Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ആരോപണങ്ങളെ ഭയന്ന് ലൈഫ് പദ്ധതി ഉപേക്ഷിക്കില്ല: മുഖ്യമന്ത്രി കണ്ണൂർ ജില്ലയിലെ നാല് ഭവന സമുച്ചയങ്ങള്‍ക്ക് തറക്കല്ലിട്ടു

കണ്ണൂർ;  ആരോപണങ്ങളെ ഭയന്ന് ലൈഫ് പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭവന നിര്‍മ്മാണത്തില്‍ സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും മികവുറ്റ പ്രവര്‍ത്തനമാണ് ലൈഫ് പദ്ധതിയെന്നും ഈ നേട്ടങ്ങള്‍ ഇഷ്ടപ്പെടാത്തവരാണ് പദ്ധതിയെ അപഹസിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിലെ നാല് ലൈഫ് ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യഥാര്‍ഥ കണക്കുകള്‍ മറച്ചുവെച്ചാണ് നുണ പ്രചാരണങ്ങളുമായി ചിലര്‍ രംഗത്തു വരുന്നത്. ലൈഫിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ്. ഒരു വര്‍ഷം കൊണ്ടുതന്നെ ഫ്ളാറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാകാതെ മണ്ണടിഞ്ഞ അനേകം ഹതഭാഗ്യരുണ്ട് നമ്മുടെ നാട്ടില്‍. വീടില്ലാത്തവരായി ആരും തന്നെ സംസ്ഥാനത്തുണ്ടാവരുത്. ഒരു കെട്ടിടം എന്നതിലുപരി അതിലെ താമസക്കാര്‍ക്ക് പുതുജീവന്‍ തന്നെ നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ലൈഫ് പദ്ധതിയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്.ലൈഫ് പദ്ധതിയിലൂടെ 2,26,518 കുടുംബങ്ങളാണ് പുതിയ വീടുകളിലേക്ക് ഇതിനകം താമസം മാറ്റിയത്. ഒന്നര ലക്ഷം പേരുടെ വീടു പണി പുരോഗമിക്കുകയാണ്. ലൈഫ് അതിന്റെ ലക്ഷ്യത്തിലേക്കടുക്കുകയാണെന്നും കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ലക്ഷ്യമിട്ട എല്ലാ വികസന പദ്ധതികളും തടസ്സമില്ലാതെ നടത്താന്‍ സര്‍ക്കാരിനു കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പയ്യന്നൂര്‍, ആന്തൂര്‍ നഗരസഭകളിലും ചിറക്കല്‍, കണ്ണപുരം ഗ്രാമപഞ്ചായത്തുകളിലുമാണ് പ്രീഫാബ് സാങ്കേതിക വിദ്യയില്‍ ഫ്്‌ളാറ്റുകള്‍ നിര്‍മ്മിക്കുന്നത്. ആന്തൂര്‍ ,പയ്യന്നൂര്‍ നഗരസഭകളില്‍ 44 വീടുകളും ചിറക്കല്‍ പഞ്ചായത്തില്‍ 36 വീടുകളും കണ്ണപുരത്ത് 32 വീടുകളും അടങ്ങിയ ഭവന സമുച്ചയങ്ങളാണ് നിര്‍മ്മിക്കുന്നത്. ആന്തൂരില്‍ 200 സെന്റ് സ്ഥലത്ത് 6.03 കോടി രൂപ ചെലവിലും പയ്യന്നൂരില്‍ 80 സെന്റ് സ്ഥലത്ത് 6.07 കോടി രൂപ ചെലവിലും ചിറക്കലില്‍ 45 സെന്റ് സ്ഥലത്ത് 5.12 കോടി രൂപ ചെലവിലും കണ്ണപുരത്ത് 70 സെന്റ് സ്ഥലത്ത് 4.83 കോടി രൂപ ചെലവിലുമാണ് ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കുന്നത്.നാല് നിലകളിലാ നിര്‍മ്മിക്കുന്ന ഫ്‌ളാറ്റുകളില്‍ വിനോദത്തിനും വിശ്രമത്തിനുമുള്ള സൗകര്യങ്ങള്‍, വയോജനങ്ങള്‍ക്ക് പ്രത്യേകം സൗകര്യം, ചികിത്സാ സൗകര്യം തുടങ്ങിയവ ഒരുക്കും.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷനായി. മന്ത്രിമാരായ കെ കെ ശൈലജ ടീച്ചര്‍, ടി പി രാമകൃഷ്ണന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ ,സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത, തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ശാരദ മുരളീധരന്‍ , തുടങ്ങിയവര്‍ പങ്കെടുത്തു. ചിറക്കല്‍ ഗ്രാമപഞ്ചായത്തിലെ കാട്ടാമ്പള്ളിയില്‍ നടന്ന പരിപാടിയില്‍ തുറമുഖ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു.കോറോം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സി കൃഷ്ണന്‍ എം എല്‍ എ യും കണ്ണപുരം ചുണ്ട ബഡ്‌സ് സ്‌കൂളില്‍ ടിവി രാജേഷ് എംഎല്‍എ യും ശിലാഫലകം അനാച്ഛാദനം ചെയ്തു.

ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, വൈസ് പ്രസിഡണ്ട് പിപി ദിവ്യ, ജില്ലാ പഞ്ചായത്തംഗങ്ങളായ അജിത് മാട്ടൂല്‍, കെ ഗൗരി,പിപി ഷാജര്‍, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുടുവന്‍ പത്മനാഭന്‍, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി വി പ്രീത ,പയ്യന്നൂര്‍ നഗരസഭാധ്യക്ഷന്‍ അഡ്വ ശശി വട്ടക്കൊവ്വല്‍, ആന്തൂര്‍ നഗരസഭാധ്യക്ഷ പികെ ശ്യാമള ടീച്ചര്‍, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ വി രാമകൃഷ്ണന്‍(കണ്ണപുരം), എ സോമന്‍(ചിറക്കല്‍ ) , ലൈഫ് ജില്ലാമിഷന്‍ കോ ഓഡിനേറ്റര്‍ കെ എന്‍ അനില്‍, മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളിലെ പരിപാടികളില്‍ പങ്കെടുത്തു.

സൗജന്യ ഭക്ഷ്യകിറ്റ് നല്‍കുന്നത്
സാമ്പത്തിക മാനദണ്ഡങ്ങള്‍ നോക്കാതെ – മുഖ്യമന്ത്രി
സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യമാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും സാമ്പത്തിക മാനദണ്ഡങ്ങള്‍ നോക്കാതെയാണ് കേരളത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും നാല് മാസത്തേക്ക് സൗജന്യ ഭക്ഷ്യകിറ്റ് നല്‍കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡ് ദുരിതം എല്ലാതരക്കാരെയും ഒരു പോലെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്ഷ്യപൊതു വിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യകിറ്റിന്റെ ജില്ലാതല വിതരണ ഉദ്ഘാടനം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു.

ആദ്യഘട്ടത്തില്‍ 88 ലക്ഷം ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കായി 26 ലക്ഷം കിറ്റുകളും പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി ഒന്നര ലക്ഷം കിറ്റുകളും നല്‍കി. അവശ്യവസ്തുക്കള്‍ ഉള്‍പ്പെടുന്ന കിറ്റാണ് നല്‍കുന്നത്. അരി റേഷന്‍കടകള്‍ വഴി നല്‍കുന്നുണ്ട്. പച്ചക്കറികള്‍, മറ്റ് സാധനങ്ങള്‍ മിതമായ നിരക്കില്‍ ഹോര്‍ട്ടികള്‍ച്ചര്‍, കണ്‍സ്യൂമര്‍ ഫെഡ് എന്നിവ വഴി ഉറപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിസന്ധിയില്‍ ആളുകള്‍ക്ക് തൊഴിലിന് പോവാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. ഈ കാലത്ത് ഉണ്ടാവാനിടയുള്ള ഭക്ഷ്യക്ഷാമം മറികടക്കാന്‍ ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതി വിജയകരമായി നടപ്പാക്കി. 23308 ഹെക്ടര്‍ തരിശുഭൂമിയാണ് കൃഷിയോഗ്യമാക്കിയത്. ഒരു കോടി ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു പരിപാലിച്ചു. ആയിരത്തില്‍പ്പരം മഴമറകള്‍ സ്ഥാപിച്ചു. അരി, പച്ചക്കറി, ധാന്യങ്ങള്‍, കിഴങ്ങ്, മത്സ്യം, കന്നുകാലി പരിപാലനം തുടങ്ങി എല്ലാ മേഖലകളിലും വലിയ മുന്നേറ്റം ഉണ്ടായി. ഇന്ത്യയില്‍ ആദ്യമായി പച്ചക്കറിക്ക് തറവില പ്രഖ്യാപിച്ച സംസ്ഥാനമായി കേരളം മാറി. സഹകരണ സ്ഥാപനങ്ങളും കൃഷി വകുപ്പും പൂര്‍ണമായും സഹകരിച്ചു. ഗ്രാമത്തില്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ആവശ്യാനുസരണം മറ്റ് സ്ഥലങ്ങളില്‍ എത്തിച്ച് വില്‍പ്പന നടത്തുന്നതിനുള്ള സംവിധാനം ഉണ്ടാക്കി. കൃഷിക്കാര്‍ക്കൊപ്പമാണ് എന്നും സര്‍ക്കാര്‍. അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വായ്പ സഹായങ്ങളും ഉറപ്പ് വരുത്തി. ഇതിന്റെ ഭാഗമായി നിരവധി ചെറുപ്പക്കാര്‍ കാര്‍ഷിക രംഗത്തേക്ക് കടന്നുവരുന്നുണ്ട്. പ്രതിസന്ധിയെ തരണം ചെയ്ത് മുന്നോട്ട് പോവാന്‍ നാടും നാട്ടുകാരും വലിയ സഹകരണമാണ് നല്‍കുന്നത്. ഇത് സര്‍ക്കാരിന് ആത്മ വിശ്വാസം നല്‍കുന്നു – മുഖ്യമന്ത്രി പറഞ്ഞു.

ജില്ലയിലെ സൗജന്യ ഭക്ഷ്യകിറ്റിന്റെ ആദ്യ വിതരണം സിറ്റി ബാങ്ക് ഓഡിറ്റോറിയത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുകയാണെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കിറ്റ് വിതരണം കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് വലിയ ആശ്വാസകരമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മേയര്‍ സി സീനത്ത്, വാര്‍ഡ് കൗണ്‍സലര്‍മാരായ മിനാസ് തമ്മിട്ടോണ്‍, ടി ആശ, ജില്ലാ സപ്ലൈ ഓഫീസര്‍ കെ മനോജ് കുമാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

You might also like

Comments are closed.