Times Kerala

രുചികരമായ അടപ്രഥമന്‍ ഉണ്ടാക്കുന്ന വിധം!

 
രുചികരമായ അടപ്രഥമന്‍ ഉണ്ടാക്കുന്ന വിധം!

പുതിയകാലത്ത് പാലട മിക്സും അരി അടയും എല്ലാം പാക്കറ്റില്‍ തന്നെ ലഭ്യമാണ്. എന്നാലും, അട വീട്ടില്‍ തന്നെയുണ്ടാക്കി അടപ്രഥമന്‍ ഉണ്ടാക്കുന്നതെങ്ങനെ എന്ന് നോക്കാം.സദ്യക്ക് പ്രഥമ സ്ഥാനമുള്ള പായസം അടപ്രഥമന്‍ ,ഈ റെസിപി ഉപയോഗിച്ച് തയ്യാറാക്കിയാല്‍ പാകത്തിന്മ ധുരവും നല്ല സ്വാദും ഉറപ്പാണ്‌ കൂട്ടൂകാരെ

ആദ്യം അട ഉണ്ടാക്കുന്ന വിധം എങ്ങനെയെന്ന് നോക്കാം

പച്ചരി – ഒരു കപ്പ്

വെള്ളത്തില്‍ കുതിര്‍ത്തു വെച്ച അരി കഴുകിയെടുക്കുക. തുണിയില്‍ കെട്ടിവെച്ച് ഉണക്കിയെടുക്കുക. അതിനു ശേഷം പൊടിച്ചെടുത്ത് അരിപ്പയില്‍ അരിച്ചെടുക്കുക. അരിച്ചെടുത്ത പൊടിയിലേക്ക് രണ്ട് ടീസ്‌പൂണ്‍ ഉരുക്കിയ നെയ്യ്, രണ്ട് ടീസ്‌പൂണ്‍ പഞ്ചസാര, അല്‍പം ചൂടുവെള്ളം എന്നിവ ചേര്‍ത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതു പോലെ കുഴച്ചെടുക്കുക. വാഴയില മുറിച്ചെടുത്ത് അടുപ്പില്‍ വെച്ച് വാട്ടിയെടുക്കുക. ഒരു ചെറുനാരങ്ങയുടെ വലുപ്പത്തില്‍ മാവെടുത്ത് വാഴയിലയില്‍ പരത്തുക.

ഒരു വലിയ പാത്രത്തില്‍ വെള്ളം തിളപ്പിക്കണം. വാഴയിലയില്‍ പരത്തുന്ന മാവ് മടക്കി കെട്ടി ചൂടുവെള്ളത്തിലിട്ട് വേവിച്ചെടുക്കുക. ഒരേ സമയം, മൂന്നോ നാലോ അട പുഴുങ്ങിയെടുക്കാം. വാഴയിലയില്‍ നിന്നും അടര്‍ത്തിയ അട വെള്ളത്തിലിട്ട് കഴുകിയെടുക്കുക. അതിനു ശേഷം ചെറിയ കഷണങ്ങളായി മുറിക്കുക.

അട തയ്യാറായി, ഇനി അടപ്രഥമന്‍ എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം

പഞ്ചസാര – 1 കപ്പ്

ശര്‍ക്കര – 1/2 കിലോ

തേങ്ങ – 2 എണ്ണം

കശുവണ്ടിപ്പരിപ്പ് – 1/4 കപ്പ്

ഉണക്കമുന്തിരി -1/4 കപ്പ്

ഏലയ്ക്ക – 6 എണ്ണം

ആവശ്യത്തിന് നെയ്യ്

അടപ്രഥമന്‍ തയ്യാറാക്കുന്ന വിധം
തേങ്ങാപ്പാലിലാണ് അടപ്രഥമന്‍ ഉണ്ടാക്കേണ്ടത്. ചിരകിയെടുത്ത തേങ്ങയില്‍ നിന്നും കാല്‍കപ്പ് ഒന്നാം പാല്‍, ഒന്നരകപ്പ് രണ്ടാം പാല്‍, രണ്ട് കപ്പ് മൂന്നാം പാല്‍ എന്നിവ തയ്യാറാക്കുക. അടപ്രഥമന്‍ തയ്യാറാക്കുന്നതിനുള്ള പാത്രം അടുപ്പത്തു വെച്ച് ചൂടായതിനു ശേഷം അതില്‍ കാല്‍ കപ്പ് നെയ്യ് ഒഴിച്ച് അട വറുക്കണം. തുടര്‍ന്ന് മൂന്നാം പാല്‍, പഞ്ചസാര, ശര്‍ക്കര ലായനിയാക്കിയത് എന്നിവ ചേര്‍ത്ത് ഇളക്കുക. തുടര്‍ന്ന്, യഥാക്രമം രണ്ടാം പാലും ഒന്നാം പാലും ചേര്‍ത്ത് നന്നായി ഇളക്കുക. പാകമായി വരുമ്പോള്‍, ഏലയ്ക്കാപൊടി, വറുത്തു വെച്ച കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരിങ്ങ എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക.

Related Topics

Share this story