Times Kerala

കോവിഡിന്റെ പശ്ചാത്തലത്തിലും നേരത്തേയുള്ള സ്തനാര്‍ബുദ ലക്ഷണങ്ങള്‍ അവഗണിക്കരുത്

 
കോവിഡിന്റെ പശ്ചാത്തലത്തിലും നേരത്തേയുള്ള സ്തനാര്‍ബുദ ലക്ഷണങ്ങള്‍ അവഗണിക്കരുത്

കൊച്ചി: സ്തനാര്‍ബുദ നിര്‍ണയവും ചികില്‍സയും ഈ വര്‍ഷം നഗരത്തിലെ കാന്‍സര്‍ വിദഗ്ധര്‍ക്ക് വലിയ പഠന വിഷയമാകുന്നു. കോവിഡ്-19 പകര്‍ച്ച വ്യാധിയുടെ പശ്ചാത്തലത്തില്‍ സ്തനാര്‍ബുദ നിര്‍ണയവും ചികില്‍സയും വൈകിപ്പിക്കാനുള്ള തീരുമാനം വരും വര്‍ഷങ്ങളില്‍ കാന്‍സര്‍ മരണനിരക്ക് ഉയര്‍ത്തുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കോവിഡ്-19 പകര്‍ച്ചവ്യാധി അങ്ങനെ സ്തനാര്‍ബുദ രോഗികളുടെ ചികില്‍സയില്‍ വലിയ വെല്ലുവിളിയാകുകയാണ്.

ഈ കാലയളവില്‍ ആന്വേഷണങ്ങളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നും സ്തനങ്ങള്‍ പതിവായി പരിശോധിച്ചുകൊണ്ടിരിക്കണമെന്നും സംശയം തോന്നിയാല്‍ ബന്ധപ്പെട്ട ഡോക്ടര്‍മാരെ ഉടന്‍ സമീപിക്കണമെന്നും സ്ത്രീകളോട് ആവശ്യപ്പെടുകയാണ് കൊച്ചിയിലെ വിപിഎസ് ലേക്ക്‌ഷോര്‍ ആശുപത്രി മെഡിക്കല്‍ ഓങ്കോളജി മേധാവി ഡോ.വി.പി.ഗംഗാധരന്‍. എത്രയും നേരത്തെ കണ്ടെത്തുന്നോ അത്രയും എളുപ്പത്തില്‍ വിജയകരമായി ചികില്‍സിക്കാമെന്നും അദേഹം പറഞ്ഞു. സ്തനാര്‍ബുദ സ്‌ക്രീനിങും ചികില്‍സയും വൈകുന്നത് വരും ദശകങ്ങളില്‍ മോര്‍ട്ടാലിറ്റി നിരക്ക് വര്‍ധിപ്പിക്കുന്നതിലേക്ക് നയിക്കുമെന്നതിനാല്‍ അവരെ സുരക്ഷിതരാക്കാനും ആവശ്യമായ സഹായങ്ങള്‍ നല്‍കാനും ആശുപത്രികള്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്.

അതിജീവന നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിലും മരണനിരക്ക് കുറയ്ക്കുന്നതിലും സ്തനാര്‍ബുദ പരിശോധന പരിപാടികളുടെ സാധ്യതകള്‍ വ്യാപകമായി സ്ഥിരീകരിക്കുന്നുണ്ടെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രി ഓങ്കോളജിസ്റ്റ് ഡോ.അരുണ്‍ വാരിയര്‍ ചൂണ്ടിക്കാട്ടി. നേരത്തെ കണ്ടെത്തുന്ന സ്തനാര്‍ബുദം ചികില്‍സിക്കാന്‍ എളുപ്പവുമാണ് അതിജീവന സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. 40 വയസ് കഴിഞ്ഞവര്‍ വര്‍ഷത്തിലൊരിക്കലെങ്കിലും മാമോഗ്രാം എടുക്കുകയോ 30 വയസ് കഴിഞ്ഞവര്‍ സ്ഥിരമായി സ്തനങ്ങള്‍ സ്വയം പരിശോധിച്ചുകൊണ്ടിരിക്കുകയോ ചെയ്യണം.

