Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോവിഡ് തുടരുന്നു; സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലാതെ സജീവമായി പോലീസ്

പത്തനംതിട്ട; കോവിഡ് ബാധയുണ്ടായി ജില്ലാ ഏഴുമാസം പൂര്‍ത്തിയാക്കുമ്പോള്‍ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പിനും മറ്റ് വകുപ്പുകള്‍ക്കുമൊപ്പം സജീവമായി നിലകൊള്ളുകയാണ് പത്തനംതിട്ട ജില്ലയിലെ പോലീസും.

മഹാമാരിയുടെ തുടക്കത്തിലാണ് ജില്ലാ പോലീസ് മേധാവിയായി ജില്ലയെ നയിക്കാന്‍ കെ.ജി സൈമണ്‍ എത്തുന്നത്. ഇറ്റലിയില്‍നിന്നും വന്ന കുടുംബത്തിലെ അംഗങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ് ആയതിന്റെ ഭീതിയില്‍ ജില്ല പകച്ചുനിന്നപ്പോള്‍ മറ്റു സര്‍ക്കാര്‍ വകുപ്പുകള്‍ക്കൊപ്പം രോഗവ്യാപനം തടയാനുള്ള നടപടികള്‍ വെല്ലുവിളിയായി ഏറ്റെടുത്തു നടപ്പിലാക്കാന്‍ ജില്ലാപോലീസ് കൈമെയ് മറന്നു മുന്നിട്ടിറങ്ങി. പതിവ് ഡ്യൂട്ടികളില്‍ നിന്നും ഭിന്നമായി പോലീസിന്റെ കര്‍ത്തവ്യ നിര്‍വഹണത്തില്‍ സമൂലമായ മാറ്റങ്ങളുണ്ടായി. വാഹനപരിശോധന, നിയമലംഘനങ്ങള്‍ക്കു പിഴയീടാക്കലില്‍ നിന്നൊഴിവാക്കി ബോധവല്‍ക്കരണത്തിലും ലോക്ക്ഡൗണ്‍ വിലക്കുകള്‍ ലംഘിക്കുന്നത് തടഞ്ഞു നടപടിയെടുക്കുന്നതിലും കേന്ദ്രീകരിച്ചു.

കോവിഡ് നിയന്ത്രത്തിന് ഉപകരിക്കുംവിധം ജില്ലാപോലീസിന്റെ ഡ്യൂട്ടികള്‍ പുനഃക്രമീകരിക്കുകയും പ്രാഥമികമായി ജില്ലാപോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിക്കുകയും ചെയ്തു. ലോക്ക്ഡൗണിനൊപ്പം നിരോധനാജ്ഞകൂടി പ്രഖ്യാപിക്കപ്പെട്ടതോടെ പലതവണ റൂട്ട്മാര്‍ച്ചുകള്‍ നടത്തിയും നിരത്തുകളില്‍ ആളുകള്‍ കൂട്ടംകൂടാതിരിക്കാന്‍ ശക്തമായ നടപടിയെടുത്തും അന്നൗണ്‍സ്‌മെന്റും മറ്റും നടത്തിയും ജനങ്ങളിലെ ഭീതി ഒഴിവാക്കാന്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചു. ബോധവല്‍ക്കരണം നടത്തിയും ക്വാറന്റീനിലുള്ളവരെ നിരീക്ഷിക്കല്‍, സഹായങ്ങള്‍ എത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ജനമൈത്രി പോലീസിനെ ഏല്‍പിച്ചും ജില്ലാപോലീസ് മേധാവി ശക്തമായ നടപടികളെടുത്തു.

വിവിധ പ്രവര്‍ത്തനങ്ങളില്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ചു

അതിര്‍ത്തിപ്രദേശങ്ങളില്‍ പഴുതടച്ച വാഹനപരിശോധന ഉറപ്പാക്കി. അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തി. സത്യവാങ്മൂലം അടിസ്ഥാനമാക്കി അടിയന്തര യാത്രകള്‍ അനുവദിച്ചു. സാമൂഹ്യ അകലം പാലിക്കാത്തത് പോലെയുള്ള ലംഘനങ്ങള്‍ നിയമപരമായി തടഞ്ഞു. വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍ തുടങ്ങിയ നിയമവ്യവസ്ഥകള്‍ ചേര്‍ത്ത് കേസുകളെടുത്തു. വാഹനങ്ങള്‍ പിടിച്ചെടുത്തു. നിലവിലെ സബ് ഡിവിഷനുകള്‍ക്കു പുറമെ നാലു കോവിഡ് സബ് ഡിവിഷനുകള്‍ രൂപീകരിച്ചു ഡിവൈഎസ്പി മാരെ ചുമതല ഏല്പിച്ചു. വിജിലന്‍സ്, ക്രൈം ബ്രാഞ്ച് പോലീസ് ട്രെയിനികള്‍ തുടങ്ങിയവരെ കോവിഡ് നിയന്ത്രണ ഡ്യൂട്ടികള്‍ക്കു നിയോഗിച്ചു. ജില്ലാ ആസ്ഥാനത്ത് സ്‌ട്രൈക്കിങ് ഫോഴ്‌സിനെ ഏര്‍പ്പെടുത്തി. 112 ടോള്‍ ഫ്രീ നമ്പറില്‍ ജനങ്ങള്‍ക്കു സഹായങ്ങള്‍ ഉറപ്പാക്കി. എസ്പിസി പദ്ധതി പ്രയോജനപ്പെടുത്തി പൊതുജനസേവനം ലഭ്യമാക്കി. മദ്യ-ലഹരിമരുന്ന് വിപണനം, അനധികൃത മണല്‍-പാറ കടത്തല്‍, പച്ചമണ്ണ് കടത്തല്‍ എന്നിവയ്ക്കെതിരെ കടുത്ത നടപടികള്‍ എടുത്തു. നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഷാഡോ, ഡാന്‍സാഫ് ടീമുകളെ ഉപയോഗപ്പെടുത്തി. ഇങ്ങനെയുള്ള ജോലികള്‍ ഏറ്റെടുത്തു പോലീസ് അവിശ്രമം കര്‍മ മണ്ഡലത്തില്‍ നിറഞ്ഞുനിന്നു.

