Times Kerala

ഗാസയില്‍ ഇസ്രായേല്‍ നയങ്ങളില്‍ പ്രതിഷേധം ശക്തം

 

ജറൂസലം: മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശിക്കുന്നതിന് പലസ്തീനികളെ വിലക്കുന്ന ഇസ്രായേല്‍ നയങ്ങളില്‍ പ്രതിഷേധം പുകയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അഖ്‌സയുടെ കവാടത്തില്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉള്‍പ്പെടെ സ്ഥാപിച്ചാണ് ഇസ്രായേല്‍ നിലപാട് കടുപ്പിച്ചത്. ഈ മെറ്റല്‍ ഡിറ്റക്ടറുകള്‍ നീക്കണമെന്നാണ് പലസ്തീനികളുടെ ആവശ്യം. ഇവരെ പിന്തുണച്ച് ഇന്നലെഗാസ മുനമ്പിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറൂസലേമിലും നടന്ന പ്രകടനങ്ങളെ ഇസ്രായേല്‍ പോലീസ് ബലംപ്രയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് സംഘര്‍ഷങ്ങള്‍ക്കിടയാക്കി. പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ ചൈനീസ് പര്യടനം വെട്ടിച്ചുരുക്കി പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് മടങ്ങി. നാലുദിവസത്തെ സന്ദര്‍ശനമായിരുന്നു ഷെഡ്യൂള്‍ ചെയ്തിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മസ്ജിദുല്‍ അഖ്‌സ ഉള്‍പ്പെടുന്ന ഹറമുശരീഫില്‍ നടന്ന വെടിവെപ്പില്‍ രണ്ട് ഇസ്രായേല്‍ പോലീസുകാര്‍ കൊല്ലപ്പെട്ടതാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് ജുമുഅക്കായി പലസ്തീനികളെ മസ്ജിദിലേക്ക് പ്രവേശിക്കാന്‍ ഇസ്രായേല്‍ അനുവദിച്ചില്ല. പിന്നീട് ഗ്രാന്‍ഡ് മുഫ്തി മുഹമ്മദ് ഹുസൈന്റെ നിര്‍ദേശമനുസരിച്ച് മസ്ജിദിന്റെ കവാടത്തിലാണ് നിസ്‌കാരം നടന്നത്. ദശകങ്ങള്‍ക്കുശേഷം ആദ്യമായാണ് മസ്ജിദില്‍ ജുമുഅ മുടങ്ങുന്നത്.

Related Topics

Share this story