കോഴിക്കോട്; ഹരിതകേരള മിഷന്റെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുത്ത ഹയർസെക്കൻഡറി സ്കൂളുകളിലെ കെമിസ്ട്രി ലാബിനോട് ചേർന്ന് ജലഗുണനിലവാര പരിശോധന ലാബുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
ഗുണനിലവാരമുള്ള സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ ഏജൻസിയായ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ മുഖേന ജില്ലയിൽ ആദ്യഘട്ടത്തിൽ 7 മണ്ഡലങ്ങളിലായി 29 സ്കൂളുകളിലാണ് ലാബുകൾ സ്ഥാപിക്കുന്നത്.
എംഎൽഎ മാരുടെ പ്രത്യേക വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് പദ്ധതിയുടെ തുക കണ്ടെത്തുന്നത്. സ്കൂളുകളിലെ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന പ്രവർത്തനം ആരംഭിച്ചു.
ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഓരോ ലാബ് വീതം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ലാബുകൾ സ്ഥാപിക്കുന്നതിലൂടെ ജനങ്ങൾക്ക് സൗകര്യപ്രദമായ സ്ഥലത്ത് ജലപരിശോധന സൗകര്യം ലഭിക്കും. ജില്ലയിൽ നിലവിൽ ജല അതോറിറ്റി, സിഡബ്ല്യുആർഡിഎം എന്നിവിടങ്ങളിലാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്.
കുന്ദമംഗലം, കൊയിലാണ്ടി, തിരുവമ്പാടി മണ്ഡലങ്ങളിൽ രണ്ട് വീതവും കോഴിക്കോട് സൗത്ത്, ബേപ്പൂർ മണ്ഡലങ്ങളിൽ നാല് വീതവും ബാലുശ്ശേരിയിൽ അഞ്ചും പേരാമ്പ്രയിൽ 10 വീതം ജില്ലയിലെ 29 സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
Comments are closed.