chem

നൂറു ദിനം കൊണ്ട് ഒരു ലക്ഷത്തോളം പേര്‍ക്ക് ജോലി നല്‍കും: മന്ത്രി ഇ പി ജയരാജന്‍

കണ്ണൂർ; സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കായിക വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഐ എസ് ഒ പ്രഖ്യാപനം, അഞ്ചരക്കണ്ടി പുഴ പഠന റിപ്പോര്‍ട്ട്, ഗ്രാമീണ റോഡ് കണക്ടിവിറ്റി മാപ്പ് എന്നിവയുടെ പ്രകാശനം എന്നിവ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരള ചരിത്രത്തിലെ തന്നെ പുതിയ വികസന കാഴ്ചപ്പാടുകളാണ് ഈ സര്‍ക്കാരിന്റേത്.

അന്‍പതിനായിരം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. വികസന മുരടിപ്പിന് അറുതി വരുത്തിയ അഞ്ച് വര്‍ഷങ്ങളാണ് കടന്നു പോയത്.കായിക മേഖലയിലെ ഒട്ടനവധി പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. വിവിധ മേഖലകളിലായി മുപ്പതിനായിരത്തോളം ഒഴിവുകള്‍ നികത്താന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിനു തന്നെ മാതൃകയായ പ്രവര്‍ത്തനങ്ങളാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നതെന്നും, ഒത്തൊരുമയോടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് അന്താരാഷ്ട്ര നിലവാരത്തിലേക്കുയരാന്‍ ജില്ലാ പഞ്ചായത്തിന് സാധിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജില്ലാ പഞ്ചായത്തിന്റെ ജല സംരക്ഷണ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അഴുക്കില്‍ നിന്നും അഴകിലേക്ക് പദ്ധതി രൂപീകരിച്ചത്. ജില്ലയിലെ പ്രമുഖ നദികളിലൊന്നായ അഞ്ചരക്കണ്ടി പുഴയെ തെരഞ്ഞെടുത്തു കൊണ്ട് പീനവും വിവര ശേഖരണവും നടത്തിയത്ഹരിത കേരള മിഷന്‍, വനം വകുപ്പ്, കൃഷി വകുപ്പ്, മണ്ണ് പര്യവേക്ഷണ,മണ്ണ് സംരക്ഷണ വകുപ്പ്, തൊഴിലുറപ്പ് പദ്ധതി, ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങിയവയുടെ സഹകരണത്തോടെയായിരുന്നു. പദ്ധതി മറ്റുപുഴകളിലേക്കും വ്യാപിപ്പിക്കാനാണ് ജില്ലാ പഞ്ചായത്തിന്റെ തീരുമാനം. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലെയും ഗ്രാമീണ റോഡുകളുടെ കണക്ടിവിറ്റി മാപ്പിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

ജില്ലാ പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേല്‍ നോട്ടത്തില്‍ 9262 കി.മീറ്റര്‍ നീളത്തില്‍ ഗ്രാമീണ റോഡുകളുടെ മാപ്പിംഗ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ സഹായത്തോടെ ഫീല്‍ഡ് സര്‍വ്വെ നടത്തി തയ്യാറാക്കി. കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്റ് എണ്‍വയോണ്‍ന്റൈ സെന്ററാണ് ഡിജിറ്റല്‍ സാങ്കേതിക സഹായം നല്‍കുന്നത്. ആര്‍-ട്രാക്ക് എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് റോഡിന്റെ യഥാര്‍ത്ഥ സ്ഥാനം നിര്‍ണയിക്കുന്നതിന് ഓരോ റോഡിന്റെയും യഥാര്‍ത്ഥ സ്ഥാനം, ഫോട്ടോ, അതിന്റെ നീളം, തരം, ഭൂമിയുടെ കിടപ്പ്, ടാര്‍ ചെയ്തതാണോ എന്നെല്ലാം ഒറ്റ ക്ലിക്കില്‍ത്തന്നെ ഗ്രാമ പഞ്ചായത്തുകള്‍ക്ക് ഇതുവഴി ലഭ്യമാകും. ഗ്രാമ പഞ്ചായത്തുകളുടെ വാര്‍ഡ് അടിസ്ഥാനത്തില്‍ പോലും റോഡുകളുടെ വിവരങ്ങള്‍ ലഭിക്കുമെന്നതാണ് സര്‍വേയുടെ ഗുണം. ഈ സാമ്പത്തിക വര്‍ഷം തന്നെ സര്‍വേ പൂര്‍ത്തീകരിച്ച് സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കും.
ജില്ലാ പഞ്ചായത്തിന്റെ യു ട്യൂബ് ചാനലിന്റെ ഉദ്ഘാടനവും ചടങ്ങില്‍ മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ ജനങ്ങളിലേക്കെത്തിക്കുന്നതിനായാണ് ചാനല്‍ ആരംഭിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ പി ജയ ബാലന്‍ മാസ്റ്റര്‍, വി കെ സുരേഷ് ബാബു, ടി ടി റംല, കെ ശോഭ, അംഗങ്ങളായ അന്‍സാരി തില്ലങ്കേരി, അജിത് മാട്ടൂല്‍, തോമസ് വര്‍ഗീസ്, ആസൂത്രണ സമിതി അംഗം കെ വി ഗോവിന്ദന്‍, ഹരിത കേരളം മിഷന്‍ ജില്ല കോ ഓഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ബിജോയ് തുടങ്ങിയവര്‍ പങ്കെടുത്തു.

You might also like

Comments are closed.