Times Kerala

സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഇന്ന് മുതൽ തുറക്കും; ബീച്ചുകളിലേക്കുള്ള പ്രവേശനം പിന്നീട്

 

തിരുവനന്തപുരം: കോവിഡ് എന്ന മഹാമാരിയെ അതിജീവിച്ച് മുന്നേറാൻ ടൂറിസം മേഖലയും ഒരുങ്ങുന്നു. ഹിൽസ്റ്റേഷനുകളും സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളും കായലോര ടൂറിസം കേന്ദ്രങ്ങളും തുറക്കുന്നതിന് അനുമതിയായി. അതേസമയം, ബീച്ചുകൾ തുറക്കുക അടുത്ത മാസം ഒന്ന് മുതലായിരിക്കും. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കോവിഡ് മുൻകരുതലുകൾ കർശനമായി പാലിച്ചുകൊണ്ട് രണ്ട് ഘട്ടമായി പ്രവേശനത്തിന് അനുമതി നൽകുന്നതിനാണ് തീരുമാനമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.കഴിഞ്ഞ ആറ് മാസമായി ടൂറിസം മേഖലയും അതിനെ ആശ്രയിച്ചു ജീവിക്കുന്നവരും വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.

ഹിൽ സ്റ്റേഷനുകളിലും, സാഹസിക വിനോദകേന്ദ്രങ്ങളിലും, കായലോര ടൂറിസം കേന്ദ്രങ്ങളിലും സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വിനോദസഞ്ചാരികൾക്ക് ഉപാധികളോടെ പ്രവേശനം അനുവദിച്ചുകൊണ്ടു പുറപ്പെടുവിച്ച ഉത്തരവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഹൗസ് ബോട്ടുകൾക്കും മറ്റ് ടൂറിസ്റ്റ് ബോട്ടുകൾക്കും സർവീസ് നടത്താനും അനുമതി നൽകി.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾക്കും ഒരാഴ്ച വരെയുള്ള ഹ്രസ്വസന്ദർശനത്തിന് ക്വാറന്റൈൻ നിർബന്ധമില്ല. സംസ്ഥാനത്തിന് പുറത്ത് നിന്നുമെത്തുന്ന സഞ്ചാരികൾ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഏഴ് ദിവസം കഴിഞ്ഞും മടങ്ങുന്നില്ലെങ്കിൽ, ടൂറിസ്റ്റുകൾ സ്വന്തം ചെലവിൽ കോവിഡ് പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. ഏഴ് ദിവസത്തിൽ കൂടുതൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർ കോവി‍ഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുകയോ, കേരളത്തിൽ എത്തിയാൽ ഉടൻ കോവിഡ് പരിശോധന നടത്തുകയോ ചെയ്യണം. അതല്ലെങ്കിൽ ആ സഞ്ചാരികൾ ഏഴ് ദിവസം ക്വാറന്റൈനിൽ പോകേണ്ടിവരും. കോവിഡ് രോഗലക്ഷണങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ ടൂറിസ്റ്റുകൾ യാത്ര ചെയ്യാൻ പാടില്ലെന്ന് ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.

Related Topics

Share this story