Times Kerala

മഞ്ചേരിയില്‍ പൂര്‍ണഗര്‍ഭിണിയായ യുവതി ചികിത്സ തേടി അലഞ്ഞത് 14 മണിക്കൂര്‍

 
മഞ്ചേരിയില്‍ പൂര്‍ണഗര്‍ഭിണിയായ യുവതി ചികിത്സ തേടി അലഞ്ഞത് 14 മണിക്കൂര്‍

മലപ്പുറം: പൂര്‍ണഗര്‍ഭിണിയായ യുവതി ചികിത്സ തേടി അലഞ്ഞത് 14 മണിക്കൂര്‍. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലാണ് സംഭവം. പുലര്‍ച്ചെ നാലിന് വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയായ ഇരുപതുകാരിക്കാണ് ചികിത്സക്കായി മണിക്കൂറുകൾ അലയേണ്ടി വന്നത്. ഇരട്ടക്കുട്ടികളെയാണ് യുവതി ഗര്‍ഭം ധരിച്ചിരിക്കുന്നത്. ചികിത്സ അന്വേഷിച്ച് ഒരു സ്വകാര്യ ആശുപത്രി ഉള്‍പ്പെടെ മൂന്ന് ആശുപത്രികളെ സമീപിച്ചെങ്കിലും എവിടെയും സൗകര്യം ലഭ്യമായില്ലെന്നു യുവതിയുടെ ബന്ധുക്കൾ പറയുന്നു.പ്രസവ ചികിത്സയ്ക്ക് പിസിആര്‍ ഫലം തന്നെ വേണമെന്നും കോവിഡ് ആന്റിജന്‍ പരിശോധനാഫലം അംഗീകരിക്കില്ലെന്നും സ്വകാര്യആശുപത്രി നിര്‍ബന്ധം പിടിച്ചതാണ് ഈ ദുരിതത്തിനു കാരണമായതെന്ന് യുവതിയുടെ ഭര്‍ത്താവ് പറയുന്നു. പിന്നീട്, പിസിആര്‍ ടെസ്റ്റ് ലഭിക്കുമോയെന്ന് അന്വേഷിച്ചു ഇവര്‍ക്ക് അലയേണ്ടി വന്നത് മണിക്കൂറുകളാണ്.

യുവതിക്ക് നേരത്തെ കോവിഡ് പോസിറ്റീവ് ആയിരുന്നു. പിന്നീട് രോഗം ഭേദമാകുകയും ചെയ്തു. കോഴിക്കോട് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിളിച്ചു ചോദിച്ചപ്പോള്‍ വരാന്‍ പറഞ്ഞെങ്കിലും പിന്നീട് പാതിവഴി എത്തിയപ്പോള്‍ തിരിച്ചുവിളിച്ച് കോവിഡ് പിസിആര്‍ ഫലം വേണമെന്നും ആന്റിജന്‍ ടെസ്റ്റ് ഫലം പോരെന്നും ഇവര്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നു എന്നാണു യുവതിയുടെ ബന്ധുക്കൾ പറയുന്നത്.

പിന്നീട് മറ്റൊരു സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പിസിആര്‍ പരിശോധനാഫലം വരാന്‍ സമയമെടുക്കുമെന്നു പറഞ്ഞതിനാല്‍ വീണ്ടും ആന്റിജന്‍ പരിശോധന നടത്തി. നെഗറ്റീവ് ആയിരുന്നു ഫലം. തുടര്‍ന്ന് യുവതിയെ സ്‌കാന്‍ ചെയ്തപ്പോള്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ ഹൃദയമിടിപ്പ് കുറവാണെന്നു കണ്ടതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. വൈകിട്ട് ആറോടെയാണ് യുവതിയെ ഇവിടെ പ്രവേശിപ്പിക്കാനായത്.

Related Topics

Share this story