തിരുവനന്തപുരം: ഈ മണ്ഡലക്കാലത്ത് കൊറോണ പ്രോട്ടോകോൾ പാലിച്ച് ശബരിമല തീർത്ഥാടനം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മണ്ഡല-മകര വിളക്ക് പ്രതീകാത്മകമായി മാറ്റാതെ പരിമിതമായി തീർത്ഥാടകരെ അനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന തീർത്ഥാടകരിൽ നിശ്ചിത എണ്ണം മാത്രമെ അനുവദിക്കൂ. എത്ര ആളുകളെ അനുവദിക്കാമെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി പരിശോധിച്ച് റിപ്പോർട്ട് നൽകും. വെർച്വൽ ക്യൂ വഴി മാത്രമായിരിക്കും ദർശനം. കുട്ടികളെയും 65 വയസിന് മുകളിൽ പ്രായമുള്ളവരെയും ഒഴിവാക്കും. വിരിവെക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ ഇല്ലെന്ന സർട്ടിഫിക്കറ്റുമായിട്ടായിരിക്കണം തീർത്ഥാടകർ വരേണ്ടത്. ശബരിമലയിലും പരിശോധന നടത്തും. ദർശനം കഴിഞ്ഞാൽ ഉടൻ മല ഇറങ്ങണം. പമ്പയിൽ 100 രൂപ നൽകിയാൽ സ്റ്റീൽ പാത്രത്തിൽ കുടിവെള്ളം നൽകും. മലയിറങ്ങി പാത്രം തിരികെ നൽകുമ്പോൾ 100 രൂപ തിരികെ തരും. അന്നദാനം പേപ്പർ പ്ലേറ്റിലായിരിക്കും നൽകുക. മലകയറുമ്പോൾ മാസ്ക് ധരിക്കുന്ന കാര്യം ആരോഗ്യ വകുപ്പ് പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments are closed.