Times Kerala

കെഎസ് യുഎം സ്റ്റാര്‍ട്ടപ് ഇന്‍ടോട്ടിന് അസോചം ദേശീയ പുരസ്കാരം

 
കെഎസ് യുഎം സ്റ്റാര്‍ട്ടപ് ഇന്‍ടോട്ടിന് അസോചം ദേശീയ പുരസ്കാരം

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ (കെഎസ് യുഎം) ഫണ്ട് ഓഫ് ഫണ്ട് പ്രോഗ്രാമിന്‍റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പായ ഇന്‍ടോട്ട് ദേശീയ പുരസ്കാരത്തിന് അര്‍ഹമായി.

അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ (അസോചം) നടത്തിയ നാലാമത് ഐസിടി സ്റ്റാര്‍ട്ടപ്സ് അവാര്‍ഡ് 2020 ലാണ് നൂതന ഡിജിറ്റല്‍ പ്രക്ഷേപണ റിസീവറുകളുടെ പ്രവര്‍ത്തനത്തിന് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ടോട്ട് ടെക്നോളജി പുരസ്കാരം സ്വന്തമാക്കിയത്. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്‍റേയും പ്രമുഖ ടെലികോം കമ്പനിയായ എറിക്സണിന്‍റേയും സഹകരണത്തോടെയായിരുന്നു പുരസ്കാര ദാന ചടങ്ങ് നടത്തിയത്.

ഗുണമേന്‍മയുള്ളതും വിലകുറഞ്ഞതുമായ നൂതന സോഫ്റ്റ് വെയര്‍ അടിസ്ഥാനമാക്കിയതും പാറ്റന്‍റ് ലഭിച്ച മാറ്റങ്ങളോടെയുമുള്ള ഡിജിറ്റല്‍ റേഡിയോ റിസീവര്‍ സൊലൂഷനാണ് ഇന്‍ടോട്ട് ലഭ്യമാക്കുന്നത്. എആര്‍എം പ്രൊസസറില്‍ ഈ സൊലൂഷന്‍ പ്രവര്‍ത്തിപ്പിക്കാനാകും. ഇതിലൂടെ ചെലവും ഗണ്യമായി കുറയ്ക്കാനാകും.

വെര്‍ച്വലായി നടന്ന പുരസ്കാര വിതരണ ചടങ്ങില്‍ മറ്റു മൂന്നു സ്റ്റാര്‍ട്ടപ്പുകള്‍ക്കും പുരസ്കാരങ്ങള്‍ ലഭിച്ചു. ഡല്‍ഹിയില്‍ സ്മാര്‍ടെക് ഇന്ത്യ 2020 പരിപാടിയുടെ ഭാഗമായി നടന്ന പുരസ്കാര വിതരണ ചടങ്ങില്‍ കേന്ദ്ര വിദ്യാഭ്യാസ, ആശയവിനിമ & ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയ സഹമന്ത്രി ശ്രീ സഞ്ജയ് ധോത്രേ, ജി7 രാജ്യങ്ങളുടേയും ജി 20 ഉച്ചകോടിയിലേയും ഇന്ത്യന്‍ ഷെര്‍പ്പ ശ്രീ സുരേഷ് പ്രഭു, എറിക്സണ്‍ വൈസ് പ്രസിഡന്‍റ് ശ്രീമതി മോണിക്ക മാഗ്നൂസണ്‍ എന്നിവരും പങ്കെടുത്തു.

ഗുണമേന്‍മയേറിയ ഡിജിറ്റല്‍ മീഡിയ റിസീവര്‍ സൊലൂഷനുകള്‍ ലോകത്താകമാനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2014 ഫെബ്രുവരിയിലാണ് ശ്രീ രാജിത് നായരും ശ്രീ പ്രശാന്ത് തങ്കപ്പനും ഇന്‍ടോട്ടിന് തുടക്കമിട്ടത്.

Related Topics

Share this story