Times Kerala

നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്യുന്ന വഴിയെയുടെ ചിത്രീകരണം പൂര്‍ത്തിയായി

 
നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്യുന്ന വഴിയെയുടെ ചിത്രീകരണം പൂര്‍ത്തിയായി

നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമയായ വഴിയെയുടെ ചിത്രീകരണം ഇന്ന് കാസർഗോഡ് ജില്ലയിലെ കൊന്നക്കാടിൽ പൂർത്തിയായി. നിർമൽ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കോവിഡ് കാലത്തെ എല്ലാ സര്‍ക്കാര്‍ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരുന്നു ചിത്രീകരണം നടന്നത്. 15 പേരിൽ താഴെയുള്ള സംഘമാണ് ഒരു സമയം സെറ്റിൽ ഉണ്ടായിരുന്നത്. സെപ്റ്റംബർ 28ന് ആയിരുന്നു ഷൂട്ടിംഗ് തുടങ്ങിയത്.

ഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസാണ് ഈ സിനിമയുടെ സംഗീതമൊരുക്കന്നത്. 8 തവണ ഗ്രാമി പുരസ്കാര ജേതാവായ ബിൽ ഇവാൻസിന്റെ മകനായ ഇദ്ദേഹം 80 ൽ കൂടുതൽ ഹോളിവുഡ് സിനിമകൾക്ക് സംഗീതമൊരുക്കിയ വ്യക്തിയാണ്.

വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യയാണ് ഈ പരീക്ഷണ ചിത്രം നിർമ്മിച്ചിരിയ്‌ക്കുന്നത്. പുതുമുഖങ്ങളായ ജെഫിൻ ജോസഫ്, അശ്വതി അനിൽ കുമാർ, വരുൺ രവീന്ദ്രൻ, അഥീന, ജോജി ടോമി, ശ്യാം സലാഷ്, രാജൻ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. കൊന്നക്കാട്, അരിയിരിത്തി, ബഡൂർ, കാനംവയൽ, പുളിങ്ങോം, ചെറുപുഴ കൂടാതെ ചില കാസർഗോഡ് കർണ്ണാടക ബോർഡറുകളുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെഫിൻ ജോസഫ്, ഛായാഗ്രഹണം: മിഥുൻ ഇരവിൽ, ഷോബിൻ ഫ്രാൻസിസ്, കിരൺ കാന്പ്രത്ത്. കലാ സംവിധാനം: അരുൺ കുമാർ പനയാൽ, എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ: നിർമൽ ബേബി വർഗീസ്, പ്രൊജക്റ്റ് ഡിസൈനർ: ജീസ് ജോസഫ്‌, പ്രൊഡക്ഷൻ കൺട്രോളേർസ്: സഞ്ജയ് തോമസ് ചൊവ്വാറ്റുകുന്നേൽ, നിബിൻ സ്റ്റാനി, അലൻ ജിജി, അസോസിയേറ്റ് ഡയറക്ടർസ്‌: അരുൺ കുമാർ പനയാൽ, ശരൺ കുമാർ ബാരെ. വാർത്താ വിതരണം: വി. നിഷാദ്. ട്രാൻസ്ലേഷൻ, സബ്‌ടൈറ്റിൽസ്: അഥീന. സ്റ്റിൽസ്: എം. ഇ. ഫോട്ടോഗ്രാഫി, ടൈറ്റിൽ ഡിസൈൻ: അമലു.

Related Topics

Share this story