Nature

റസിഡന്റ് അസോസിയേഷൻ പ്രസിഡന്റിനെ പൊലീസുകാരൻ മർദ്ദിച്ചെന്ന് വ്യാജ പരാതി; കള്ളം പൊളിച്ച് സിസിടിവി ദൃശ്യങ്ങൾ: വിഡിയോ

പൊലീസുകാരൻ മർദ്ദിച്ചെന്ന റസിഡന്റ് അസോസിയേഷൻ പ്രസിഡന്റിന്റെ പരാതി വ്യാജം. സിസിടിവി ദൃശ്യങ്ങൾ പങ്കുവച്ചാണ് പൊലീസ് വ്യാജപരാതി വെളിച്ചത്ത് കൊണ്ടുവന്നത്. വീടുകളിൽ നമ്പറെഴുതാനെത്തിയ പൊലീസുകാരൻ തിരുമല സ്വദേശിയായ റസിഡന്റ് അസോസിയേഷൻ പ്രസിഡന്റിനെ മർദ്ദിച്ചുവെന്നായിരുന്നു ആക്ഷേപം.

കൈരളി ലെയ്ൻ റസിഡന്റ് അസോസിയേഷൻ പ്രസിഡന്റായിരുന്നു പരാതിക്കാരൻ. പൂജപ്പുര സ്റ്റേഷനിൽ നിന്നെത്തിയ പൊലീസുകാരനാണ് മർദ്ദിച്ചതെന്നും തന്നെ ഇടിക്കുന്നതിനായി മറ്റൊരു പൊലീസുകാരൻ പിടിച്ചു കൊടുത്തുവെന്നും മർദ്ദിച്ച് വസ്ത്രം വലിച്ചു കീറിയെന്നും ഇയാൾ പരാതിപ്പെട്ടിരുന്നു. പരാതിയെ തുടർന്ന് പ്രദേശത്തെ സിസിടിവി പൊലീസ് പരിശോധിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്.

ദൃശ്യങ്ങളിൽ പൊലീസ് ജീപ്പ് സ്ഥലത്ത് വരുന്നതും പോകുന്നതും കാണാം. തിരികെ എത്തിയ പരാതിക്കാരൻ സ്വയം നിലത്തേക്ക് ഇരിക്കുന്നതും ബനിയൻ വലിച്ചു കീറുന്നതും പൊലീസ് പുറത്ത് വിട്ട സിസിടിവി ദൃശ്യങ്ങളിൽ കാണാം.സമീപത്തായി ഒരു സ്ത്രീയും നിൽക്കുന്നുണ്ട്. കേരള പൊലീസ് ഫെയ്സ്ബുക്ക് പേജിലാണ് നർമം കലർത്തി ഈ വിഡിയോ പങ്കുവച്ചിട്ടുള്ളത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.