Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം; സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം

യുപിയിലെ ഹത്രാസില്‍ കൂട്ടബലാല്‍സംഗത്തിനിരയായ ദലിത് യുവതിയുടെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. കേസ് യു.പിയില്‍നിന്ന് ഡല്‍ഹിയിലേക്ക് മാറ്റണമെന്നും ആവശ്യം. പെണ്‍കുട്ടിയുടെ കുടുംബത്തിന് യു.പി. സര്‍ക്കാര്‍ 25 ലക്ഷം  ധനസഹായം പ്രഖ്യാപിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സംഭവം അന്വേഷിക്കാൻ ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ മൂന്നംഗ സമിതിയെ നിയോഗിച്ചതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

വിഷയത്തില്‍ സ്വമേധയാ കേസെടുക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കും കത്തയച്ചു

മൃതദേഹം കുടുംബത്തെ അവസാനമായി കാണിക്കാതെ യുപി പൊലീസ് രഹസ്യമായി സംസ്കരിച്ചു.  കുടുംബത്തിന്‍റെ എതിര്‍പ്പ് മറികടന്ന് പുലര്‍ച്ചെയായിരുന്നു സംസ്കാരം. പൊലീസിന്‍റെ നടപടി അന്യായമാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉറപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയോട് നിര്‍ദേശിച്ചു.

രാജ്യത്തെ അമ്മമാരുടെ വിലാപങ്ങൾ അവസാനിക്കുന്നില്ല. ക്രൂര പീഡനത്തിനിരയായ മകളെ സംസ്കരിക്കുന്നതിന് മുൻപ് അവസാനമായി കാണുന്നതിൽ നിന്നും  അമ്മയെ യു.പി പോലീസ് തടഞ്ഞു. പുലര്‍ച്ചെ രണ്ടേമുക്കാലോടെ കുടുംബത്തെ മാറ്റി നിർത്തിയാണ്  പൊലീസ് യുവതിയെ സംസ്കരിച്ചത്.  മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും പൊലീസ് നിരാകരിച്ചു. ഹിന്ദുമത ആചാരപ്രകാരം രാവിലെ സംസ്കരിക്കാമെന്ന ആവശ്യവും അംഗീകരിച്ചില്ലെന്ന് സഹോദരന്‍ പറ‍ഞ്ഞു

എന്നാൽ, കുടുംബത്തിന്‍റെ സമ്മതത്തോടെയാണ്  സംസ്കാരം നടത്തിയതെന്നാണ് യു.പി പൊലീസിന്‍റെ വിശദീകരണം. അവസാനം അന്ത്യകര്‍മങ്ങള്‍  നടത്താനുള്ള കുടുംബത്തിന്‍റെ അവകാശങ്ങളും അപഹരിക്കപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഹത്രാസ്  ഇരയെ അക്രമികൾ  ക്രൂരമായി ബലാല്‍സംഗം ചെയ്തു, എന്നാല്‍, ഇന്നലെ മുഴുവന്‍ വ്യവസ്ഥിതിയുമാണ് അവളെ ക്രൂരമായി പീഡിപ്പിച്ചതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ പ്രതികരിച്ചു.

You might also like

Comments are closed.