Times Kerala

ചെങ്ങന്നൂരിലെ വിഗ്രഹ മോഷണത്തിൽ അടിമുടി ദുരൂഹത, സംഭവത്തിന് പിന്നിൽ ഉടമകൾ തന്നെയെന്ന് സൂചന.!

 
ചെങ്ങന്നൂരിലെ വിഗ്രഹ മോഷണത്തിൽ അടിമുടി ദുരൂഹത, സംഭവത്തിന് പിന്നിൽ ഉടമകൾ തന്നെയെന്ന് സൂചന.!

ആലപ്പുഴ : ചെങ്ങന്നൂരിലെ വിഗ്രഹനിര്‍മ്മാണശാല അക്രമിച്ച് കവർച്ച നടത്തിയതായി പറയപ്പെടുന്ന പഞ്ചലോഹ വിഗ്രഹം കണ്ടെത്തി. ചെങ്ങന്നൂർ പണിക്കേഴ്സ് ഗ്രാനൈറ്റ്സിൽ നിന്നും കാണാതായ അയ്യപ്പൻ്റെ പഞ്ചലോഹ വിഗ്രഹമാണ് മുളക്കുഴ പണിക്കേഴ്‌സ് ഗ്രാനൈറ്റ്സിനും എം.സി റോഡിനും ഇടയിലുള്ള കാടുപിടിച്ച ഭാഗത്തു നിന്നുമാണ് കണ്ടെത്തിയത്. എം.സി റോഡിന് സമീപം കാടുപിടിച്ച ഭാഗത്തു നിന്നും കാട് വെട്ടിതെളിക്കുന്നതിനിടെയിലാണ് വിഗ്രഹം കണ്ടെത്തിയത് എന്നാണ് ഉടമകൾ നൽകുന്ന വിശദീകരണം. എന്നാൽ നിർമ്മാണശാല ഉടമകളെ പൊലീസ് ചോദ്യം ചെയ്‌തപ്പോഴാണ് സംഭവത്തിൽ കൂടുതൽ വ്യക്തത വന്നത്.

ഫോറൻസിക്ക് വിദഗ്ദ്ധരെ ഉൾപ്പടെ എത്തിച്ച് നടത്തിയ അന്വേഷണത്തിൽ ഉടമകൾ തന്നെ മെനഞ്ഞ കഥയാണ് വിഗ്രഹമോഷണമെന്ന സംശയത്തിലാണ് പോലീസ്. ഉടമകളും തൊഴിലാളികളും പൊലീസിന് നൽകിയ മൊഴികളിലെ വൈരുധ്യവും വിഗ്രഹത്തിന്‍റെ വിലയും തൂക്കവും സംബന്ധിച്ച കാര്യങ്ങളും തമ്മിൽ വിശകലം ചെയ്തതിൽ നിന്ന് ഇത് ആസൂത്രിതമായി മെനഞ്ഞൊരു കഥയാവാനാണ് സാധ്യതയെന്നാണ് പൊലീസ് നൽകുന്ന സൂചന.

വിഗ്രഹ നിര്‍മ്മാണശാലയിൽ ആയുധങ്ങളുമായി അതിക്രമിച്ചെത്തിയാണ് സംഘം കവർച്ച നടത്തിയത് എന്നും നിരവധി ബൈക്കുകളിലും കാറിലുമായി എത്തിയ സംഘം ജീവനക്കാരെയും തടയാനെത്തിയ ഉടമകളെയും മര്‍ദ്ദിച്ച ശേഷം അറ്പത് കിലോ തൂക്കം വരുന്ന അയ്യപ്പ വിഗ്രഹം അപഹരിച്ചു എന്നുമാണ് സ്ഥാപനയുടമകളായ തട്ടാവിളയില്‍ മഹേഷ് പണിക്കര്‍, പ്രകാശ് പണിക്കര്‍ എന്നിവർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

മുന്‍ ജീവനക്കാരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കവർച്ച നടത്തിയതെന്നും ഉടമകള്‍ ആരോപിച്ചിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ നിന്നും ഒരുസംഘം നിർമ്മാണശാലയിലെത്തി ആക്രമണം നടത്തിയതല്ലാതെ അവിടെ നിന്ന് മോഷണം നടത്തിയതിന് തെളിവുകൾ ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല. ചെങ്ങന്നൂര്‍ ഡിവൈഎസ്‌പി പിവി ബേബി, ചെങ്ങന്നൂർ സി.ഐ.ജോസ് മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Related Topics

Share this story