Nature

സൗജന്യ ഭക്ഷ്യകിറ്റ് നല്‍കുന്നത് സാമ്പത്തിക മാനദണ്ഡങ്ങള്‍ നോക്കാതെ – മുഖ്യമന്ത്രി സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

കണ്ണൂർ; കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യമാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്നും സാമ്പത്തിക മാനദണ്ഡങ്ങള്‍ നോക്കാതെയാണ് കേരളത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും നാല് മാസത്തേക്ക് സൗജന്യ ഭക്ഷ്യകിറ്റ് നല്‍കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡ് ദുരിതം എല്ലാതരക്കാരെയും ഒരു പോലെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്ഷ്യപൊതു വിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യകിറ്റിന്റെ ജില്ലാതല വിതരണ ഉദ്ഘാടനം തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു.

ആദ്യഘട്ടത്തില്‍ 88 ലക്ഷം ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കായി 26 ലക്ഷം കിറ്റുകളും പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി ഒന്നര ലക്ഷം കിറ്റുകളും നല്‍കി. അവശ്യവസ്തുക്കള്‍ ഉള്‍പ്പെടുന്ന കിറ്റാണ് നല്‍കുന്നത്. അരി റേഷന്‍കടകള്‍ വഴി നല്‍കുന്നുണ്ട്. പച്ചക്കറികള്‍, മറ്റ് സാധനങ്ങള്‍ മിതമായ നിരക്കില്‍ ഹോര്‍ട്ടികള്‍ച്ചര്‍, കണ്‍സ്യൂമര്‍ ഫെഡ് എന്നിവ വഴി ഉറപ്പാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിസന്ധിയില്‍ ആളുകള്‍ക്ക് തൊഴിലിന് പോവാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. ഈ കാലത്ത് ഉണ്ടാവാനിടയുള്ള ഭക്ഷ്യക്ഷാമം മറികടക്കാന്‍ ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതി വിജയകരമായി നടപ്പാക്കി. 23308 ഹെക്ടര്‍ തരിശുഭൂമിയാണ് കൃഷിയോഗ്യമാക്കിയത്. ഒരു കോടി ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു പരിപാലിച്ചു. ആയിരത്തില്‍പ്പരം മഴമറകള്‍ സ്ഥാപിച്ചു. അരി, പച്ചക്കറി, ധാന്യങ്ങള്‍, കിഴങ്ങ്, മത്സ്യം, കന്നുകാലി പരിപാലനം തുടങ്ങി എല്ലാ മേഖലകളിലും വലിയ മുന്നേറ്റം ഉണ്ടായി. ഇന്ത്യയില്‍ ആദ്യമായി പച്ചക്കറിക്ക് തറവില പ്രഖ്യാപിച്ച സംസ്ഥാനമായി കേരളം മാറി. സഹകരണ സ്ഥാപനങ്ങളും കൃഷി വകുപ്പും പൂര്‍ണമായും സഹകരിച്ചു. ഗ്രാമത്തില്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ആവശ്യാനുസരണം മറ്റ് സ്ഥലങ്ങളില്‍ എത്തിച്ച് വില്‍പ്പന നടത്തുന്നതിനുള്ള സംവിധാനം ഉണ്ടാക്കി. കൃഷിക്കാര്‍ക്കൊപ്പമാണ് എന്നും സര്‍ക്കാര്‍. അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വായ്പ സഹായങ്ങളും ഉറപ്പ് വരുത്തി. ഇതിന്റെ ഭാഗമായി നിരവധി ചെറുപ്പക്കാര്‍ കാര്‍ഷിക രംഗത്തേക്ക് കടന്നുവരുന്നുണ്ട്. പ്രതിസന്ധിയെ തരണം ചെയ്ത് മുന്നോട്ട് പോവാന്‍ നാടും നാട്ടുകാരും വലിയ സഹകരണമാണ് നല്‍കുന്നത്. ഇത് സര്‍ക്കാരിന് ആത്മ വിശ്വാസം നല്‍കുന്നു – മുഖ്യമന്ത്രി പറഞ്ഞു.

ജില്ലയിലെ സൗജന്യ ഭക്ഷ്യകിറ്റിന്റെ ആദ്യ വിതരണം സിറ്റി ബാങ്ക് ഓഡിറ്റോറിയത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുകയാണെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കിറ്റ് വിതരണം കൊവിഡ് കാലത്ത് ജനങ്ങള്‍ക്ക് വലിയ ആശ്വാസകരമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മേയര്‍ സി സീനത്ത്, വാര്‍ഡ് കൗണ്‍സലര്‍മാരായ മിനാസ് തമ്മിട്ടോണ്‍, ടി ആശ, ജില്ലാ സപ്ലൈ ഓഫീസര്‍ കെ മനോജ് കുമാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.