പാറ്റ്ന: ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിന് തയ്യാറെടുപ്പുകളുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ പാർട്ടി അധികാരത്തിലെത്തിയാൽ നടപ്പാക്കുന്ന ഏഴ് പ്രധാന പദ്ധതികളെക്കുറിച്ചും അദ്ദേഹം പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് ഹയർസെക്കന്ററി പരീക്ഷ പൂർത്തിയാക്കുന്ന പെൺകുട്ടികൾക്ക് 25,000 രൂപയും ബിരുദം പൂർത്തിയാക്കുന്നവർക്ക് 50,000 രൂപയും ഗ്രാന്റായി നൽകുമെന്ന് നിതീഷ് കുമാർ വാഗ്ദാനം ചെയ്തു. എല്ലാവർക്കും സർക്കാർ ജോലി നൽകുക എന്നത് പ്രാവർത്തികമല്ലെന്ന് പറഞ്ഞ അദ്ദേഹം ജില്ലകൾ തോറും മെഗാ സ്കിൽ സെന്റർ തയ്യാറാക്കുമെന്നും പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ കാർഷിക മേഖലകൾക്കും അവശ്യമായ ജലസേചന സൗകര്യം ലഭ്യമാക്കുമെന്നും എല്ലാ ഗ്രാമങ്ങളിലും സൗരോർജ്ജ ലൈറ്റുകൾ എത്തിക്കുമെന്നും ഗ്രാമപ്രദേശങ്ങളിലെ മാലിന്യ സംസ്കരണത്തിന് പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വയോജനങ്ങൾക്കുള്ള അഭയകേന്ദ്രങ്ങളും പാവപ്പെട്ടവർക്ക് വീടും തന്റെ പദ്ധതികളിലുൾപ്പെട്ടിട്ടുണ്ടെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.
വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാൽ ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തുമെന്നും കൂടുതൽ ശ്മശാനങ്ങൾ നിർമ്മിക്കുമെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.
Comments are closed.