Times Kerala

കാലാതീതമായ മധുരഗാനങ്ങൾ പാടിയ മനുഷ്യസ്നേഹിയ്ക്ക് ആദരാഞ്ജലികൾ; എസ്.പി ബാലസുബ്രമണ്യത്തിന്റെ നിര്യാണത്തിൽ നവയുഗം കലാവേദി അനുശോചിച്ചു

 
കാലാതീതമായ മധുരഗാനങ്ങൾ പാടിയ മനുഷ്യസ്നേഹിയ്ക്ക് ആദരാഞ്ജലികൾ; എസ്.പി ബാലസുബ്രമണ്യത്തിന്റെ നിര്യാണത്തിൽ നവയുഗം കലാവേദി അനുശോചിച്ചു

ദമ്മാം: ഹൃദയത്തിൽ കുളിർമഴയും സമാധാനവും നിറയ്ക്കുന്ന ഒട്ടേറെ ഗാനങ്ങൾ തലമുറകൾക്ക് സമ്മാനിച്ച അനുഗ്രഹീത ഗായകൻ എസ്.പി ബാലസുബ്രമണ്യത്തിന്റെ നിര്യാണത്തിൽ നവയുഗം കലാവേദി അനുശോചിച്ചു.

ഗായകൻ, അഭിനേതാവ്, സംഗീത സംവിധായകൻ, ഡബ്ബിങ് ആർട്ടിസ്റ്റ്, തുടങ്ങി സിനിമയുടെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സർവ്വകാലവല്ലഭനായിരുന്നു എസ്.പി.ബി എന്ന് എല്ലാരും സ്നേഹത്തോടെ വിളിച്ചിരുന്ന എസ്.പി ബാലസുബ്രമണ്യം. ആന്ധ്രക്കാരനായിരുന്നിട്ടും മലയാളികൾ അദ്ദേഹത്തെ സ്വന്തം ഗായകനായി തന്നെയാണ് കണ്ടു സ്നേഹിച്ചത്. അഞ്ചു പതിറ്റാണ്ടിന്റെ സംഗീതസപര്യ ജനങ്ങളുടെ ഹൃദയം കീഴടക്കിയത്, ഭാഷയുടെ അതിരുകൾ തകർത്തു കൊണ്ടാണ്. സംഗീതം ശാസ്ത്രീയമായി പഠിയ്ക്കാതെ, ഇന്ത്യ ഒട്ടാകെ 16 ഭാഷകളിലായി നാല്പത്തിനായിരത്തിലധികം പാട്ടുകൾ പാടിയിട്ടുള്ള അദ്ദേഹത്തിന്റെ ജീവിതം സംഗീതലോകത്ത് ഒരു അപൂർവ്വതയാണ്. ശങ്കരാഭരണം എന്ന സിനിമയിൽ അദ്ദേഹത്തിന്റെ മധുരശബ്ദത്തിൽ പിറവിയെടുത്ത ശാസ്ത്രീയഗാനങ്ങൾ ആ പ്രതിഭയുടെ തെളിവാണ്.

ഒരു മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം കൈകൊണ്ട നിലപാടുകൾ എന്നും ശ്രദ്ധേയമായിരുന്നു. കാലത്തിന്റെ ഔചിത്യബോധമില്ലാത്ത മരണം എന്ന അനിവാര്യതയിൽ ആ നാദം നിലച്ചപ്പോൾ, അവശേഷിയ്ക്കുന്നത് ഒരിയ്ക്കലും മരണമില്ലാത്ത ഒരുപാട് ഓർമ്മകളും, മധുരമായ അനേകായിരം ഗാനങ്ങളുമാണ്.

എസ്. പി ബാലസുബ്രമണ്യത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പടുത്തുന്നതായും, അദ്ദേഹത്തിന്റെ വീട്ടുകാരുടെയും, ലോകമെങ്ങുമുള്ള ആരാധകരുടെയും വിഷമത്തിൽ പങ്കു ചേരുന്നതായും നവയുഗം കലാവേദി കേന്ദ്രകമ്മിറ്റി സെക്രട്ടറി സഹീർഷായും, പ്രസിഡന്റ് നിസാർ ആലപ്പുഴയും പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Related Topics

Share this story