എറണാകുളം; കോവിഡ് ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി സർക്കാർ ആശുപത്രികൾക്ക് ആവശ്യമുള്ള മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കുമെന്ന് ബി.പി.സി.എൽ ഉറപ്പു നൽകിയതായി ജില്ലാ കലക്ടർ എസ്.സുഹാസ് അറിയിച്ചു. കോവിഡ് വ്യാപനത്തിൻ്റെ ഈ ഘട്ടത്തിൽ ചികിത്സാ സൗകര്യങ്ങളും ആനുപാതികമായി വർധിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിൻ്റെ ഭാഗമായി ഓക്സിജൻ ലഭ്യത എല്ലാ സർക്കാർ ആശുപത്രികളിലും ഉറപ്പു വരുത്തും. ജില്ലാ ഭരണ കേന്ദ്രത്തിൻ്റെ ശ്രമങ്ങളോട് അനുകൂലമായി പ്രതികരിച്ച്, ആശുപത്രികൾക്ക് ആവശ്യമുള്ള ഓക്സിജൻ സൗജന്യമായി നൽകാമെന്ന് ബി.പി.സി.എൽ, പ്രമുഖ ഇൻഡസ്ട്രിയൽ ഗ്യാസ് നിർമ്മാതാക്കളായ പ്രോഡയർ എയർ പ്രോഡക്ട്സ് എന്നിവർ സംയുക്തമായി അറിയിച്ചിരിക്കുകയാണ്.പെട്രോളിയം ആൻ്റ് എക്സ്പ്ളോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ ഡെപ്യൂട്ടി ചീഫ് കൺട്രോളർ ആർ.വേണുഗോപാലിൻ്റെ നിർദ്ദേശപ്രകാരമാണ് ബി.പി.സി.എല്ലും പ്രോഡയറും ഈ ആശയം വികസിപ്പിച്ചത്. ഇൻഡസ്ട്രിയൽ ഓക്സിജൻ മെഡിക്കൽ ഓക്സിജൻ ആയി രൂപാന്തരപ്പെടുത്തി സിലിണ്ടറുകളായോ, ആശുപത്രി ടാങ്കുകളിലേക്കോ വിതരണം ചെയ്യും. 20 ലക്ഷം രൂപ വിലമതിക്കുന്ന 90 ടൺ ഓക്സിജനാണ് സി. എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി ലഭ്യമാക്കുക. ഉയർന്ന ഗുണനിലവാരമുള്ള ഓക്സിജൻ ജില്ലാ ഭരണ കേന്ദ്രത്തിൻ്റെ നിർദ്ദേശപ്രകാരം രണ്ട് മാസത്തിനുള്ളിൽ വിതരണം ചെയ്ത് തുടങ്ങും. ഇതിനായുള്ള സമ്മതപത്രം ബി.പി.സി.എൽ ജി.എം (പി.ആർ& അഡ്മിൻ) ജോർജ്ജ് തോമസ്, ചീഫ് മാനേജർ സി.ഡി.മഹേഷ് എന്നിവർ ചേർന്ന് ജില്ലാ കലക്ടർക്ക് കൈമാറി.
You might also like
Comments are closed.