Nature

കോഴിക്കോട് ജില്ലയിൽ കോവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടും: മന്ത്രി എ.കെ ശശീന്ദ്രൻ

കോഴിക്കോട്;  കോവിഡ് രോഗ പ്രതിരോധ പ്രവർനങ്ങളുടെ ഭാഗമായി അടുത്ത മാസം മുതൽ പതിനായിരം പേരെ വീതം ദിവസേന ടെസ്റ്റ് നടത്താൻ തീരുമാനിച്ചതായി ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ജില്ലയിലെ ആകെ ജനസംഖ്യയുടെ 6 ൽ ഒന്ന് പേരെ ടെസ്റ്റിന് വിധേയമാക്കി. ഈ ആഴ്ച 9500 പേരെ വീതം ടെസ്റ്റ് ചെയ്യും.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ബോധവൽകരണം ശക്തിപ്പെടുത്തും. ജനപ്രതിനിധികൾ, ആശാവർക്കർമാർ, അംഗൻവാടി ജീവനക്കാർ, സന്നദ്ധ സംഘടനകൾ എന്നിവരാണ് ക്യാമ്പയിന്റെ ഭാഗമായി പ്രവർത്തിക്കുക. ഓരോ പ്രദേശത്തുമുള്ള റസിഡൻസ് അസോസിയേഷനുകളും ഇതിന്റെ ഭാഗമാക്കാനും അവർക്ക് നിശ്ചിത എണ്ണം വീടുകളുടെ ചുമതല ഏൽപ്പിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായി സിറ്റിയിൽ നിരവധി ആളുകളെ അറസ്റ്റ് ചെയ്യുകയും കേസ് ചാർജ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത് കുറച്ചുകൂടി ശക്തമാക്കാനും പരിശോധന സേനയുടെ സാന്നിധ്യം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും തീരുമാനിച്ചു. ആശുപത്രികളിൽ ആവശ്യത്തിന് ഓക്സിജൻ സിലിണ്ടർ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വരാൻ പോകുന്ന സാഹചര്യങ്ങളെ കൂടി അഭിമുഖീകരിക്കുന്നതിന് ആവശ്യമായ എല്ലാവിധ സജ്ജീകരണങ്ങളും ആശുപത്രികളിൽ ഒരുക്കിയിട്ടുണ്ട്.

ക്രിട്ടിക്കൽ സ്വഭാവമുള്ള രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്നതായി നിരീക്ഷണമുണ്ട്. അവരുടെ കാര്യത്തിൽ മെഡിക്കൽ കോളേജ് അധികൃതർ കൂടുതൽ സൂക്ഷ്മതയോടു കൂടിയ പരിചരണം നൽകാൻ നിർദേശിച്ചിട്ടുണ്ട്. ആരോഗ്യവിദഗ്ധർ നൽകിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ രോഗവ്യാപനം കൂടാൻ സാധ്യതയുള്ളതിനാൽ കൂടുതൽ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്.

ജനങ്ങളുടെ സഹകരണം ഉണ്ടെങ്കിൽ മാത്രമേ പ്രതിരോധ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുവെന്ന് മന്ത്രി പറഞ്ഞു. ഓരോ പൗരനും പ്രതിരോധ പ്രവർത്തനങ്ങളുടെയും പ്രചരണത്തിന്റെയും വളണ്ടിയർമാരായി സ്വയം മുന്നോട്ടു വന്നു സന്നദ്ധപ്രവർത്തകരായി മാറണം.

യോഗത്തിൽ ജില്ലാ കലക്ടർ സാംബശിവറാവു, ജില്ലാ പോലീസ് മേധാവി എ.വി ജോർജ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി ജയശ്രീ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വി.ആർ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.