കിഴക്കൻ ലഡാക്കിൽ അതിർത്തിയിൽ കൂടുതൽ യുദ്ധടാങ്കുകളും സൈനികരേയും വിന്യസിച്ച് ഇന്ത്യ. ദേശീയ വാർത്താ ഏജൻസി പുറത്തുവിട്ട വിഡിയോയിലാണ് കൂടുതൽ സൈനികരും ടാങ്കുകളും വിന്യസിച്ചിരിക്കുന്നത് വ്യക്തമാക്കുന്നത്. ടി–90 ടാങ്കുകൾ, ബിഎംപി വാഹനങ്ങൾ എന്നിവയാണ് വിന്യസിച്ചിരിക്കുന്നത്.
മൈനസ് 40 ഡിഗ്രിയിൽ പോലും പ്രവർത്തിക്കുന്നവയാണ് ബിഎംപി വാഹനങ്ങൾ. ദുർഘടമായ ഭൂപ്രദേശത്ത് ശക്തമായ സൈനിക വിന്യാസം നടത്തിയെന്ന് മേജർ ജനറൽ അരവിന്ദ് കപൂർ പറഞ്ഞു. ഈ മേഖലയിൽ ടാങ്കുകളും യുദ്ധോപകരണങ്ങളും വലിയ തോക്കുകളും സൂക്ഷിക്കുന്നത് ഏറെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ലഡാക്കിൽ പാംഗോങ് തടാകത്തിനു സമീപത്തായാണ് ചൈന കടന്നുകയറാൻ ശ്രമം നടത്തുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിൽ ആരംഭിച്ച പ്രശ്നം ഇപ്പോഴും തുടരുകയാണ്. ആഗസ്റ്റ് 29നും 30നും രാത്രിയിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി, ടാങ്കുകളടക്കമുള്ളവ അതിർത്തിയിൽ വിന്യസിച്ചിരുന്നു. ഇരു രാജ്യങ്ങളുടേയും വിദേശ മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ചൈന റോക്കറ്റ് വിക്ഷേപണ യന്ത്രമടക്കമുള്ളവ അതിർത്തിയിലെത്തിച്ചു.
അതേസമയം, ഇന്ത്യയുടെ അഖണ്ഡത വളരെ ഗൗരവമായാണ് കാണുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഏതു സാഹചര്യവും നേരിടാൻ രാജ്യം തയാറാണെന്നും അദ്ദേഹം ലോക്സഭയെ അറിയിച്ചിരുന്നു.
Comments are closed.