Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

അശ്ലീല വിഡിയോകൾ: ഇരുവര്‍ക്കുമെതിരെ ദുര്‍ബലവകുപ്പുകളും കുറ്റവും; സ്ത്രീകള്‍ക്കെതിരെ ജാമ്യം കിട്ടാത്ത വകുപ്പും ചുമത്തി പൊലീസ്

യൂട്യൂബില്‍ അശ്ലീല വിഡിയോകൾ പ്രചരിപ്പിച്ച വിജയ് പി.നായര്‍ക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന നിസാരകുറ്റങ്ങള്‍ മാത്രം. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശനെതിരെ കേസെടുത്തതും ദുര്‍ബലവകുപ്പുകള്‍ ചുമത്തി. എന്നാല്‍, വിജയ് പി.നായരെ കൈകാര്യം ചെയ്തതിന് ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ ജാമ്യം കിട്ടാത്ത വകുപ്പുകൾ ചുമത്തി.

അടി കിട്ടിയതിന് പിന്നാലെ സ്ത്രീകളോട് മാപ്പ് പറയുകയും പരാതിയില്ലെന്ന് അറിയിക്കുകയും ചെയ്ത വിജയ് പി.നായര്‍ രാത്രി നിലപാട് മാറ്റി പരാതി നല്‍കി. അതിക്രമിച്ച് കയറല്‍, മര്‍ദനം തുടങ്ങി ജാമ്യം കിട്ടാത്ത കുറ്റങ്ങള്‍ ചുമത്തിയാണ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെ തമ്പാനൂര്‍ പൊലീസ് കേസെടുത്തത്. ലാപ്ടോപും മൊബൈലും പിടിച്ചെടുത്തതിന് മോഷണകുറ്റവും ചുമത്തി.

അപമര്യാദയായി പെരുമാറിയെന്ന ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ വിജയ് പി.നായര്‍ക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു. പ്രതിഷേധവും പ്രതികരണവും കേസായെങ്കിലും സൈബര്‍ ഇടങ്ങളിലെ അധിക്ഷേപത്തിനെതിരായ നിയമനടപടികളിലെ കാര്യക്ഷമതയില്ലായ്മ തുറന്ന് കാട്ടുന്നതാണ് ഈ കേസിലെയും പൊലീസ് നടപടികള്‍.

സ്ത്രീകളെ പേരെടുത്ത് പറഞ്ഞ് ലൈംഗിക അധിക്ഷേപം നടത്തുന്നതാണ് വിജയ് പി.നായര്‍ ഒരു മാസം മുന്‍പ് പ്രസിദ്ധീകരിച്ച വിഡിയോ. അതിനെതിരെ ഇന്നലെ രാവിലെ തിരുവനന്തപുരം സിറ്റി സൈബര്‍ സെല്ലിന് പരാതി ലഭിച്ചെങ്കിലും നടപടിക്കായി കൈമാറിയത് കയ്യേറ്റ പ്രതിഷേധം വിവാദമായതോടെയാണ്. എന്നിട്ടും ഐ.ടി ആക്ട് പോലും ചേര്‍ക്കാതെ സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന കേസാണ് ഇയാൾക്കെതിരെ എടുത്തത്. അതിനപ്പുറം എന്തേലും ചെയ്യാനാകുമോയെന്ന് പരിശോധിക്കട്ടേയെന്നാണ് മറുപടി. എന്നാല്‍, വ്യക്തിപരമായി അപമാനിച്ചെന്ന ഭാഗ്യലക്ഷമിയുടെ പരാതിയില്‍ സംവിധായകന്‍ ശാന്തിവിള ദിനേശനെതിരെ എടുത്ത കേസില്‍ ജാമ്യമില്ലാകുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

You might also like

Comments are closed.