Times Kerala

കോഴിക്കോട് പ്രണയിച്ചു വീടുവിട്ടിറങ്ങിയ യുവതിയെയും യുവാവിനെയും കൊലപ്പെടുത്താൻ ക്വട്ടേഷൻ; 29 പേര്‍ക്കെതിരെ കേസ്

 
കോഴിക്കോട് പ്രണയിച്ചു വീടുവിട്ടിറങ്ങിയ യുവതിയെയും യുവാവിനെയും കൊലപ്പെടുത്താൻ ക്വട്ടേഷൻ; 29 പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: പ്രണയിച്ചു വീടുവിട്ടിറങ്ങിയ യുവതിയെയും യുവാവിനെയും കൊലപ്പെടുത്താൻ ഇരുവരുടേയും വീട്ടുകാര്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ചു. നാദാപുരത്ത് ആണ് ഞെട്ടിക്കുന്ന സംഭവം. ക്വട്ടേഷന്‍ സംഘങ്ങള്‍ കമിതാക്കളുടെ ബന്ധുക്കളുടെ വീട്ടിലെത്തി അക്രമം അഴിച്ചുവിട്ടുവെന്നാണ് പരാതി. അക്രമികളുടെ മര്‍ദനത്തില്‍ പരുക്കേറ്റ് അ‍ഞ്ച് പേര്‍ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇരു വീട്ടുകാരുടെയും എതിര്‍പ്പ് അവഗണിച്ചാണ് കഴിഞ്ഞ ദിവസം മുഹമ്മദും ആലിയയും വീടുവിട്ടിറങ്ങിയത്. ഇതോടെ ഇരുവീട്ടുകാരും ഇവര്‍ക്കെതിരെ തിരിയുകയായിരുന്നു. ഇരുവരെയും ഇല്ലാതാക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ആദ്യം ഭീഷണിപ്പെടുത്തി. ഫലം കാണാതായപ്പോള്‍ വീട്ടിലെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു.

സംഭവത്തിൽ കണ്ടാലറിയാവുന്ന 19 പേരുള്‍പ്പെടെ 29 പേര്‍ക്കെതിരെയാണ് നാദാപുരം പൊലിസ് കേസെടുത്തത്. ജാമ്യമില്ലാവകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെങ്കിലും ആരെയും ഇതുവരെ പിടികൂടാനായിട്ടില്ല. എല്ലാവരും ഒളിവിലാണെന്നാണ് സൂചന.

Related Topics

Share this story