Nature

ആശുപത്രികളിൽ ചികിത്സതേടി അലഞ്ഞ യുവതിയുടെ ഗർഭസ്ഥശിശുക്കൾ മരിച്ചു

മഞ്ചേരി : മഞ്ചേരി മെഡിക്കൽകോളേജിൽനിന്ന്‌ റഫർചെയ്തശേഷം ചികിത്സതേടി നിരവധി ആശുപത്രികളിൽ കയറി അലഞ്ഞ യുവതിയുടെ ഗർഭസ്ഥശിശുക്കൾ മരിച്ചു . കിഴിശ്ശേരി സ്വദേശിനിയായ 20-കാരിയുടെ ഒൻപതുമാസം ഗർഭാവസ്ഥയിലുള്ള ഇരട്ടക്കുഞ്ഞുങ്ങളാണ് മരിച്ചത് . പ്രസവത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലാണ് യുവതി.

സംഭവം ശ്രദ്ധയിൽപ്പെട്ട ആരോഗ്യമന്ത്രി കെ.കെ. ശൈലജ യുവതിയുടെ ഭർത്താവിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു . തുടർന്ന് സംഭവം അന്വേഷിക്കുമെന്ന് മന്ത്രി ഉറപ്പുനല്കി.

ശനിയാഴ്ച പുലർച്ചെയാണ് വേദനയെത്തുടർന്ന് യുവതിയെ മഞ്ചേരി മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചത്. മുൻപ്‌ കോവിഡ് പോസിറ്റീവായ യുവതി 15-ന് നടത്തിയ പരിശോധനയിൽ നെഗറ്റീവായിരുന്നു . കോവിഡ് ആശുപത്രിയായതിനാൽ ഒൻപതരയോടെ ആശുപത്രിയിൽനിന്ന്‌ കോഴിക്കോട് കോട്ടപ്പറമ്പിലെ ഗവ. ആശുപത്രിയിലേക്ക് റഫർചെയ്തു. എന്നാൽ നടപടികൾ പൂർത്തിയായപ്പോൾ പതിനൊന്നരയായി . കോഴിക്കോട് ആശുപത്രിയിലെത്തിയപ്പോൾ ഒ.പി.സമയവും കഴിഞ്ഞിരുന്നു.

ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയെങ്കിലും ആന്റിജെൻ പരിശോധനാഫലം സ്വീകരിക്കില്ലെന്നും പി.സി.ആർ. ഫലം തന്നെ വേണമെന്നും അധികൃതർ നിർബന്ധംപിടിച്ചതായി യുവതിയുടെ ഭർത്താവ് പറയുന്നു . പിന്നീട് സ്വകാര്യ മെഡിക്കൽകോളേജിൽ ആന്റിജെൻ പരിശോധന നടത്തി . തുടർന്ന് വൈകീട്ട് ആറരയോടെയാണ് യുവതിയെ കോഴിക്കോട് മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചത് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.