Nature

ഹത്രാസ് പെൺകുട്ടിയുടെ പിതാവിനെ മൊഴി മാറ്റാൻ ഭീഷണിപ്പെടുത്തി മജിസ്ട്രേറ്റ്; വിഡിയോ പുറത്ത്

ഹത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രതിഷേധങ്ങൾ ശക്തമാകുകയാണ്. ഇതിനിടെ, രാജ്യത്തെ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. പെൺകുട്ടിയുടെ പിതാവിനെ ഹത്രാസ് ജില്ലാ മജിസ്ട്രേറ്റ് പ്രവീൺ കുമാർ ലക്ഷർ ഭീഷണിപ്പെടുത്തി മൊഴിമാറ്റാൻ ശ്രമിച്ചു. മാധ്യമങ്ങൾ ഉടൻ ഇവിടെനിന്നു പോകുമെന്നും പിന്നെ ഞങ്ങൾ മാത്രമേ ഉണ്ടാകൂ എന്നും പ്രവീൺ കുമാർ പറയുന്നതിന്റെ വിഡിയോയാണ്  പുറത്ത് വന്നത്.

“മാധ്യമങ്ങളിൽ പകുതിയും ഇന്നു മടങ്ങി. ബാക്കിയുള്ളവർ നാളെ തിരിച്ചുപോകും. ഞങ്ങൾ മാത്രമേ നിങ്ങളുടെ കൂടെ നിൽക്കൂ. നിങ്ങളുടെ മൊഴി മാറ്റണോ വേണ്ടയോ എന്നു നിങ്ങൾതന്നെയാണു തീരുമാനിക്കേണ്ടത്.” – പെൺകുട്ടിയുടെ പിതാവിനോടു പ്രവീൺ പറയുന്നു. ഭീഷണിയെപ്പറ്റി മാധ്യമങ്ങൾ ചോദിച്ചപ്പോൾ ജില്ലാ മജിസ്ട്രേറ്റ് നിശബ്ദത പാലിച്ചു. സംഭവം കൈകാര്യം ചെയ്ത രീതിക്കെതിരെ ഹത്രാസ് ജില്ലാ ഭരണകൂടവും ഉത്തർപ്രദേശ് പൊലീസും കടുത്ത വിമർശനം നേരിടുന്നതിനിടെയാണു വിഡിയോ പുറത്തുവന്നത്.

കുടുംബത്തിന്റെ സമ്മതമില്ലാതെയാണ് അർധരാത്രിയിൽ പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചതെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു. സംസ്‌കരിച്ച വ്യക്തിയുടെ പേരു പറയാൻ കഴിയില്ലെന്നു ചോദ്യത്തിനു മറുപടിയായി ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു. മൃതദേഹം കയറ്റിയ ആംബുലൻസ് നാട്ടുകാരായ സ്ത്രീകൾ തടഞ്ഞിട്ടതായും ശവസംസ്കാര സമയത്തു സഹോദരൻ സന്നിഹിതനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിനുശേഷം കുടുംബത്തിന്റെ സുരക്ഷ നഷ്ടപ്പെട്ടെന്നു പെൺകുട്ടിയുടെ മൂത്ത സഹോദരി പറഞ്ഞു. വീടിനു പുറത്തുള്ള പൊലീസുകാർ പ്രതിയുടെ ബന്ധുക്കൾ നൽകുന്ന ഭക്ഷണമാണു കഴിച്ചതെന്നും അവർ ആരോപിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.