കോഴിക്കോട് ജില്ലാപഞ്ചായത്തിന്റെ സ്നേഹസ്പര്‍ശം പദ്ധതിയിലൂടെ വൃക്ക, കരള്‍ മാറ്റിവെച്ചവര്‍ക്ക് നല്കികൊണ്ടിരിക്കുന്ന സൗജന്യമരുന്നുകള്‍ ഒക്ടോബര്‍ മുതല്‍ ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ ഗുണഭോക്താക്കളുടെ വീട്ടിലെത്തിക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി അറിയിച്ചു.
കോവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലയുടെ പല ഭാഗങ്ങളിലുമുള്ള പദ്ധതി ഗുണഭോക്താക്കള്‍ മരുന്നിനായി നഗരത്തിലെ ഓഫീസില്‍ വരുന്നത് ഒഴിവാക്കാനാണ് ജില്ലാപഞ്ചായത്ത് പ്രസിഡണ്ടും ജില്ലാകളക്ടറും ചേര്‍ന്ന് തീരുമാനം എടുത്തത്.
ഗുണഭോക്താക്കളുടെ പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങിയ മരുന്നു പാക്കറ്റുകള്‍ അതത് സ്വയംഭണ സ്ഥാപനങ്ങള്‍ ചുമതലപ്പെടുത്തുന്ന ആര്.ആര്.ടി വളണ്ടിയര്‍മാര്‍ സ്നേഹസ്പര്‍ശം ഓഫീസിലെത്തി ശേഖരിച്ച് ഗുണഭോക്താക്കളുടെ വീട്ടിലെത്തിക്കും. ഇതുസംബന്ധിച്ച നിര്‍ദേശം ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കും അയച്ചിട്ടുണ്ട്. ലഭിക്കാത്തവര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. 2013മുതല്‍ സ്നേഹസ്പര്‍ശത്തിലൂടെ വൃക്ക മാറ്റിവെച്ചവര്‍ക്ക് സൗജന്യമായി എല്ലാമാസവും ജില്ലാപഞ്ചായത്ത് മരുന്നു നല്‍കുന്നുണ്ട്. കരള്‍ മാറ്റിവെച്ചവരേയും ഈ പദ്ധതിയില്‍ ഊള്പ്പെടുത്തിയിട്ടുണ്ട്. 15 ലക്ഷത്തിലേറെ വിലവരുന്ന മരുന്നുകളാണ് ഓരോമാസവും നല്‍കുന്നത്. ഇത് കൂടാതെ 1300 ഓളം ഗുണഭോക്താക്കള്‍ക്ക് ഡയാലിസിസിനായ് ധനസഹായം, മൂന്ന് സൈക്കാട്രി ക്ലിനിക്കുകള്‍, കെയര്‍സെന്റര്‍ എന്നിവ വെറേയും ഉണ്ട്. വര്‍ഷത്തില്‍ നാലുകോടിയോളം രൂപ ഈ പദ്ധതിയിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജില്ലാപഞ്ചായത്ത് ജനങ്ങളില്‍ എത്തിക്കുന്നുണ്ട്.
Comments are closed.