Times Kerala

സിബിഐ അന്വേഷിച്ച തോട്ടണ്ടി കേസ് ഹൈക്കോടതിയിലേക്ക്

 
സിബിഐ അന്വേഷിച്ച തോട്ടണ്ടി കേസ് ഹൈക്കോടതിയിലേക്ക്

കൊല്ലം: അഞ്ചു വർഷം മുമ്പ് സിബിഐ അന്വേഷിച്ച തോട്ടണ്ടി കേസ് ഹൈക്കോടതിയിലേക്ക്. അഞ്ഞൂറു കോടി രൂപയുടെ അഴിമതി ആരോപണം നേരിടുകയും അഞ്ചു വർഷം മുൻപ് സി.ബി.ഐ ഏറ്റെടുക്കുകയും ചെയ്ത കേസിലാണ് പ്രോസിക്യൂഷന് സർക്കാർ അനുമതി നിഷേധിച്ചത്.

ഐ എൻ ടി യു സി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ, കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എംഡി കെ എ രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയാണ് സർക്കാർ നിഷേധിച്ചത്.നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനം കൈക്കൊണ്ടുവെന്നാണ് സർക്കാർ വിശദീകരണം. കോർപ്പറേഷനു വേണ്ടി തോട്ടണ്ടി എത്തിച്ച ജെ.എം.ജെ ട്രേഡേഴ്സ് ഉടമ ജയ്മോൻ ജോസഫ് മാത്രമേ ഇനി വിചാരണ നേരിടേണ്ടതുള്ളൂ. പ്രധാന പ്രതികൾ ഒഴിവായതോടെ കേസ് തന്നെ നിലനിൽക്കില്ലെന്ന സ്ഥിതി ഉണ്ടായേക്കും. ഈ സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ കടകംപള്ളി മനോജ് വ്യക്തമാക്കി.

അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ഒഴിവാക്കി ഐപിസി വകുപ്പുകൾ മാത്രം ചേർത്ത് സി ബി ഐ കുറ്റപത്രം സമർപ്പിച്ചാലും പ്രോസിക്യൂഷന് സർക്കാർ അനുമതി വേണമെന്ന നിയമപ്രശ്നം ഉയരും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രതികൾക്കെതിരെ അതിശക്തമായ സമരമാണ് സി.പി.എം കൊല്ലം ജില്ലയിൽ സംഘടിപ്പിച്ചത്.

Related Topics

Share this story