തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നാളെ സർവകക്ഷി യോഗം ചേരും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലാണ് യോഗം ചേരുക. നിലവിലെ സാഹചര്യത്തിൽ ലോക്ക് ഡൗൺ വേണമോ എന്നതടക്കമുള്ള കാര്യങ്ങൾ നാളെ യോഗത്തിൽ ചർച്ച ചെയ്യും.
സംസ്ഥാനത്ത് രോഗ വ്യാപനം രൂക്ഷമായി തുടരുകയാണ്. എല്ലാ ജില്ലകളിലും രോഗികൾ വർധിച്ചു. പ്രതിരോധ പ്രവർത്തനങ്ങളടക്കം പാളിയെന്നാണ് പൊതുവായ വിലയിരുത്തൽ. രോഗികളുടെ എണ്ണത്തോടൊപ്പം മരണ നിരക്കും ഉയരുന്നതോടെയാണ് സ്ഥിതിഗതികൾ വിലയിരുത്താൻ സർവകക്ഷി യോഗം ചേരാൻ തീരുമാനിച്ചത്.
എട്ടു ജില്ലകളിൽ രോഗ വ്യാപനം അതിരൂക്ഷമാണ്. തലസ്ഥാന ജില്ലയുടെ സ്ഥിതി അതീവ സങ്കീർണ്ണവും. ഈ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നത് യോഗം നാളെ വിലയിരുത്തും. മരണ നിരക്ക് ഉയരുന്നതും രോഗികളുടെ എണ്ണം വർധിക്കുന്നതും പിടിച്ചു നിർത്താനുള്ള പ്രവർത്തനങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.
അതേസമയം, ഇനിയൊരു ലോക്ക് ഡൗൺ വേണ്ടെന്ന നിലപാടിലാണ് ഭൂരിപക്ഷം പേരും. എന്നാൽ, നിയന്ത്രണങ്ങളുടെ ലംഘനം തുടരുന്നതിനാൽ കണ്ടെയിൻമെന്റ് സോണുകളിലും ഹോട്ട്സ്പോട്ടുകളിലും ഇനി നിയന്ത്രണം കർശനമാകാനാണ് സാധ്യത. കണ്ടെയിൻമെന്റ് സോൺ ഹോട്ട്സ്പോട്ട് നിർണ്ണയം വിപുലപ്പെടുത്താനും തീരുമാനമാകുമെന്നാണ് സൂചന. പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിലേക്കെത്താൻ സാധ്യതയുണ്ടെന്നുള്ള വിലയിരുത്തലുകളും ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ആശുപത്രികൾ കൊറോണ ആശുപത്രിയായി മാറുന്ന പ്രവർത്തനങ്ങളും യോഗം ചർച്ച ചെയ്യും.
Comments are closed.