Times Kerala

മൊറട്ടോറിയം കാലത്തെ  ബാങ്ക് വായ്പയിലെ പിഴപ്പലിശ ഒഴിവാക്കി കേന്ദ്രം മാര്‍ഗനിര്‍ദേശം പുറത്തിറക്കി

 
മൊറട്ടോറിയം കാലത്തെ  ബാങ്ക് വായ്പയിലെ പിഴപ്പലിശ ഒഴിവാക്കി കേന്ദ്രം മാര്‍ഗനിര്‍ദേശം പുറത്തിറക്കി

 

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച മൊറട്ടോറിയം കാലത്തെ ബാങ്ക് വായ്പകളുടെ പിഴപ്പലിശ ഒഴിവാക്കിക്കൊണ്ട് കേന്ദ്ര ധനമന്ത്രാലയം മാര്‍ഗനിര്‍ദേശം പുറത്തിറക്കി. മൊറട്ടോറിയം പ്രഖ്യാപിച്ച മാര്‍ച്ച് ഒന്ന് മുതല്‍ ആഗസ്ത് 31 വരെയുള്ള ആറുമാസക്കാലത്തെ രണ്ടുകോടി രൂപ വരെയുള്ള വായ്പകളുടെ കൂട്ടുപലിശയാണ് ഒഴിവാക്കുക.

 

കുടിശ്ശികത്തുക രണ്ടുകോടി കവിയാന്‍ പാടില്ല. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. നേരത്തെ പിഴപ്പലിശ ഒഴിവാക്കാന്‍ തീരുമാനിച്ചെങ്കില്‍ അത് നടപ്പാക്കാന്‍ എന്തിനാണ് വൈകുന്നതെന്ന് ചോദിച്ച സുപ്രിംകോടതി, നവംബര്‍ രണ്ടിനകം ഉത്തരവിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പരാമര്‍ശം നടത്തിയിരുന്നു. ഇതിന് മറുപടിയായി മൊറട്ടോറിയം കാലത്തെ ബാങ്ക് വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിക്കുകയും ചെയ്തു. പിന്നാലെയാണ് കൂട്ടുപലിശ ഒഴിവാക്കിക്കൊണ്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രധനമന്ത്രാലയം പുറത്തിറക്കിയത്.

 

ഭവന വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍, വാഹന വായ്പ, ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍, എംഎസ്എംഇ വായ്പകള്‍ തുടങ്ങിയവയുടെ കൂട്ടുപലിശയാണ് ഒഴിവാക്കുക. ഇതില്‍ കാര്‍ഷിക വായ്പകള്‍ ഉള്‍പ്പെടുന്നില്ല. തീരുമാനം നവംബര്‍ അഞ്ചിനകം നടപ്പാക്കും. കൂട്ടുപലിശ ഈടാക്കിയ ബാങ്കുകള്‍ അത് തിരിച്ചുനല്‍കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. ഇതുസംബന്ധിച്ച് വായ്പ നല്‍കിയ ബാങ്കുകളെയും മറ്റ് സ്ഥാപനങ്ങളെയും സര്‍ക്കുലറിലൂടെ ധനമന്ത്രാലയം ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

 

ദീപാവലിക്ക് മുന്നോടിയായി വായ്പയെടുത്തവര്‍ക്ക് ആശ്വാസം നല്‍കി ബാങ്കുകള്‍ നവംബര്‍ അഞ്ചിനോ അതിന് മുമ്പോ വായ്പ വാങ്ങിയയാളുടെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യണം. കൂട്ടുപലിശ ഒഴിവാക്കാന്‍ സര്‍ക്കാര്‍ 6,500 കോടി രൂപ ബാങ്കുകള്‍ക്ക് നല്‍കും. മോറട്ടോറിയം കാലത്തെ വായ്പകളുടെ പലിശകൂടി ഒഴിവാക്കണമെന്ന ആവശ്യവും സുപ്രിംകോടതിക്ക് മുന്നിലുണ്ട്. അക്കാര്യങ്ങള്‍ നവംബര്‍ രണ്ടിന് കോടതി പരിശോധിക്കും.

Related Topics

Share this story