്.

അഴിക്കോടുള്ള മാവേലിസ്‌റ്റോർ കുത്തിത്തുറന്നു മോഷണത്തിനു ശ്രമം നടത്തി. ഇവിടെനിന്ന് ഒന്നും നഷ്ടപ്പെട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പിന്നീട് അഴിക്കോട് ജംങ്ഷനിലെത്തിയ മോഷ്ടാവ് രണ്ട് പണമിടപാട് സ്ഥാപനങ്ങളിലും മോഷണം നടത്തി. ഇതിൽ ഷിജുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്നും 77,000 രൂപ മോഷ്ടിച്ചു. പൂട്ടുകൾ പൊട്ടിച്ച്, ഷട്ടറുകൾ അറുത്താണ് മോഷണം നടത്തിയത്.

അഴിക്കോട് ജംങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന്റെയും സമീപത്തെ പള്ളിയുടെ വലിയ ലൈറ്റുകളുടെയും പ്രകാശം ഉണ്ടായിരുന്നപ്പോഴാണ് മോഷണം നടന്നത്. സ്ഥലത്തെക്കുറിച്ച് അറിയുന്ന ആളാണ് മോഷണത്തിനു പിന്നിലെന്നു പൊലീസ് സംശയിക്കുന്നു. അരുവിക്കര, നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.