കുറ്റകൃത്യങ്ങള്‍ വന്‍തോതില്‍ കുറഞ്ഞു

കുറ്റകൃത്യങ്ങള്‍ വന്‍തോതില്‍ കുറഞ്ഞുവെന്നത് എടുത്തുപറയത്തക്ക കാര്യമാണ്. ഗുതുതര കുറ്റകൃത്യങ്ങള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ചു കുറവായിരുന്നു കോവിഡ് കാലത്ത്. അതിഥിതൊഴിലാളികള്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തതും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ജില്ലയ്ക്ക് ലഭിച്ച പുതിയ വനിതാപോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങിയതും ക്രൈം കോണ്‍ഫറന്‍സ് ക്രൈം ഡ്രൈവിലൂടെ നടത്തിയതും പ്രതിയെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ആദ്യമായി ക്രൈം ഡ്രൈവിലൂടെ കോടതി മുന്‍പാകെ ഹാജരാക്കുവാനും കഴിഞ്ഞു.

‘ലേണ്‍ ടു ലീവ് വിത്ത് കോവിഡ് 19’എന്ന പേരില്‍ കോവിഡ് ബോധവത്കരണത്തിന് പുതിയ പദ്ധതി നടപ്പാക്കി. പ്രതികളായ ആളുകളില്‍നിന്നും രോഗവ്യാപനമുണ്ടായത് കണക്കിലെടുത്ത് അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ സബ്ഡിവിഷന്‍ തലത്തില്‍ പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിച്ചു. മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കി. ഇങ്ങനെയുള്ള കാര്യങ്ങളില്‍ പോലീസ് പതിവില്‍ കവിഞ്ഞ കര്‍ത്തവ്യങ്ങള്‍ ഏറ്റെടുത്ത് കോവിഡ് കാലത്ത് സജീവമായി ഇടപെട്ട് പ്രവര്‍ത്തിക്കുകയാണ്.

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനകള്‍ക്കെതിരെ കര്‍ശന നടപടി

മാസ്‌ക് ധരിക്കല്‍, സാനിറ്റൈസര്‍ ഉപയോഗിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, കൂട്ടം കൂടുന്നത് നിയന്ത്രിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നു. കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്കെതിരെ പകര്‍ച്ചവ്യാധി തടയല്‍, ദുരന്തനിവാരണ നിയമവകുപ്പുകള്‍ ചേര്‍ത്ത് കേസുകള്‍ എടുക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികളെടുത്തും പോലീസ് കൂടുതലായി ജോലിഭാരം ഏറ്റെടുത്തു.

പ്രവര്‍ത്തനശൈലി മാറ്റി കര്‍ത്തവ്യനിര്‍വഹണം

ഏഴുമാസം കൊണ്ടു പ്രവര്‍ത്തനശൈലി കാര്യമായി മാറ്റപ്പെട്ട പോലീസ് കര്‍ത്തവ്യനിര്‍വഹണം നടത്തി. നിയമ പാലനത്തിനൊപ്പം ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ നിയന്ത്രിക്കുന്നത് മുതല്‍ കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കുക, ജീവന്‍രക്ഷാ ഔഷധങ്ങള്‍ എത്തിക്കുക, കണ്ടെയ്ന്‍മെന്റ് സോണുകളുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തും പോലീസ് അധികഭാരം ഏറ്റെടുത്തു പ്രവര്‍ത്തിച്ചു.

നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ കേസുകളില്‍ ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. അണ്‍ലോക്ക് നാലാംഘട്ടം തുടങ്ങിയതുമായി ബന്ധപ്പെട്ടും ഇളവുകള്‍ ലംഘിക്കുന്നുണ്ടോ എന്നതും പോലീസ് നിരീക്ഷിച്ചുവരുന്നു. കോവിഡ് ആരംഭം മുതല്‍ സെപ്റ്റംബര്‍ 28 വരെ ജില്ലയില്‍ ആകെ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 21215 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 22158 പ്രതികളെ അറസ്റ്റ് ചെയ്യുകയും 14575 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.

You might also like

Comments are closed.