Times Kerala

ശസ്ത്രക്രിയാ പിഴവ് : അബോധാവസ്ഥയിലായ യുവതിയുടെ ചികിത്സാ ചെലവ് അബുദാബി കിരീടാവകാശി വഹിക്കും

 
ശസ്ത്രക്രിയാ പിഴവ് : അബോധാവസ്ഥയിലായ യുവതിയുടെ ചികിത്സാ ചെലവ് അബുദാബി കിരീടാവകാശി വഹിക്കും

ദുബായ്: മൂക്കിന്റെ വളവ് നിവര്‍ത്തനുള്ള ശസ്ത്രക്രിയക്കിടെ അബോധാവസ്ഥയിലായ 24കാരിയുടെ ചികിത്സാ ചിലവ് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ പൂര്‍ണ്ണമായി ഏറ്റെടുക്കും. യുവതിയെ വിദേശത്ത് കൊണ്ടുപോയി ചികിത്സിക്കാനാണ് ഷേഖിന്റെ തീരുമാനം. ശസ്ത്രക്രിയക്കിടെ ഡോക്ടര്‍മാരുടെ പിഴവ് കാരണമാണ് യുവതി ‘കോമ’യിലായതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസം 23ന് ദുബായിലെ ഫസ്റ്റ് മെഡ് ഡേ സര്‍ജറി സെന്ററില്‍ നടന്ന ശസ്ത്രക്രിയക്കിടെയാണ് രോഗി ഗുരുതരാവസ്ഥയിലാവുകയും തുടര്‍ന്ന് ‘കോമ’ അവസ്ഥയിലാവുകയും ചെയ്തത്. സ്വദേശി യുവതിക്കാണ് ശസ്ത്രക്രിയക്കിടെ ഹൃദയസ്തംഭനവും മസ്തിഷ്കാഘാതവുമുണ്ടായത്. സംഭവത്തില്‍ ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ഹോസ്പിറ്റലില്‍ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കെ അനസ്തറ്റിസ്റ്റ് പുകവലിക്കാനും കാപ്പി കുടിക്കാനുമായി പുറത്തുപോയെന്ന് കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതീവ ഗുരുതരാവസ്ഥയില്‍ മറ്റൊരു ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യുവതിക്ക് ഇത്രയും ദിവസം കഴിഞ്ഞിട്ടും ബോധം തെളിഞ്ഞിട്ടില്ല.അന്വേഷണം പൂര്‍ത്തിയാവുന്നതോടെ ഡോക്‌ടര്‍മാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ദുബായ് ഹെല്‍ത്ത് അതോരിറ്റി, ഹെല്‍ത്ത് റെഗുലേഷന്‍ സെക്ടര്‍ സിഇഒ ഡോ. മര്‍വാന്‍ അല്‍ മുല്ല അറിയിച്ചു. മൂക്കിന്റെ വളവ് നിവര്‍ത്തുന്നതിനുള്ള ശസ്ത്രക്രിയക്കാണ് യുവതി ആശുപത്രിയില്‍ എത്തിയത്.

Related Topics

Share this story