Nature

കാര്‍ഷിക ബില്ല്: പ്രക്ഷോഭം ശക്തം; സ്തംഭിച്ച് ഉത്തരേന്ത്യ

പാര്‍ലമെന്‍റ് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരായ പ്രക്ഷോഭം ആളിക്കത്തുന്നു. 150ലധികം കര്‍ഷക സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത പ്രതിഷേധം വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ സതംഭിപ്പിച്ചു. ഹരിയാനയിലും പഞ്ചാബിലും ഇന്നും ശക്തമായ പ്രതിഷേധം അലയടിച്ചു. പഞ്ചാബില്‍ ട്രെയിന്‍ തടയല്‍ സമരം രണ്ടാം ദിവസത്തേക്ക് കടന്നു. അമ്പാലയിലെ ഹരിയാന–പഞ്ചാബ് അതിര്‍ത്തി അടച്ചു. വിവിധ ദേശീയ പാതകള്‍ സമരക്കാര്‍ ഉപരോധിച്ചു. കര്‍ഷക മാര്‍ച്ചുകള്‍ തടയുന്നതിന് ഡല്‍ഹി അതിര്‍ത്തികള്‍ കനത്ത പൊലീസ് കാവലിലാണ്.

150ലധികം കര്‍ഷക സംഘടനകള്‍ അംഗങ്ങളായ അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ ആഹ്വാനപ്രകാരം ഉത്തര്‍പ്രദേശ്, ബിഹാര്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും കര്‍ഷകര്‍ തെരുവിലിറങ്ങി. പഞ്ചാബും ഹരിയാനയും തന്നെയാണ് ഇന്നും പ്രക്ഷോഭങ്ങളുടെ മുഖ്യകേന്ദ്രങ്ങള്‍. അമ്പാലയിലും അമൃത്‌സറിലും കര്‍ഷകര്‍ റെയില്‍വേ ലൈനുകള്‍ രാവിലെ മുതല്‍ ഉപരോധിച്ചു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അമ്പാലയിലെ പഞ്ചാബ്–ഹരിയാന അതിര്‍ത്തി അടച്ചു. ഡല്‍ഹി–ഹരിയാന, ഡല്‍ഹി–ഉത്തര്‍പ്രദേശ് അതിര്‍ത്തികളില്‍ കനത്ത ജാഗ്രതയിലാണ് പൊലീസ്. ഡല്‍ഹി–അമൃത്‌സര്‍, ഡല്‍ഹി–മീററ്റ്, ഡല്‍ഹി–നോയിഡ, അയോധ്യ–ലക്നൗ, ഫരീദ്കോട്ട്–കോട്കപുര തുടങ്ങിയ ദേശീയപാതകള്‍ സമരക്കാര്‍ ഉപരോധിച്ചു. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിന്‍റെ നേതൃത്വത്തില്‍ പട്നയില്‍ ട്രക്ക് റാലി നടന്നു. കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇടത് സംഘടനകള്‍ ഡല്‍ഹി ജന്ദര്‍ മന്തറില്‍ ധര്‍ണ നടത്തി.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടെ പതിനെട്ട് പ്രതിപക്ഷ പാര്‍ട്ടികളാണ് പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.