Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ഗാന്ധിജയന്തി: സംസ്ഥാന പാത ശുചീകരിക്കും

ഇടുക്കി;  ഗാന്ധി ജയന്തി ദിനത്തില്‍ തൊടുപുഴ – മുട്ടം സംസ്ഥാന പാതയില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി സേവനനിരതരാകും. ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. അപകട രഹിത – മാലിന്യ രഹിത – സുരക്ഷിത യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുശുചീകരണ ജോലികള്‍ നടത്തുക. തൊടുപുഴ – മുട്ടം സ്റ്റേറ്റ് ഹൈവേയില്‍ അടുത്തിടെ ഒട്ടനവധി വാഹനാപകടങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തിലാണ് ലീഗല്‍ സര്‍വീസ് അതോറിറ്റി സുരക്ഷിത യാത്രാ പദ്ധതി നടപ്പാക്കുന്നത്.

ഇതിന്റെ ഭാഗമായി റോഡരികില്‍ സുരക്ഷാ സംവിധാനങ്ങളും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കല്‍, റോഡിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരങ്ങളുടെയും ചെടികളുടേയും ശാഖകള്‍ മുറിച്ച് നീക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ നടത്തും. അപകടാവസ്ഥ സൃഷ്ടിക്കുന്ന വൈദ്യുതി തൂണുകള്‍, വാട്ടര്‍ പൈപ്പ് ലൈന്‍ തുടങ്ങിയവ അതാത് വകുപ്പ് അധികൃതരുടെ സഹായത്തോടെ നേരെയാക്കും. റോഡിന്റെ വശങ്ങളില്‍, തൊടുപുഴ ആറിനോട് ചേര്‍ന്ന് വന്‍തോതില്‍ മാലിന്യങ്ങള്‍ തള്ളുന്നത് തടയുന്നതിനുള്ള നടപടിയും കൈക്കൊള്ളും. ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ റോഡിനിരുവശവുമുള്ള തടസ്സങ്ങളും റോഡിന്റെ അപാകതകളും പരിഹരിക്കുന്നതിന് പുറമെ, റോഡിന്റെ വശങ്ങളില്‍ അലങ്കാര ചെടികള്‍ നട്ട് റോഡിനെ സൗന്ദര്യവല്‍ക്കരിക്കുന്നതും പദ്ധതിയുടെ ഭാഗമാണെന്ന് ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സെക്രട്ടറിയും സബ്ജഡ്ജുമായ ദിനേശ് എം പിള്ള പറഞ്ഞു.

ഇതിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട അവലോകന യോഗം മുട്ടം ബാര്‍ അസോസിയേഷന്‍ ഹാളില്‍ നടത്തി. ഒക്ടോബര്‍ രണ്ടാം തീയതി രാവിലെ എട്ടുമണിക്ക് മ്രാല, ഗാന്ധി പ്രതിമയുടെ മുമ്പില്‍ ഒത്തുചേര്‍ന്ന്, പുഷ്പാര്‍ച്ചയ്ക്കും ഭരണഘടനാ പ്രതിജ്ഞക്കും ശേഷം നാലു ഗ്രൂപ്പുകളായി തിരിഞ്ഞ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനാണ് തീരുമാനം. യോഗത്തില്‍ തൊടുപുഴ ഡിവൈ.എസ്.പി, തൊടുപുഴ ജോയിന്റ് ആര്‍.ടി.ഒ., പോലീസ്, ഫോറസ്റ്റ്, റവന്യൂ പി.ഡബ്ല്യു.ഡി, കെ.എസ.്ഇ.ബി., പഞ്ചായത്ത്, എക്സസൈസ്, യുവജന ക്ഷേമ ബോര്‍ഡ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും തൊടുപുഴ ബാര്‍ അസോസിയേഷന്‍, ലയണ്‍സ് ക്ലബ്, ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍, റസിഡന്‍ഷ്യല്‍ അസോസിയേഷന്‍, ഐ.എം.എ., വര്‍ക്ക് ഷോപ്പ് അസോസിയേഷന്‍, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍, മലങ്കര എസ്റ്റേറ്റ് തുടങ്ങിയവയുടെ ഭാരവാഹികളും പങ്കെടുത്തു.

You might also like

Comments are closed.