കോവിഡ്-19ന്റെ ഈ പരീക്ഷണ കാലത്ത് ഫോണിലൂടെയും ഓണ്‍ലൈന്‍ വീഡിയോയിലൂടെയും വിദഗ്ധര്‍ കണ്‍സള്‍ട്ടേഷന്‍ നടത്തുന്നുണ്ട്. രോഗികളുടെ ലക്ഷണങ്ങളും മറ്റും പരിശോധിച്ച് ഭാവി പരിപാടികള്‍ തീരുമാനിക്കുന്നു. കോവിഡ്-19 പകര്‍ച്ചവ്യാധി മൂലം മാമോഗ്രാം വൈകുന്നുണ്ടെങ്കില്‍ ഡോക്ടര്‍മാരെ വിളിച്ച് അത് റീഷെഡ്യൂള്‍ ചെയ്യാനാണ് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.

സ്തനാര്‍ബുദം ഇപ്പോള്‍ നഗര വനിതകളില്‍ സര്‍വസാധാരണമായിരിക്കുകയാണ്. ഗ്രാമീണ വനിതകളുടെ കാര്യത്തില്‍ രണ്ടാമത്തെ സാധാരണ രോഗവുമാണ്. നഗരവല്‍ക്കരണവും ജീവിതശൈലി മാറ്റത്തെയും തുടര്‍ന്ന് 2030ഓടെ എണ്ണത്തില്‍ നാടകീയ കുതിപ്പുണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ഉദാസീനമായ ജീവിതശൈലിയും ജങ്ക് ഫൂഡും പുകവലിയുമാണ് ഇതിനു കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. കുടുംബ പാരമ്പര്യം ജനറ്റിക്‌സ് എന്നിവയ്ക്കും സ്ത്രീകളില്‍ സ്തനാര്‍ബുദം വര്‍ധിക്കുന്നതില്‍ നിര്‍ണായക പങ്കുണ്ട്. കുടുംബത്തില്‍ സ്തനാര്‍ബുദമുണ്ടെങ്കില്‍ അത് ഏറ്റവും കൂടുതല്‍ അപകടം വരുത്തുന്നത് 50 കഴിമ്പോള്‍ സ്ത്രീകളിലായിരിക്കും.

സ്പര്‍ശനത്തില്‍ എന്തെങ്കിലും അസാധാരണമായി ഉണ്ടോയെന്ന് പരിശോധിക്കുക. എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കില്‍ പരിശോധിക്കുക, ഡോക്ടറെ കാണുക. നിപ്പിള്‍ ഭാഗം, കക്ഷം, കോളര്‍ ബോണ്‍ ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ നിങ്ങള്‍ സ്വയം പരിശോധിക്കുമ്പോള്‍ തോന്നുന്ന എല്ലാ പ്രശ്‌നങ്ങളും അറിയിക്കണം.

സ്തനാര്‍ബുദം ഉറപ്പാക്കുന്ന രോഗികള്‍ക്ക് പ്ലാന്‍ ചെയ്ത പടിപടിയായുള്ള ചികില്‍സ ആവശ്യമാണ്. അവരവരുടെ രോഗസ്ഥിതി അനുസരിച്ചായിരിക്കും ചികില്‍സ. എത്രയും പെട്ടെന്ന് മെഡിക്കല്‍ സഹായം തേടിയാല്‍ അത്രയും പെട്ടെന്ന് സുഖം പ്രാപിക്കാം. കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ കാന്‍സര്‍ പരിശോധിക്കാന്‍ വൈകിയാല്‍ അത് ചിലപ്പോള്‍ മാരകമായേക്കാം.

Related Topics

Share this story