Times Kerala

ബിരുദ വിദ്യാര്‍ഥികളായ 400 പേരുടെ നാലുകോടി ഡോളറോളം വരുന്ന വിദ്യാഭ്യാസ വായ്പ ഏറ്റെടുത്ത് ശതകോടീശ്വരന്‍

 
ബിരുദ വിദ്യാര്‍ഥികളായ 400 പേരുടെ നാലുകോടി ഡോളറോളം വരുന്ന വിദ്യാഭ്യാസ വായ്പ ഏറ്റെടുത്ത് ശതകോടീശ്വരന്‍

ജോര്‍ജിയ: ബിരുദ വിദ്യാര്‍ഥികളായ 400 പേരുടെ നാലുകോടി ഡോളറോളം വരുന്ന വിദ്യാഭ്യാസ വായ്പ ഏറ്റെടുത്ത് ശതകോടീശ്വരന്‍. ആഫ്രിക്കന്‍- അമേരിക്കന്‍ ശതകോടീശ്വരനും വ്യാപാരിയുമായ റോബര്‍ട്ട് എഫ് സ്മിത്താണ് വിദ്യാര്‍ഥികളുടെ വായ്പ ഏറ്റെടുത്ത സുമനസ്സിനുടമ. ജോര്‍ജിയയിലെ മോര്‍ഹൗസ് കോളേജിലെ വിദ്യാര്‍ഥികളുടെ വായ്പയാണ് ഇദ്ദേഹം ഏറ്റെടുത്തത്. കോളേജിലെ ബിരുദദാന ചടങ്ങിലായിരുന്നു പ്രഖ്യാപനം.

ചടങ്ങില്‍ ഓണററി ഡിഗ്രി സ്വീകരിക്കാന്‍ എത്തിയതായിരുന്നു റോബര്‍ട്ട്. ഏകദേശം 4.4 ബില്യന്‍ ഡോളര്‍ ആസ്തിയാണ് റോബര്‍ട്ടിനുള്ളത്. കോര്‍ണല്‍, കൊളംബിയ സര്‍വകലാശാലകളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ റോബര്‍ട്ട്, രണ്ടായിരത്തില്‍ വിസ്റ്റാ ഇക്വിറ്റി പാര്‍ട്‌ണേഴ്‌സ് എന്ന സ്ഥാപനം ആരംഭിച്ചു. 2015ഓടെ ഏറ്റവും ധനികനായ ആഫ്രിക്കന്‍-അമേരിക്കന്‍ കോടീശ്വരനായി അദ്ദേഹം മാറിയതായി ഫോബ്‌സ് മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു.

റോബര്‍ട്ടിന്റെ പ്രഖ്യാപനം വിദ്യാര്‍ഥികളും മാതാപിതാക്കളും വളരെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. നേരത്തെ 150 ലക്ഷം യു എസ് ഡോളറിന്റെ സഹായം മോര്‍ഹൗസ് കോളേജിന് റോബര്‍ട്ട് വാഗ്ദാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാര്‍ഥികളുടെ വായ്പ ഏറ്റെടുക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. റോബര്‍ട്ടിന്റെ പ്രവൃത്തിയെ കോളേജിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനമെന്നാണ് കോളേജ് അധികൃതര്‍ വിശേഷിപ്പിച്ചത്.

മനുഷ്യാവകാശ പ്രവര്‍ത്തകനായ മാര്‍ട്ടിന്‍ ലൂതര്‍ കിങ് ജൂനിയര്‍, സിനിമാ സംവിധായകന്‍ സ്‌പൈക്ക് ലീ, നടന്‍ സാമുവേല്‍ എല്‍ ജാക്ക്‌സണ്‍ തുടങ്ങിയവര്‍ മോര്‍ഹൗസ് കോളേജിലെ പൂര്‍വവിദ്യാര്‍ഥികളായിരുന്നു.

Related Topics

Share this story