Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

മലപ്പുറം ജില്ലയില്‍ 9.58 ലക്ഷം റേഷന്‍ ഉപഭോക്താക്കള്‍ക്ക് നാല് മാസം സൗജന്യ ഭക്ഷ്യക്കിറ്റുകള്‍ സപ്ലൈകോ വഴിയുള്ള കിറ്റ് വിതരണം ആരംഭിച്ചു

മലപ്പുറം;  സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള നാല് മാസത്തെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സപ്ലൈകോ വഴി നേരത്തെ നല്‍കിയ അതിജീവന കിറ്റ്, ഓണ കിറ്റ് എന്നിവക്ക് തുടര്‍ച്ചയായാണ് ഭക്ഷ്യക്കിറ്റുകള്‍ നല്‍കുന്നത്. ജില്ലയില്‍ 9,58,000 റേഷന്‍ ഉപഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെ തുടര്‍ച്ചയായി നാല് മാസമാണ് റേഷന്‍ കടകള്‍ വഴി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നത്.

ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം നഗരസഭ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല അധ്യക്ഷയായിരുന്നു. ചടങ്ങില്‍ നഗരസഭ ഉപാധ്യക്ഷന്‍ പെരുമ്പള്ളി സെയ്ദ്, സ്ഥിരം സമിതി അധ്യക്ഷ മറിയുമ്മ ഷരീഫ്, കൗണ്‍സിലര്‍ ഒ. സഹദേവന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ കെ. രാജീവ്, മഞ്ചേരി ഡിപ്പോ മാനേജര്‍ പി. അബ്ദുറഹ്മാന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സപ്ലൈകോ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You might also like

Comments are closed.