Times Kerala

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചില്ല

 
കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചില്ല

 

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഇന്ന് ആരംഭിച്ച ബിരുദ-ബിരുദാനന്തര പരീക്ഷകളില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനമുണ്ടായതായി വിദ്യാര്‍ഥികള്‍. സാമൂഹിക അകലം പാലിക്കാൻ പോലുമുള്ള സൗകര്യം പരീക്ഷ കേന്ദ്രങ്ങളിൽ ഉണ്ടായില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു മാത്രമേ പരീക്ഷ നടത്തുകയുള്ളൂവെന്ന് ആയിരുന്നു കാലിക്കറ്റ് സര്‍വകലാശാലയുടെ ഉറപ്പ്. എന്നാല്‍, ഇന്ന് ആരംഭിച്ച പരീക്ഷയ്ക്ക് വിവിധ  കേന്ദ്രങ്ങളിൽ എത്തിയവർ സാമൂഹിക അകലം പാലിക്കാതെയാണ് പരീക്ഷ കേന്ദ്രത്തിന് പുറത്തും അകത്തുമിരുന്നത്.

മിക്ക പരീക്ഷ കേന്ദ്രങ്ങളിലും സാമൂഹിക അകലം പാലിക്കാനുള്ള സൗകര്യം പോലുമില്ലായിരുന്നു. വിദ്യാര്‍ഥികള്‍ പരീക്ഷ കേന്ദ്രങ്ങളില്‍ തിങ്ങിനിറഞ്ഞ നിലയിലായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. മാത്രമല്ല പരീക്ഷ തുടങ്ങുന്നതിന്റെ അരമണിക്കൂര്‍ മുമ്പ് ചില പരീക്ഷ കേന്ദ്രങ്ങള്‍ മാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയുമായി.ഗവ. കോളജ് മലപ്പുറം, എം.ഇ.ടി നാദാപുരം, ഗവ. കോളജ് കുന്ദമംഗലം, മലബാര്‍ ക്രിസ്ത്യന്‍ കോളജ് കോഴിക്കോട് എന്നീ കേന്ദ്രങ്ങളിലെ പരീക്ഷയാണ് മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റിയത്.

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നാല് പരീക്ഷ കേന്ദ്രങ്ങള്‍ ഇങ്ങനെ മാറിയതോടെ നിരവധി പേര്‍ക്ക് പരീക്ഷയെഴുതാൻ ആയില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റി വെയ്ക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം തള്ളിയാണ് ഇന്ന് കാലിക്കറ്റ് സര്‍വകലാശാലയുടെ വിവിധ പരീക്ഷകള്‍ ആരംഭിച്ചത്.

 

Related Topics

Share this story