Times Kerala

ചെറുനാരങ്ങ ഒരു ചെറിയ നാരങ്ങയല്ല

 
ചെറുനാരങ്ങ ഒരു ചെറിയ നാരങ്ങയല്ല

നമ്മുടെ നാട്ടില്‍ യഥേഷ്ടം കാണുന്ന ചെറുനാരങ്ങക്കുള്ളില്‍ പല സൗന്ദര്യ രഹസ്യങ്ങളുമുണ്ട്. ഒരു പ്രകൃതിദത്ത ബ്ലീച്ചായി പ്രവര്‍ത്തിച്ച് ചര്‍മ്മത്തിന് നിറവും അഴകും കൂട്ടാന്‍ ചെറുനാരങ്ങക്ക് കഴിയും. വ്യാവസായികമായി നിര്‍മ്മിക്കുന്ന പല സൌന്ദര്യ വര്‍ധകവസ്തുക്കളിലും ചെറുനാരങ്ങ ഉപയോഗിക്കാറുണ്ട്.

ചെറുനാരങ്ങകൊണ്ട് ചുളിവുകളകറ്റാനുള്ള ഫേസ്പാക്ക് നിങ്ങള്‍ക്ക് വീട്ടിലുണ്ടാക്കാം. കുറച്ച് ചെറുനാരങ്ങാനീരില്‍ ഒന്നോ രണ്ടോ തുള്ളി മധുരമുളള ബദാം ഓയില്‍ ചേര്‍ത്താല്‍ മതി. ഈ പാക്ക് 20 മിനുട്ട് നേരം മുഖത്ത് പിടിപ്പിച്ചു വയ്ക്കുക. ശേഷം കഴുകിക്കളഞ്ഞാല്‍ മുഖത്തിന് തിളക്കം വരും.അതുപോലെ ആപ്പിള്‍ വീഞ്ഞും വിനാഗിരിയും ചെറുനാരങ്ങാനീരും സമാസമം ചേര്‍ത്ത് മുഖത്തെ കറുത്ത പാടുകളില്‍ തേച്ചാലും ശമനമുണ്ടാകും.

മുഖക്കുരുവിനും കറുത്തപാടുകള്‍ക്കുമുള്ള പ്രധാന കാരണം മുഖത്തെ എണ്ണമയമാണ്. എണ്ണമയമുള്ള മുഖത്ത് അത്ഭുതകരമായ മാറ്റം വരുത്താന്‍ ചെറുനാരങ്ങയ്ക്ക് കഴിയും.ചെറുനാരങ്ങാനീരില്‍ ഒരല്‍പ്പം വെള്ളം ചേര്‍ത്ത് പഞ്ഞികൊണ്ട് മെല്ലെ മുഖത്ത് തടവി നോക്കൂ. നിങ്ങലുടെ മുഖം എണ്ണമയം മാറി സോഫ്റ്റാകും. ഇത് സ്ഥിരമായി ചെയ്താല്‍ മുഖത്തെ എണ്ണമയത്തിന് കാര്യമായ മാറ്റമുണ്ടാകും.
മുഖത്തും കൈകാലുകളിലും ചെറുനാരങ്ങാനീര് പുരട്ടുന്നത് ചര്‍മ്മത്തെ മിനുസമുള്ളതും ചെറുപ്പമുള്ളതുമാക്കി മാറ്റാന്‍ സഹായിക്കും.ഇതുകൂടാതെ ചെറുനാരങ്ങയുടെ തൊലി ചര്‍മ്മത്തില്‍ ഉരസുന്നത് ചര്‍മ്മത്തിന്റെ നിറം കൂട്ടാന്‍ സഹായിക്കും.നിറം മങ്ങിയതും വരണ്ടതുമായ ചര്‍മ്മത്തിന് പുതുജീവന്‍ നല്‍കാനും ചെറുനാരങ്ങാനീരിന് കഴിവുണ്ട്.

വരണ്ടുണങ്ങിയ വിണ്ടുകീറിയ ചുണ്ടുകള്‍ക്ക് ശാശ്വത പരിഹാരമാണ് ചെറുനാരങ്ങ.പാല്‍പ്പാടയിലോ തേനിലോ ചേര്‍ത്ത് ചെറുനാരങ്ങാ നീരു കൊണ്ട് നിങ്ങള്‍ക്ക് ഒരു പ്രകൃതിദത്ത ലിപ് ബാം നിര്‍മ്മിക്കാവുന്നതേയുള്ളൂ. ചുണ്ടിനും നനവ് പകരാനും വിണ്ടു കീറല്‍ ഉണക്കാനും ഇത് സഹായിക്കും.

ഒരു ചെറുനാരങ്ങ കൊണ്ട് കക്ഷം വൃത്തിയുള്ളതും സുന്ദരവുമാക്കാം.ചെറുനാരങ്ങാനീരില്‍ ഒരു ചെറിയ കഷ്ണം പഞ്ഞി മുക്കി അതുകൊണ്ട് കക്ഷത്തില്‍ ഉരസണം. ഒരു ചെറിയ കഷ്ണം ചെറുനാരങ്ങ ഉപയോഗിച്ചും ഇങ്ങനെ ചെയ്യാം. ഇത് നിങ്ങളുടെ കക്ഷത്തെ നിറമുള്ളതും വൃത്തിയുള്ളതുമാക്കും.

ചെറുനാരങ്ങയിലെ വൈറ്റമിന്‍ സിയാണ് ചര്‍മ്മത്തിന് ആരോഗ്യവും തിളക്കവും നല്‍കുന്നത്. ചെറുനാരങ്ങയിലെ പെക്ടിന്‍ എന്ന നാര് ഘടകം ഭക്ഷണത്തോടുള്ള ആര്‍ത്തി ശമിപ്പിക്കാന്‍ നല്ലതാണ്. മാത്രമല്ല കാലറിയും കൊഴുപ്പും കുറഞ്ഞ ഇത് രക്തത്തിലെ പഞ്ചസാരയുടേയും ഇന്‍സുലിന്റെയും അളവ് കൃത്യമാക്കാന്‍ സഹായിക്കുന്നു. ചെറുചൂടുവെള്ളത്തില്‍ ചെറുനാരങ്ങനീര് ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിലെ മറ്റ് ജീവപ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാന്‍ സഹായിക്കുന്നു.

അമിത കൊഴുപ്പ് കത്തിച്ചുകളയാനും തടി കുറയ്ക്കാനും ഇത് സഹായിക്കും.ഭക്ഷണത്തിനൊപ്പം ചെറുനാരങ്ങ ചേര്‍ത്ത് കഴിക്കുന്നത് വായ്‌നാറ്റം അകറ്റാന്‍ വളരെ നല്ലതാണ്.ഇതുകൂടാതെ പല്ല വേദനയകറ്റാനും മോണപ്പഴുപ്പ് തടയാനും ചെറുനാരങ്ങ നല്ലതാണ്. ഒരു നുള്ള് ഉപ്പും ബേക്കിംഗ് സോഡയും ചേര്‍ത്ത ചെറുനാരങ്ങ നീര് പല്ലില്‍ ഉരസിയാല്‍ പല്ലിന് വെണ്‍മ കൂടും. താരന്‍ ശല്യം കുറക്കാന്‍ സാധാരണ ഉപയോഗിക്കുന്ന എണ്ണയ്‌ക്കൊപ്പം കുറച്ച് ചെറുനാരങ്ങാനീര് കൂടി തലയോട്ടിയില്‍ തേച്ചു പിടിപ്പിച്ച് കുറച്ചു നേരം കഴിഞ്ഞ് കുളിക്കുക. ഇത് ദിവസേന ചെയ്താല്‍ താരന് നല്ല ശമനമുണ്ടാകും.

ദഹനത്തിനും ചെറുനാരങ്ങ സഹായിക്കും. മാത്രമല്ല ശരീരത്തിനകത്തുള്ള വിഷങ്ങളെ എല്ലാം തുടച്ചുനീക്കാനുള്ള കഴിവും ഈ പാനീയത്തിനുണ്ട്.
തൊണ്ടയിലെ പഴുപ്പിനും നെഞ്ചെരിച്ചിലിനും നല്ല ഔഷധമാണ് ചെറുനാരങ്ങ. മുറിവുണക്കാനും എല്ലുകളുടേയും ശരീരകലകളുടേയും ആരോഗ്യം വര്‍ധിപ്പിക്കാനും ചെറുനാരങ്ങ നല്ലതാണ്. മാത്രമല്ല മാനസിക പിരിമുറുക്കവും വിഷാദവും കുറച്ച് മാനസികോല്ലാസം കൂട്ടാനും ചെറുനാരങ്ങയ്ക്ക് കഴിവുണ്ട്.

Related Topics

Share this story